31/03/2026
[fontresizer_tawhidurrahmandear_widget]

‘മയാമിയിൽ സുഖിക്കുന്ന നെതന്യാഹുവിന്റെ മകനെ യുദ്ധമുഖത്തേക്ക് ഇറക്കിവിടണം’; ആവശ്യവുമായി ട്രംപിന്റെ മുൻ ഉപദേഷ്ടാവ് ബാനൻ

 ‘മയാമിയിൽ സുഖിക്കുന്ന നെതന്യാഹുവിന്റെ മകനെ യുദ്ധമുഖത്തേക്ക് ഇറക്കിവിടണം’; ആവശ്യവുമായി ട്രംപിന്റെ മുൻ ഉപദേഷ്ടാവ് ബാനൻ

വാഷിങ്ടണ്‍: പശ്ചിമേഷ്യൻ യുദ്ധം അതിരൂക്ഷമായി തുടരുമ്പോൾ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മകൻ യെയർ നെതന്യാഹുവിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപിന്റെ മുൻ മുഖ്യ ഉപദേഷ്ടാവ് സ്റ്റീവ് ബാനൻ. മയാമിയിൽ സുരക്ഷിതനായി കഴിയുന്ന യെയറിനെ അടിയന്തരമായി നാടുകടത്തി യുദ്ധമുഖത്തേക്ക് അയക്കണമെന്ന് ബാനൻ ആവശ്യപ്പെട്ടു. തന്റെ ‘വാർ റൂം’ പോഡ്‌കാസ്റ്റിലൂടെയായിരുന്നു ബാനന്റെ രൂക്ഷപരാമർശം.

“നെതന്യാഹുവിന്റെ മകൻ മയാമിയിൽ സുഖിച്ചു കഴിയുകയാണ്. നാളെത്തന്നെ അവനെ അവിടെനിന്ന് പുറത്താക്കണം. തിരികെ കൊണ്ടുപോയി പട്ടാള യൂണിഫോം ധരിപ്പിക്കൂ. ഇറാനെതിരെയുള്ള യുദ്ധത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ അവനെയാണ് മുന്നിൽ നിർത്തേണ്ടത്.”-ബാനൻ ആവശ്യപ്പെട്ടു.

യുദ്ധത്തിന് ആഹ്വാനം ചെയ്യുന്ന നേതാക്കളുടെ മക്കൾ സുരക്ഷിത താവളങ്ങളിൽ ഒളിച്ചിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ആഡംബര കാസിനോകളിൽ സമയം കളയുന്ന നേതാക്കളെയും യുദ്ധത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരണമെന്നും ബാനൻ ആവശ്യപ്പെട്ടു.

ഇറാനെതിരെ അമേരിക്ക കരയുദ്ധം ആരംഭിച്ചാൽ പോലും ഇസ്രയേൽ തങ്ങളുടെ സൈന്യത്തെ അയക്കില്ലെന്ന് ഇസ്രയേലിലെ ചാനൽ 12 റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ബാനന്റെ ഈ പ്രതികരണം പുറത്തുവന്നത്. ഇറാനെ ആക്രമിക്കാൻ അമേരിക്കയ്ക്ക് മേൽ ഇസ്രയേൽ ശക്തമായ സമ്മർദ്ദം ചെലുത്തിയിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പോലും സൂചിപ്പിച്ചത്, ഇസ്രയേൽ ഒറ്റയ്ക്ക് ആക്രമണം നടത്താൻ ഒരുങ്ങുന്നത് അമേരിക്കൻ സൈനികരെ അപകടത്തിലാക്കുമെന്നതിനാലാണ് യുഎസ് ഇടപെട്ടതെന്നാണ്. ഈ പശ്ചാത്തലത്തിൽ, അമേരിക്കൻ സൈനികരുടെ ജീവൻ പണയപ്പെടുത്തി ഇസ്രയേൽ കളിക്കുകയാണെന്ന് ബാനൻ ആരോപിക്കുന്നു.

യെയർ നെതന്യാഹുവിനെതിരെയുള്ള വിമർശനം ഇതാദ്യമല്ല. ഗസ്സയിലെ യുദ്ധക്കളത്തിൽ ഇസ്രയേൽ സൈനികർ കൊല്ലപ്പെടുമ്പോൾ പ്രധാനമന്ത്രിയുടെ മകൻ മയാമിയിലെ ലക്ഷ്വറി അപ്പാർട്ട്‌മെന്റിൽ കഴിയുന്നത് നേരത്തെ തന്നെ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ഇസ്രയേലിന്റെ ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയായ ‘ഷിൻ ബെറ്റിന്റെ’ കനത്ത സുരക്ഷയിലാണ് യെയർ വിദേശത്ത് കഴിയുന്നത്. ഇതിനായി പ്രതിവർഷം ഏകദേശം 2.5 മില്യൺ ഇസ്രയേലി ഷെക്കൽസ് (ഏകദേശം 5 കോടിയിലധികം രൂപ) നികുതിപ്പണം ചിലവാക്കുന്നുണ്ടെന്ന് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഒക്ടോബർ 7-ലെ ആക്രമണത്തിന് പിന്നാലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇസ്രയേലി റിസർവ് സൈനികർ യുദ്ധത്തിൽ പങ്കെടുക്കാൻ തിരിച്ചെത്തിയപ്പോഴും, 32-കാരനായ യെയർ മടങ്ങിപ്പോകാൻ തയ്യാറായില്ല. “ഞങ്ങൾ കുടുംബവും ജോലിയും ഉപേക്ഷിച്ച് യുദ്ധത്തിന് വരുമ്പോൾ പ്രധാനമന്ത്രിയുടെ മകൻ മയാമിയിലെ ബീച്ചിൽ ആഘോഷിക്കുകയാണ്” എന്ന് അന്ന് ഇസ്രയേലി സൈനികർ തുറന്നടിച്ചിരുന്നു.

അതേസമയം, ട്രംപിന്റെ 2016-ലെ പ്രചാരണ വേളയിൽ വിദേശ യുദ്ധങ്ങളെയും അമേരിക്കൻ ഇടപെടലുകളെയും ശക്തമായി എതിർത്തിരുന്ന ആളാണ് ബാനൻ. ട്രംപിനെ പിന്തുണയ്ക്കുമ്പോഴും അമേരിക്കൻ നികുതിപ്പണവും സൈനികരുടെ ജീവനും മറ്റു രാജ്യങ്ങൾക്കായി പണയപ്പെടുത്തുന്നതിനെ അദ്ദേഹം എതിർക്കുന്നു. “ഇസ്രയേലികളും അറബികളും യൂറോപ്യന്മാരും നമ്മെ വെച്ചു കളിക്കുകയാണ്. നമ്മൾ അങ്ങോട്ട് സൈന്യത്തെ അയക്കുന്നു. പക്ഷേ പ്രസിഡന്റ് ട്രംപിന് ഓപറേഷൻ വിജയ സാധ്യമാക്കാൻ മറ്റു ബദൽ മാർഗങ്ങൾ ആവശ്യമാണ്,” ബാനൻ പറഞ്ഞു.

​ഇറാൻ ഭരണം അട്ടിമറിക്കണമെങ്കിലും ഇറാനെ ഒരു ഏകീകൃത രാജ്യമായി നിലനിർത്തണമെന്ന ട്രംപിന്റെ ലക്ഷ്യത്തിന് വിരുദ്ധമാണ് ഇസ്രയേലിന്റെ നിലവിലെ ബോംബാക്രമണങ്ങളെന്നും അദ്ദേഹം വിശ്വസിക്കുന്നു. ഇസ്രയേലിനെ അമേരിക്കയുടെ ഒരു ‘സംരക്ഷിത പ്രദേശം’ മാത്രമായാണ് ബാനൻ പലപ്പോഴും വിശേഷിപ്പിക്കാറുള്ളത്. 

Also read: