ടി.കെ ഗോവിന്ദനെ പുറത്താക്കി സിപിഎം: ‘ആന്തൂരിലെ കഥകൾ പറയിപ്പിക്കരുത്’; പാര്‍ട്ടി നാണംകെടുമെന്ന് ഗോവിന്ദൻ
കണ്ണൂർ: തളിപ്പറമ്പിലെ സ്ഥാനാർഥിത്വത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്കൊടുവിൽ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം ടി.കെ ഗോവിന്ദനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഗോവിന്ദന്റേത് രാഷ്ട്രീയ വഞ്ചനയാണെന്നും പാർട്ടിക്കെതിരെ മത്സരിക്കുന്നത് കടുത്ത സംഘടനാവിരുദ്ധ പ്രവർത്തനമാണെന്നും ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. പാർലമെന്ററി വ്യാമോഹമാണ് ഗോവിന്ദനെ പാർട്ടിക്കെതിരെ തിരിക്കാൻ പ്രേരിപ്പിച്ചതെന്നും നേതൃത്വം കുറ്റപ്പെടുത്തി.
എന്നാൽ, പാർട്ടിയുടെ നടപടിയെ പരിഹസിച്ചുകൊണ്ട് ടി.കെ ഗോവിന്ദൻ രംഗത്തെത്തി. “ആന്തൂരിലെ കഥകൾ എന്നെക്കൊണ്ട് വിളിച്ച് പറയിപ്പിക്കരുത്, പറഞ്ഞാൽ പാർട്ടി നാണംകെടും” എന്നായിരുന്നു അദ്ദേഹത്തിന്റെ താക്കീത്. സത്യം തെളിയുന്ന ദിവസം പാർട്ടി പ്രതിക്കൂട്ടിലാകുമെന്നും കെ.കെ രാഗേഷിന് ജനങ്ങളെ പറ്റിക്കാമെങ്കിലും തന്നെ പറ്റിക്കാനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് പാർലമെന്ററി വ്യാമോഹമാണെന്ന് പറയുന്ന എം.വി ഗോവിന്ദന് അത്തരം വ്യാമോഹങ്ങളില്ലേ എന്നും അദ്ദേഹം തിരിച്ചടിച്ചു.
ആന്തൂർ നഗരസഭയിൽ പാർഥാസ് കൺവൻഷൻ സെന്റർ ഉടമ സാജൻ 2019-ൽ ജീവനൊടുക്കിയ സംഭവത്തെ മുൻനിർത്തിയാണ് പാർട്ടിക്കുള്ളിൽ വാക്പോര് മുറുകുന്നത്. അന്ന് നഗരസഭാധ്യക്ഷയായിരുന്ന പി.കെ ശ്യാമളയുടെ ഇടപെടലുകളാണ് കെട്ടിടത്തിന് അനുമതി നിഷേധിക്കാൻ കാരണമായതെന്ന ആരോപണം ഗോവിന്ദൻ ആവർത്തിച്ചു. എന്നാൽ ഈ ആരോപണം പച്ചനുണയാണെന്നും സാജന്റെ കെട്ടിടത്തിന് ഇപ്പോഴും പെർമിറ്റില്ലെന്നും എം.വി ജയരാജൻ വ്യക്തമാക്കി.
പി.കെ ശ്യാമളയെ സ്ഥാനാർഥിയാക്കിയത് അവരുടെ 40 വർഷത്തെ സേവനം കണക്കിലെടുത്താണെന്നും ബന്ധുത്വം നോക്കിയല്ലെന്നും പാർട്ടി വിശദീകരിച്ചു. സണ്ണി ജോസഫിനായി ഗോവിന്ദൻ വിടുപണി ചെയ്യുകയാണെന്നും ജില്ലാ നേതൃത്വം ആരോപിച്ചു.