30/03/2026
[fontresizer_tawhidurrahmandear_widget]

‘പ്രത്യാക്രമണം തുടരും; നിർത്താൻ സമയമായിട്ടില്ല’-വെടിനിർത്തൽ സാധ്യതകൾ തള്ളി ഇറാൻ

 ‘പ്രത്യാക്രമണം തുടരും; നിർത്താൻ സമയമായിട്ടില്ല’-വെടിനിർത്തൽ സാധ്യതകൾ തള്ളി ഇറാൻ

അബ്ബാസ് അരാഗ്ചി

തെഹ്റാന്‍: പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാനായുള്ള അന്താരാഷ്ട്ര തലത്തിലുള്ള വെടിനിർത്തൽ ആഹ്വാനങ്ങൾ പൂർണമായും തള്ളി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. തങ്ങളുടെ ജനതയുടെ സുരക്ഷയ്ക്കായി പോരാട്ടം തുടരേണ്ടത് അനിവാര്യമാണെന്ന് എൻബിസി ന്യൂസിന്റെ ‘മീറ്റ് ദ പ്രസ്’ പരിപാടിയിൽ അദ്ദേഹം വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തിൽ വെടിനിർത്തൽ എന്ന ആലോചനയേ ഇല്ലെന്ന് അരാഗ്ചി പറഞ്ഞു. “ഞങ്ങൾ വെടിനിർത്തലിന് അപേക്ഷിച്ചിട്ടില്ല. ചർച്ചകൾക്ക് താല്പര്യവുമില്ല. യുദ്ധം നിർത്താൻ സമയം ആയിട്ടില്ല. ഇത് ഞങ്ങളുടെ ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമാണ്”, അദ്ദേഹം വ്യക്തമാക്കി.

​അമേരിക്കയും ഇസ്രയേലും ചേർന്ന് തങ്ങളുടെ ജനങ്ങളെയും വിദ്യാർത്ഥിനികളെയും കൊന്നൊടുക്കുകയാണ്. ആശുപത്രികൾ ആക്രമിക്കുകയാണ്. കഴിഞ്ഞ വർഷത്തെ 12 ദിവസത്തെ യുദ്ധം അവസാനിപ്പിക്കാൻ ഉണ്ടാക്കിയ വെടിനിർത്തൽ കരാർ അമേരിക്കയും ഇസ്രയേലും നേരത്തെ തന്നെ ലംഘിച്ചു. ഈ സാഹചര്യത്തിൽ വീണ്ടുമൊരു വെടിനിർത്തലിന് പ്രസക്തിയില്ലെന്നും യുദ്ധത്തിന് ശാശ്വതമായ അന്ത്യമാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

​അമേരിക്കൻ സൈനിക താവളങ്ങളുടെയും യുദ്ധക്കപ്പലുകളുടെയും സ്ഥാനം കണ്ടെത്താൻ റഷ്യ ഇറാന് രഹസ്യാന്വേഷണ വിവരങ്ങൾ നൽകുന്നുണ്ടെന്ന റിപ്പോർട്ടുകളോട് അരാഗ്ചി പ്രതികരിച്ചു. റഷ്യയുമായുള്ള സഹകരണം രഹസ്യമല്ലെന്നും പല മേഖലകളിലും അവർ ഇറാനെ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം സമ്മതിച്ചു. എന്നാൽ രഹസ്യാന്വേഷണ വിവരങ്ങൾ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: