02/04/2026
[fontresizer_tawhidurrahmandear_widget]

ഇറാന്റെ മിസൈൽ ശേഖരം തീർന്നെന്ന് ട്രംപ്; മിനിറ്റുകൾക്കകം ഹൈഫ പോർട്ടിൽ കനത്ത ആക്രമണം

 ഇറാന്റെ മിസൈൽ ശേഖരം തീർന്നെന്ന് ട്രംപ്; മിനിറ്റുകൾക്കകം ഹൈഫ പോർട്ടിൽ കനത്ത ആക്രമണം

തെല്‍ അവീവ്: പശ്ചിമേഷ്യൻ യുദ്ധം അവസാനിച്ചുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് മിസൈലുകൾ കൊണ്ട് മറുപടി നൽകി ഇറാൻ. ഇറാന്റെ മിസൈൽ ശേഷി പൂർണമായും തകർത്തുവെന്ന് ട്രംപ് അവകാശപ്പെട്ട് മിനിറ്റുകൾക്കകമാണ് ഇസ്രയേലിലെ പ്രധാന വ്യവസായ നഗരമായ ഹൈഫയിൽ ഉഗ്രസ്ഫോടനങ്ങൾ ഉണ്ടായത്. ഇസ്രയേലിലെ തന്നെ ഏറ്റവും വലിയ തുറമുഖം ലക്ഷ്യമിട്ടാണ് വൻ വ്യോമാക്രമണം നടന്നത്. നഗരത്തിലുടനീളം സൈറണുകൾ മുഴങ്ങിയതായും ജനങ്ങൾ പരിഭ്രാന്തരായി ബങ്കറുകളിൽ അഭയം പ്രാപിച്ചതായും ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഹൈഫ തുറമുഖം ലക്ഷ്യമിട്ടെത്തിയ നിരവധി മിസൈലുകൾ ലക്ഷ്യസ്ഥാനത്ത് പതിച്ചതായാണ് വിവരം. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വലിയ തോതിൽ പുക ഉയരുന്നതായും സ്ഫോടന ശബ്ദങ്ങൾ കേൾക്കുന്നതായും ദൃക്സാക്ഷികൾ പറയുന്നു. ഇസ്രയേലിന്റെ അയൺ ഡോം ഉൾപ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങൾ പല മിസൈലുകളെയും തടഞ്ഞുവെങ്കിലും, ചിലത് പ്രതിരോധ നിര ഭേദിച്ച് തുറമുഖത്തിന് സമീപം പതിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇന്ന് രാജ്യത്തെ അഭിസംബോധനം ചെയ്തു നടത്തിയ പ്രസംഗത്തിൽ ഇറാനെ തകർത്തെന്നും, യുദ്ധത്തിൽ അമേരിക്ക വിജയം കണ്ടെന്നും യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇറാന്റെ മിസൈൽ ഫാക്ടറികളും വിക്ഷേപണ കേന്ദ്രങ്ങളും ഇല്ലാതാക്കിയെന്നായിരുന്നു ട്രംപിന്റെ പ്രധാന അവകാശവാദം. എന്നാൽ, ഈ പ്രഖ്യാപനം കഴിഞ്ഞ് മിനിറ്റുകൾക്കകം നടന്ന ഹൈഫ ആക്രമണം അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്നു. ഇറാന്റെ മിസൈൽ ശേഖരം ഇപ്പോഴും ശക്തമാണെന്ന സന്ദേശമാണ് ഇതിലൂടെ ഇറാൻ നൽകുന്നത്.

ഹൈഫ തുറമുഖത്തിന് നേരെയുള്ള ആക്രമണത്തിന് പിന്നാലെ ഇസ്രയേലിലുടനീളം അതീവ ജാഗ്രതാ നിർദേശം നൽകി. ഇസ്രയേൽ പ്രതിരോധ സേന പ്രത്യാക്രമണത്തിന് തയ്യാറെടുക്കുന്നതായാണ് സൂചന.

ഇറാൻ ലക്ഷ്യമാക്കിയുള്ള അമേരിക്കൻ-ഇസ്രയേൽ നീക്കങ്ങൾക്ക് പകരമായി തെൽ അവീവ്, ഹൈഫ തുടങ്ങിയ നഗരങ്ങളെ ലക്ഷ്യം വെക്കുമെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാന്റെ പുതിയ ആക്രമണത്തോടെ പശ്ചിമേഷ്യൻ യുദ്ധം കൂടുതൽ രൂക്ഷമായേക്കാമെന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം.

Also read: