27/03/2026
[fontresizer_tawhidurrahmandear_widget]

‘ട്രംപ് ആക്രമിച്ചാൽ ഗ്രീൻലാൻഡ് റൺവേകൾ തകർക്കാൻ ഡെന്മാർക്ക് പദ്ധതിയിട്ടിരുന്നു’; റിപ്പോർട്‌ പുറത്ത്‌

 ‘ട്രംപ് ആക്രമിച്ചാൽ ഗ്രീൻലാൻഡ് റൺവേകൾ തകർക്കാൻ ഡെന്മാർക്ക്    പദ്ധതിയിട്ടിരുന്നു’; റിപ്പോർട്‌ പുറത്ത്‌

കോപ്പൻഹേഗൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ സൈനിക നീക്കം നടത്തിയേക്കുമെന്ന ഭയത്താൽ, തങ്ങളുടെ വിമാനത്താവള റൺവേകൾ ബോംബിട്ട് തകർക്കാൻ ഡെന്മാർക്ക് രഹസ്യ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്‌. ഡാനിഷ് പൊതുപ്രക്ഷേപകരായ ഡിആർ (DR) ആണ് അന്താരാഷ്ട്ര തലത്തിൽ ചർച്ചയായ വെളിപ്പെടുത്തൽ നടത്തിയത്.

ജനുവരിയിൽ ഗ്രീൻലാൻഡിലേക്ക് തിരിച്ച ഡാനിഷ് സൈനികർക്ക്, യുഎസ് വിമാനങ്ങൾ ഇറങ്ങുന്നത് തടയാൻ പ്രധാന റൺവേകൾ തകർക്കാനുള്ള നിർദ്ദേശം നൽകിയിരുന്നു. വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് സേന പിടികൂടിയതിന് പിന്നാലെയാണ് ഡെന്മാർക്ക് ഈ മുൻകരുതൽ എടുത്തത്. ഗ്രീൻലാൻഡ് തന്ത്രപ്രധാനമായ സ്ഥലമാണെന്നും അത് അമേരിക്കയ്ക്ക് വേണമെന്നുമുള്ള ട്രംപിന്റെ ആവർത്തിച്ചുള്ള പ്രസ്താവനകൾ നാറ്റോ സഖ്യകക്ഷികൾക്കിടയിൽ വലിയ ഭിന്നതയുണ്ടാക്കി.

ഫ്രാൻസ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയോടെ ‘ഓപ്പറേഷൻ ആർട്ടിക് എൻഡുറൻസ്’ എന്ന പേരിൽ സംയുക്ത സൈനികാഭ്യാസവും ഡെന്മാർക്ക് സംഘടിപ്പിച്ചു. പരിക്കേൽക്കുന്ന സൈനികർക്കായി രക്തശേഖരം വരെ ഗ്രീൻലാൻഡിൽ എത്തിച്ചിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ, ജനുവരി അവസാനം ദാവോസിൽ നടന്ന സാമ്പത്തിക ഫോറത്തിൽ, ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ ബലപ്രയോഗം നടത്തില്ലെന്ന് ട്രംപ് വ്യക്തമാക്കിയതോടെയാണ് നിലവിൽ യുദ്ധഭീതി ഒഴിഞ്ഞത്. വിഷയം ചർച്ചകളിലൂടെ പരിഹരിക്കാനാണ് ഇപ്പോൾ ഇരുരാജ്യങ്ങളും ശ്രമിക്കുന്നത്.

Also read: