ഹോർമുസ് കടലിടുക്കല്ല, ഇത് ‘ട്രംപ് കടലിടുക്ക്’! പ്രസംഗത്തിനിടെ പേര് മാറ്റി വിളിച്ച് ഡൊണാൾഡ് ട്രംപ്; അബദ്ധമല്ലെന്ന് വിശദീകരണം
വാഷിങ്ടൺ: ലോകത്തെ എണ്ണവ്യാപാരത്തിന്റെ ജീവനനാഡിയായ ഹോർമുസ് കടലിടുക്കിനെ ‘ട്രംപ് കടലിടുക്ക്’ എന്ന് വിശേഷിപ്പിച്ച് ഡൊണാൾഡ് ട്രംപ്. മയാമിയിൽ നടന്ന നിക്ഷേപക സംഗമത്തിൽ സംസാരിക്കവെയാണ് ഇറാൻ യുദ്ധത്തിലെ നിർണായകമായ ഈ ജലപാതയെക്കുറിച്ച് ട്രംപ് വിചിത്ര പരാമർശം നടത്തിയത്.
‘ഇറാൻ ട്രംപ് കടലിടുക്ക് തുറന്നുകൊടുക്കണം. സോറി, ഞാൻ ഉദ്ദേശിച്ചത് ഹോർമുസ് എന്നാണ്,’ എന്നായിരുന്നു ട്രംപിന്റെ പരാമർശം. ഇതു സദസിൽ വലിയ ചിരി പടർത്തി. എന്നാൽ, തൊട്ടുപിന്നാലെ ഇത് അബദ്ധത്തിൽ സംഭവിച്ചതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ”ക്ഷമിക്കണം, വലിയൊരു തെറ്റാണ് സംഭവിച്ചത്. ‘അദ്ദേഹത്തിന് അബദ്ധം പറ്റി’ എന്ന് വ്യാജ വാർത്തകൾ നാളെ റിപ്പോർട്ട് ചെയ്യും. എന്നാൽ, എന്നെ സംബന്ധിച്ച് അബദ്ധങ്ങൾ സംഭവിക്കാറില്ല. അങ്ങനെ സംഭവിക്കാറുണ്ടെങ്കിൽ അതൊരു വലിയ വാർത്തയാകുമായിരുന്നു,” ട്രംപ് വിശദീകരിച്ചു.
ഇറാൻ യുദ്ധം രണ്ടാം മാസത്തിലേക്ക് കടക്കുമ്പോൾ ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഹോർമുസ് കടലിടുക്കിലെ തടസ്സമാണ്. പ്രതിദിനം 20 ദശലക്ഷം ബാരൽ എണ്ണ കടന്നുപോകുന്ന ഈ പാത ഇറാൻ തടഞ്ഞതോടെ ആഗോള ഊർജ വിപണിയിലും എണ്ണവിലയിലും വലിയ ആഘാതമാണ് ഉണ്ടായിരിക്കുന്നത്. ഇറാന്റെ സൈനികശേഷി അമേരിക്ക തകർത്തുവെന്ന് അവകാശപ്പെടുമ്പോഴും, ഈ പാതയിൽ നിയന്ത്രണം നിലനിർത്താൻ ഇറാന് സാധിക്കുന്നത് അമേരിക്കയെ സമ്മർദത്തിലാക്കുന്നുണ്ട്.
അമേരിക്കൻ സൈന്യം ഇറാനെ ‘തുടച്ചുനീക്കി’ എന്ന് അവകാശപ്പെടുമ്പോഴും ഹോർമുസ് പാത തുറക്കുന്ന കാര്യത്തിൽ ട്രംപ് ഭരണകൂടം വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ഹോർമുസ് തുറക്കാൻ നാറ്റോ സഖ്യകക്ഷികൾ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളോടും ചൈനയോടുമെല്ലാം ട്രംപ് അഭ്യർഥിച്ചിരുന്നു. എന്നാൽ, ആരും ഇതുവരെ നേരിട്ട് യുദ്ധമുഖത്തേക്ക് ഇറങ്ങിയിട്ടില്ല. അതിനിടെ, ശത്രുക്കൾക്കു മുന്നിൽ മാത്രമാണ് കടലിടുക്ക് അടഞ്ഞുകിടയ്ക്കുന്നതെന്നും ബാക്കി രാജ്യങ്ങൾക്ക് ഇതിലൂടെ കടന്നുപോകാൻ നിയന്ത്രണങ്ങളില്ലെന്നും ഇറാൻ വിശദീകരിച്ചിട്ടുണ്ട്.