‘സിപിഎം സെക്രട്ടറിമാർ അങ്ങനെ ഇടിച്ചുകയറുന്നവരല്ല’; മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണത്തിനിടെ ന്യായീകരിച്ച് മന്ത്രി റിയാസ്
തിരുവനന്തപുരം: വയനാട്ടിലെ ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് നടൻ മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. സിപിഎം ജില്ലാ സെക്രട്ടറിമാർ ഒരിടത്തും ഇടിച്ചുകയറുന്നവരല്ലെന്ന് മന്ത്രി പറഞ്ഞു. ദുരന്തമേഖലയിൽ സജീവമായി പ്രവർത്തിച്ച വ്യക്തി എന്ന നിലയിലാണ് ജില്ലാ സെക്രട്ടറി അവിടെ പോയതെന്നും മന്ത്രി ന്യായീകരിച്ചു.
മമ്മൂട്ടിയുടെ സന്ദർശനം സദുദ്ദേശ്യപരമായിരുന്നു. കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കുന്ന വ്യക്തിയാണ് മമ്മൂട്ടി. മമ്മൂട്ടിക്ക് ആരോടും വിരോധമില്ലെന്നും മന്ത്രി പറഞ്ഞു. ടൗൺഷിപ്പ് സന്ദർശന വേളയിൽ ടി. സിദ്ദിഖ് എംഎൽഎയെ കൂക്കിവിളിച്ച സംഭവം ശരിയായില്ലെന്നും, പ്രാദേശികമായ ചില പ്രശ്‌നങ്ങളാകാം പ്രതിഷേധത്തിന് പിന്നിലെന്നും റിയാസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് വയനാട് പുനരധിവാസത്തിനായി നിർമ്മിക്കുന്ന ടൗൺഷിപ്പ് സന്ദർശിക്കാനെത്തിയ മമ്മൂട്ടി, തന്നെ അനുഗമിച്ച സിപിഎം ജില്ലാ സെക്രട്ടറിയോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടത്. എപ്പോഴും തന്റെ കൂടെ ഇങ്ങനെ നിൽക്കുന്നത് എന്തിനാണെന്നും, നിങ്ങൾക്കു വേണ്ടി വന്നതാണെന്ന് ആളുകൾ വിചാരിക്കുമെന്നും താരം വിമർശിച്ചു.
ഇത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. മമ്മൂട്ടിക്കെതിരെ ഇടത് സൈബർ ഹാൻഡിലുകൾ വൻ സൈബറാക്രമണമാണു നടത്തുന്നത്. അതേസമയം, മമ്മൂട്ടിയുടെ നിലപാടിനെ പിന്തുണച്ച് യുഡിഎഫ് രംഗത്തെത്തി.
സന്ദർശനം തികച്ചും വ്യക്തിപരമായിരിക്കണമെന്ന് മമ്മൂട്ടി ആഗ്രഹിച്ചിരുന്നതായാണ് അദ്ദേഹത്തോടടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ചെന്നൈയിൽ നിന്ന് ടൗൺഷിപ്പ് സന്ദർശിക്കാൻ മാത്രമായാണ് താരം എത്തിയത്. മാധ്യമങ്ങളെ പോലും അറിയിക്കാതെ നടത്തിയ സന്ദർശനത്തിൽ നേതാക്കൾ കൂട്ടമായി എത്തിയതും ജനങ്ങളെ നിയന്ത്രിക്കാൻ ശ്രമിച്ചതുമാണ് മമ്മൂട്ടിയെ ചൊടിപ്പിച്ചത്. ‘ഇതൊരു ജനങ്ങളുടെ ടൗൺഷിപ്പാണ്’ എന്ന മമ്മൂട്ടിയുടെ പരാമർശം യുഡിഎഫ് രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തിട്ടുണ്ട്.