പുതിയ വീഡിയോയും പാളി!? നെതന്യാഹുവിന്റെ കോഫി ഷോപ്പ് പോസ്റ്റ് ‘ഡീപ്ഫേക്കെ’ന്ന് ഗ്രോക്ക്; വീണ്ടും അഭ്യൂഹങ്ങൾ
തെൽ അവീവ്: വെളുക്കാൻ തേച്ചത് പാണ്ടായി എന്ന അവസ്ഥയിലാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. താൻ സുരക്ഷിതനാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ എക്‌സ് ഹാൻഡിലിൽ പുറത്തുവിട്ട രണ്ടാമത്തെ വീഡിയോയും വൻ വിവാദമായിരിക്കുകയാണ്. ജെറുസലേമിലെ ഒരു കഫേയിൽനിന്ന് കോഫി കുടിക്കുന്ന നെതന്യാഹുവിന്റെ വീഡിയോയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമിച്ചതാണെന്ന ആരോപണങ്ങളാണു ശക്തമാകുന്നത്. ഇതു ശരിവച്ചുകൊണ്ട്, വീഡിയോ ‘ഡീപ് ഫേക്ക്’ ആണെന്ന് എലോൺ മസ്‌കിന്റെ എഐ പ്ലാറ്റ്ഫോമായ ‘ഗ്രോക്ക്’ സ്ഥിരീകരിച്ചതോടെ അഭ്യൂഹങ്ങൾ വീണ്ടും ശക്തമായിയിരിക്കുകയാണ്.
നെതന്യാഹു മരിച്ചെന്ന വാർത്തകൾ തള്ളാൻ പങ്കുവെച്ച 60 സെക്കൻഡ് വീഡിയോ വിശകലനം ചെയ്ത ഗ്രോക്ക്, ഇത് 100 ശതമാനവും ഡീപ് ഫേക്ക് ആണെന്നാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. വീഡിയോയിലെ പ്രകാശവിന്യാസത്തിലും നെതന്യാഹുവിന്റെ ചലനങ്ങളിലും അസ്വാഭാവികതയുണ്ടെന്ന് ഗ്രോക്ക് ചൂണ്ടിക്കാട്ടി. ഇതോടെ, ഇസ്രയേൽ ഭരണകൂടം എഐ ഉപയോഗിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന ആരോപണം സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ പടർന്നു.
മുൻപത്തെ വീഡിയോകളിൽ ആറ് വിരലുകൾ കണ്ടത് എഐ പിഴവാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടിയിരുന്നു. പുതിയ വീഡിയോയിൽ തന്റെ അഞ്ച് വിരലുകൾ എണ്ണി കാണിച്ച് നെതന്യാഹു പരിഹസിച്ചെങ്കിലും, വീഡിയോയുടെ ഒരു പ്രത്യേക ഫ്രെയിമിൽ വീണ്ടും വിരലുകളുടെ എണ്ണത്തിൽ മാറ്റം വരുന്നതായി സോഷ്യൽ മീഡിയ ഉപയോക്താക്കൾ കണ്ടെത്തി. നെതന്യാഹു നേരിട്ട് കഫേയിൽ എത്തിയതാണെന്നും അവിടുത്തെ ജീവനക്കാർക്കൊപ്പം അദ്ദേഹം ചിത്രങ്ങൾ എടുത്തിട്ടുണ്ടെന്നും കഫേ ഉടമകൾ അവകാശപ്പെട്ടു. എന്നാൽ, ഈ ചിത്രങ്ങളും എഡിറ്റ് ചെയ്തതാണോ എന്ന സംശയത്തിലാണ് സോഷ്യൽ മീഡിയ.
ഇതോടൊപ്പം വീഡിയോയിലെ മറ്റ് അസ്വാഭാവികതകളും ആളുകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. കോഫി നിറഞ്ഞുതുളുമ്പുന്ന പേപ്പർ ഗ്ലാസ് തന്നെയാണ് അക്കൂട്ടത്തിൽ പ്രധാന അബദ്ധമായി ചൂണ്ടിക്കാട്ടുന്നത്. കോഫി എത്ര കുടിച്ചിട്ടും വീഡിയോയിലുള്ള ഗ്ലാസിലെ തോത് കുറയുന്നില്ല. ഇതോടോപ്പം ഗ്ലാസ് നിറച്ച് കോഫി ഉണ്ടായിട്ടും നെതന്യാഹു അനായാസം രണ്ടു കൈകളിലും മാറ്റിമാറ്റി പിടിക്കുന്നുണ്ട്. ഗ്ലാസ് ചരിച്ചുപിടിച്ചിട്ടു പോലും ഒരിറ്റ് പുറത്തേക്ക് പോകുന്നത് കാണാനാകുന്നില്ല. ഷോപ്പിലെ സെയിൽസ്മാൻ സെക്ഷനിൽ ഒരു ഉപഭോക്താവ് നിൽക്കുന്നതും അബദ്ധമായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.
ഇതെല്ലാമായതോടെയാണ് മരണ അഭ്യൂഹങ്ങൾ വീണ്ടും ശക്തമായിരിക്കുന്നത്. എന്നാൽ, ഗ്രോക്കിന്റെ കണ്ടെത്തൽ തെറ്റാണെന്നും മസ്‌കിന്റെ എഐ പ്ലാറ്റ്ഫോം ഗൂഢാലോചനകൾക്ക് വളം വെക്കുകയാണെന്നും നെതന്യാഹു അനുകൂലികൾ വാദിക്കുന്നു.
ഇറാൻ ആക്രമണത്തിന് ശേഷം നെതന്യാഹു കൃത്യമായ ഇടവേളകളിൽ പൊതുവേദികളിൽ പ്രത്യക്ഷപ്പെടാത്തതാണ് ഇത്തരം അഭ്യൂഹങ്ങൾ പ്രചരിക്കാൻ പ്രധാന കാരണം. വീഡിയോകൾ ഓരോന്നും പുറത്തുവരുമ്പോഴും അവ കൂടുതൽ സംശയങ്ങൾക്ക് ഇടനൽകുന്നത് ഇസ്രയേൽ ഭരണകൂടത്തിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.