സ്കൂൾ സമയത്ത് ഈ സ്വാമിമാർ ഇറങ്ങി നടന്നാൽ പിള്ളാര് പേടിച്ച് പോകില്ലേ?- വി ശിവൻകുട്ടി
തിരുവനന്തപുരം: നേമത്തെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അഘോരി സ്വാമിമാർ എത്തിയതിനെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി. സ്കൂൾ സമയത്ത് ഇത്തരം സ്വാമിമാർ തെരുവിലിറങ്ങി നടന്നാൽ കുട്ടികൾ ഭയപ്പെടുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൻ്റെ സാമൂഹിക സാഹചര്യം കണക്കിലെടുത്താണോ ബിജെപി സ്ഥാനാർഥി ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.
“മണ്ഡലത്തിൽ 23 സ്കൂളുകളുണ്ട്. എല്ലാത്തിനും ഒരു പരിധിയും പരിമിതിയുമില്ലേ? ഈ ടൈപ്പ് സ്വാമിമാർക്ക് ഇവിടെ വോട്ടുണ്ടെന്ന് തോന്നുന്നില്ല. യുപിയിലൊക്കെയാണ് ഇത്തരം കാര്യങ്ങൾ കൂടുതൽ നടക്കുന്നത്,” മന്ത്രി വ്യക്തമാക്കി. ഇത് ഹിന്ദുക്കൾക്കെതിരായ പരാമർശമല്ലെന്നും ഒരു പ്രത്യേക വിശ്വാസ രീതിയെ കുറിച്ചുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, രാജീവ് ചന്ദ്രശേഖറിൻ്റെ നാമനിർദേശ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് മന്ത്രി അറിയിച്ചു. കമ്മീഷൻ നടപടിയെടുക്കാത്ത പക്ഷം കോടതിയെ സമീപിക്കാനാണ് തീരുമാനം. രാജീവ് ചന്ദ്രശേഖരന് അനുകൂലമായ നിലപാടാണ് സിപിഎം സ്വീകരിക്കുന്നതെന്ന കെ.എസ് ശബരീനാഥിൻ്റെ ആരോപണം ബാലിശമാണെന്നും അദ്ദേഹം പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് നെടുങ്കാട് ഭവന സന്ദർശനത്തിനിടെ രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാൻ അഘോരി സന്യാസിമാർ എത്തിയത്. കാശിയിൽ തപസ്സിലായിരുന്ന തങ്ങളെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് അയച്ചതെന്നായിരുന്നു ഒപ്പമുണ്ടായിരുന്ന സന്യാസിമാരുടെ അവകാശവാദം. കേരളത്തിലെ ബിജെപി സ്ഥാനാർഥികളെ അനുഗ്രഹിക്കാനാണ് തങ്ങൾ എത്തിയതെന്നും അവർ വ്യക്തമാക്കിയിരുന്നു.