ഇന്ധനവില വര്‍ധിപ്പിച്ച് നയാര; പെട്രോളിന് ലിറ്ററിന് 5 രൂപയും ഡീസലിന് 3 രൂപയും കൂട്ടി
ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ സ്വകാര്യ ഇന്ധന റീട്ടെയിലറായ നയാര എനർജി പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 5 രൂപയും ഡീസലിന് 3 രൂപയുമാണ് വർധിപ്പിച്ചത്. മിഡിൽ ഈസ്റ്റിലെ യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയർന്ന പശ്ചാത്തലത്തിലാണ് നടപടി.
പ്രാദേശിക നികുതികളിലെ (വാറ്റ്) വ്യത്യാസമനുസരിച്ച് വിവിധ സംസ്ഥാനങ്ങളിൽ വിലവർധനവിൽ മാറ്റമുണ്ടാകും. ചിലയിടങ്ങളിൽ പെട്രോൾ വിലയിൽ ലിറ്ററിന് 5.30 രൂപ വരെ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി അവസാനം ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സൈനിക നീക്കം ആരംഭിച്ചതോടെ ആഗോള എണ്ണവിലയിൽ ഏകദേശം 50 ശതമാനത്തോളം വർധനവാണുണ്ടായത്. എന്നാൽ, പൊതുമേഖലാ എണ്ണക്കമ്പനികൾ വില വർധിപ്പിക്കാത്തതിനാൽ സ്വകാര്യ കമ്പനികൾ കനത്ത നഷ്ടത്തിലായിരുന്നു. ഈ ഇൻപുട്ട് ചെലവിലെ വർധനവ് ഭാഗികമായി ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് നയാരയുടെ തീരുമാനം.
നിലവിൽ രാജ്യത്തെ പെട്രോൾ പമ്പുകളിൽ ഭൂരിഭാഗവും നിയന്ത്രിക്കുന്ന ഇന്ത്യൻ ഓയിൽ, ബിപിസിഎൽ, എച്ച്പിസിഎൽ എന്നീ സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾ സാധാരണ പെട്രോൾ, ഡീസൽ വിലകളിൽ മാറ്റം വരുത്തിയിട്ടില്ല. റിലയൻസ്-ബിപി സംയുക്ത സംരംഭമായ ജിയോ-ബിപിയും നിലവിൽ വില വർധിപ്പിച്ചിട്ടില്ലെങ്കിലും നഷ്ടം നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞയാഴ്ച പ്രീമിയം പെട്രോളിന് ലിറ്ററിന് 2 രൂപയും വ്യാവസായിക ആവശ്യങ്ങൾക്കുള്ള ബൾക്ക് ഡീസലിന് ലിറ്ററിന് 22 രൂപയും പൊതുമേഖലാ കമ്പനികൾ വർധിപ്പിച്ചിരുന്നു. ഇറാൻ സംഘർഷം മൂലം ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടത് ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെയും സാരമായി ബാധിച്ചിട്ടുണ്ട്.