വെള്ളാപ്പള്ളി നടേശന് ആശ്വാസം; എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിക്കൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ
കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. വെള്ളാപ്പള്ളിക്കൊപ്പം പ്രസിഡന്റ് ഡോ. എം.എൻ സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയ്ക്കണ്ടി സന്തോഷ് എന്നിവർക്ക് ഏർപ്പെടുത്തിയ അയോഗ്യതയ്ക്കും സ്റ്റേ അനുവദിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്.
കമ്പനി നിയമത്തിലെ 164 (2) വകുപ്പ് പ്രകാരം, തുടർച്ചയായി മൂന്ന് വർഷം വാർഷിക റിട്ടേണുകളോ സാമ്പത്തിക സ്റ്റേറ്റ്‌മെന്റുകളോ ഫയൽ ചെയ്തില്ലെങ്കിൽ ഡയറക്ടർമാർക്ക് അയോഗ്യത കൽപ്പിക്കാമെന്നായിരുന്നു മാർച്ച് 12-ലെ സിംഗിൾ ബെഞ്ച് ഉത്തരവ്. എന്നാൽ ഈ ഉത്തരവ് നിയമവിരുദ്ധവും അധികാരപരിധി മറികടന്നുള്ളതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വെള്ളാപ്പള്ളിയും സംഘവും അപ്പീൽ നൽകിയത്.
അപ്പീലിൽ സ്റ്റേ അനുവദിച്ചെങ്കിലും ഗൗരവകരമായ നിരീക്ഷണങ്ങളാണ് കോടതി നടത്തിയത്. മൂന്ന് വർഷത്തെ റിട്ടേൺ നൽകിയില്ലെങ്കിൽ അയോഗ്യത സ്വാഭാവികമല്ലേയെന്ന് കോടതി ആരാഞ്ഞു. അയോഗ്യത നിലനിൽക്കെ എടുത്ത തീരുമാനങ്ങൾക്ക് എങ്ങനെ നിയമസാധുതയുണ്ടാകുമെന്നും ഡിവിഷൻ ബെഞ്ച് ചോദിച്ചു. എസ്എൻഡിപി യോഗത്തിന്റെ ജനറൽ ബോഡി കഴിഞ്ഞ ഏഴ് വർഷമായി വിളിച്ചുചേർത്തിട്ടില്ലെന്നും ഇത്തരത്തിൽ ഇനി മുന്നോട്ട് പോകാനാകില്ലെന്നും കോടതി ഓർമിപ്പിച്ചു.
പ്രൊഫ. എം.കെ സാനു ഉൾപ്പെടെയുള്ളവർ നൽകിയ ഹരജിയിലായിരുന്നു നേരത്തെ സിംഗിൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. 2006 മുതൽ 2017 വരെയുള്ള റിട്ടേണുകൾ കൃത്യസമയത്ത് സമർപ്പിച്ചില്ലെന്നതായിരുന്നു ഇവർ ഉന്നയിച്ച പ്രധാന പരാതി. കേസിൽ എതിർകക്ഷികൾക്ക് നോട്ടീസ് അയച്ച കോടതി, അന്തിമ വാദത്തിനായി അപ്പീൽ ജൂൺ മാസത്തിലേക്ക് മാറ്റി.