‘ഷായുടെ മുൻകാല പ്രവൃത്തികൾകാണ് കുറ്റപത്രം വേണ്ടത്’; ആഞ്ഞടിച്ച് മമത ബാനർജി
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി മമത ബാനർജി. തൃണമൂൽ കോൺഗ്രസ് സർക്കാരിനെതിരെ അമിത് ഷാ രാഷ്ട്രീയ കുറ്റപത്രം പുറത്തിറക്കിയതിന് മറുപടിയായാണ്, ഷായുടെ മുൻകാല പ്രവൃത്തികൾക്കാണ് യഥാർത്ഥത്തിൽ കുറ്റപത്രം സമർപ്പിക്കേണ്ടതെന്ന് മമത തിരിച്ചടിച്ചത്.
പുരുലിയയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ ബിജെപിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. ബിജെപി അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ സ്ത്രീകൾക്കായി നടപ്പിലാക്കുന്ന ‘ലക്ഷ്മി ഭണ്ഡാർ’ പദ്ധതി നിർത്തലാക്കുമെന്നും ജനങ്ങളുടെ ഭക്ഷണസ്വാതന്ത്ര്യത്തിന് മേൽ നിയന്ത്രണങ്ങൾ വരുത്തുമെന്നും മമത ആരോപിച്ചു. ബിജെപി ഭരണത്തിൽ ജനങ്ങൾക്ക് മത്സ്യം, മാംസം, മുട്ട എന്നിവ കഴിക്കാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിന് മുന്നോടിയായി 1.2 കോടി വോട്ടർമാരുടെ പേരുകൾ ഒഴിവാക്കിയതായും മുർഷിദാബാദിലെ രാമനവമി അക്രമത്തിന് പിന്നിൽ രാഷ്ട്രീയ പ്രകോപനമാണെന്നും മമത ആരോപിച്ചു.
നേരത്തെ, കൊൽക്കത്തയിൽ നടന്ന പത്രസമ്മേളനത്തിൽ മമത ബാനർജിക്കെതിരെ അമിത് ഷാ രൂക്ഷമായ ആക്രമണം നടത്തിയിരുന്നു. മമതയുടേത് ഇര കാർഡ് രാഷ്ട്രീയമാണെന്നും നുഴഞ്ഞുകയറ്റക്കാർക്കായി അതിർത്തി വേലി നിർമിക്കാൻ സ്ഥലം വിട്ടുനൽകുന്നില്ലെന്നും ഷാ കുറ്റപ്പെടുത്തി. ബംഗാളിനെ ക്രിമിനൽ സിൻഡിക്കേറ്റുകളുടെ കേന്ദ്രമാക്കി മാറ്റിയെന്നും വ്യാവസായിക വളർച്ച സ്തംഭിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
ബംഗാളിൽ ഏപ്രിൽ 23, 29 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. മെയ് 4-നാണ് വോട്ടെണ്ണൽ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഭയത്തിനും വിശ്വാസത്തിനും ഇടയിലുള്ള പോരാട്ടമാണെന്ന് അമിത് ഷാ വിശേഷിപ്പിച്ചു.