17/06/2026
[fontresizer_tawhidurrahmandear_widget]

സാദിഖലി തങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപം; പോസ്റ്റിട്ടത് കാപ്പാ കേസ് പ്രതി; 15 കോടി ആവശ്യപ്പെട്ട് ബ്ലാക്ക്‌മെയിലിങ്

 സാദിഖലി തങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപം; പോസ്റ്റിട്ടത് കാപ്പാ കേസ് പ്രതി; 15 കോടി ആവശ്യപ്പെട്ട് ബ്ലാക്ക്‌മെയിലിങ്

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപ പ്രചാരണം നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞു. മലപ്പുറം മക്കരപ്പറമ്പ് സ്വദേശിയും കാപ്പ കേസ് പ്രതിയുമായ മുഹമ്മദ് റോഷനാണ് പോസ്റ്റിട്ടതെന്ന് പോലീസ് അറിയിച്ചു. വ്യാജ പ്രചാരണത്തിലൂടെ ബ്ലാക്ക്മെയിലിങ് നടത്തി 15 കോടി രൂപ തട്ടിയെടുക്കാനായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നാണ് പോലീസ് പറയുന്നത്.

അതീവ ഗുരുതരമായ ആരോപണങ്ങളാണ് പ്രതിക്കെതിരെ ഉയരുന്നത്. സാദിഖലി തങ്ങളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും, ഇത് നിർത്തലാക്കാൻ വൻതുക ആവശ്യപ്പെടുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. 15 കോടി രൂപയാണ് പ്രതി ആവശ്യപ്പെട്ടതെന്നാണ് വിവരം. ഈ പണം ലഭിക്കാത്തതിനെത്തുടർന്നാണ് വ്യാജ ഐഡികൾ ഉപയോഗിച്ച് കൂടുതൽ അധിക്ഷേപങ്ങൾ ചൊരിഞ്ഞതെന്നാണ് പോലീസ് നിഗമനം.

ജനുവരി 31നാണ് പ്രതി പണം ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയതെന്ന് പെരിന്തൽമണ്ണ പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നു. പാണക്കാട് മുഈനലി ശിഹാബ് തങ്ങളെ ചില അവ്യക്തമായ ചില ദൃശ്യങ്ങളും ഫോട്ടോകളും കാണിച്ച് പ്രതി ഭീഷണിപ്പെടുത്തുകയും 15 കോടി രൂപ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. ഇത് നൽകാൻ തയ്യാറാകാത്തതിനെ തുടർന്ന് വ്യാജ ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ ആരോപണം ഉന്നയിക്കുകയായിരുന്നെന്നാണ് എഫ്ഐആറിൽ പറയുന്നത്.

ക്രിമിനൽ പശ്ചാത്തലമുള്ള മുഹമ്മദ് റോഷൻ നിലവിൽ ഒളിവിലാണുള്ളത്. വിദേശത്ത് ഇരുന്നാണ് തങ്ങളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഇയാൾ അതീവ ഗുരുതരമായ പ്രചാരണങ്ങൾ നടത്തിയതെന്നും സംശയമുണ്ട്. വി.പി.എൻ ഉപയോഗിച്ച് തായ്വാനിൽനിന്ന് ലോഗിൻ ചെയ്താണ് പോസ്റ്റിട്ടതെന്നാണു വിവരം. അധിക്ഷേപം നടത്താൻ വേണ്ടി മാത്രം മൂന്ന് ദിവസം മുൻപ് നിർമിച്ച വ്യാജ പ്രൊഫൈലിലൂടെയാണ് കള്ളക്കഥകൾ പ്രചരിപ്പിച്ചത്. തങ്ങൾക്കെതിരെ തെറ്റായ ധാരണ പരത്താൻ എഐ എഡിറ്റഡ് ചിത്രങ്ങളും ഉപയോഗിച്ചിട്ടുണ്ട്.

മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മലപ്പുറം സൈബർ ക്രൈം പോലീസ് കേസെടുത്തിട്ടുണ്ട്. ഒളിവിലുള്ള പ്രതിയെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. അപകീർത്തിപ്പെടുത്തൽ, വ്യാജരേഖ ചമയ്ക്കൽ, ഐടി ആക്ട്, ബ്ലാക്ക്മെയിലിങ് ശ്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Also read: