‘സുരേന്ദ്രനെ പോലുള്ളവർ നിയമസഭയിലുണ്ടായിരുന്നെങ്കിൽ ശബരിമലയിലെ സ്വർണം മോഷ്‌ടിക്കപ്പെടില്ലായിരുന്നു’- സുരേഷ് ഗോപി
കാസർകോട്: കെ. സുരേന്ദ്രനെപ്പോലുള്ള കരുത്തുറ്റ ബി.ജെ.പി നേതാക്കൾ നിയമസഭയിൽ ഉണ്ടായിരുന്നുവെങ്കിൽ ശബരിമലയിലെ സ്വർണം മോഷ്‌ടിക്കപ്പെടില്ലായിരുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കാസർകോട് നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി കെ. സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സംഘടിപ്പിച്ച ചുമരെഴുത്ത് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ഏത് മതവിഭാഗത്തിലാണെങ്കിലും സ്വന്തം വിശ്വാസം പിന്തുടരാനുള്ള അവകാശം ജനാധിപത്യത്തിൽ പ്രധാനമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇന്നലെ രാവിലെ കുമ്പള കണിപുര ഗോപാലകൃഷ്ണ ക്ഷേത്രപരിസരത്ത് സ്ഥാനാർത്ഥിക്കായി ചുമരെഴുതിക്കൊണ്ടാണ് സുരേഷ് ഗോപി പ്രചാരണത്തിന് തുടക്കം കുറിച്ചത്. തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുമ്പോൾ വിശ്വാസസംരക്ഷണത്തിനായുള്ള പോരാട്ടങ്ങൾ കൂടി വോട്ടർമാർ പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രചാരണത്തിനിടെ പ്രവർത്തകർ മുഴക്കിയ ‘ലക്ഷം ലക്ഷം പിന്നാലെ’ എന്ന മുദ്രാവാക്യത്തെ ‘കോടി കോടികൾ പിന്നാലെ’ എന്ന് മന്ത്രി തിരുത്തിയത് പ്രവർത്തകരിൽ വലിയ ആവേശമുണ്ടാക്കി.
പരിപാടിയുടെ ഭാഗമായി കണിപുര ഗോപാലകൃഷ്ണ ക്ഷേത്രത്തിലും കാസർകോട് കസബ കടപ്പുറം കൂറുംബ ഭഗവതി ക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തി. ബി.ജെ.പി സ്ഥാനാർഥി കെ. സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ് എം.എൽ അശ്വിനി, മുതിർന്ന നേതാക്കളായ വിജയ റൈ, കെ. ശ്രീകാന്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.