മൂന്ന് അമേരിക്കൻ-ഇസ്രയേൽ ഡ്രോണുകൾ കൂടി വെടിവെച്ചിട്ട് ഇറാൻ; ഒന്നിന് 250 കോടി നഷ്ടം
തെഹ്‌റാൻ: ഇറാന്റെ വ്യോമാതിർത്തി ലംഘിച്ച മൂന്ന് അമേരിക്കൻ-ഇസ്രയേൽ ഡ്രോണുകൾ കൂടി വെടിവച്ചിട്ടു. രണ്ട് എംക്യു-9 റീപ്പർ ഡ്രോണുകളും ഒരു ഇസ്രയേലി ഹെർമിസ് 900 ഡ്രോണും തകർത്തതായി ഇറാൻ സൈനിക വക്താവ് അറിയിച്ചു. തെക്കൻ ഇറാനിലെ ഷിറാസിന് മുകളിൽ വെച്ചാണ് ഇറാന്റെ സംയോജിത വ്യോമ പ്രതിരോധ ശൃംഖല ഈ അത്യാധുനിക ഡ്രോണുകളെ കണ്ടെത്തി വെടിവെച്ചിട്ടത്. ഫെബ്രുവരി 28-ന് സംഘർഷം ആരംഭിച്ചതിന് ശേഷം ഇറാൻ തകർക്കുന്ന ശത്രു ഡ്രോണുകളുടെ ആകെ എണ്ണം ഇതോടെ 154 ആയി ഉയർന്നു.
തകർന്ന ഡ്രോണുകളുടെ ദൃശ്യങ്ങൾ ഇറാൻ വാർത്താ ഏജൻസിയായ ‘വാന’ പുറത്തുവിട്ടിട്ടുണ്ട്. അമേരിക്കയുടെ ഏറ്റവും അത്യാധുനികമായ നിരീക്ഷണ-ആക്രമണ ഡ്രോണുകളിലൊന്നാണ് എംക്യു-9 റീപ്പർ. ഒരു എംക്യു-9 ഡ്രോണിന് ഏകദേശം 30 മില്യൺ ഡോളർ(ഏകദേശം 250 കോടി രൂപ) ആണ് നിർമാണ ചെലവ് കണക്കാക്കുന്നത്.
ഇറാൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഇതുവരെ തകർക്കപ്പെട്ട ഡ്രോണുകളുടെ ആകെ മൂല്യം പരിശോധിച്ചാൽ അമേരിക്കയ്ക്ക് മാത്രം ഏകദേശം 500 മില്യൺ ഡോളറിനടുത്ത് (ഏകദേശം 4,100 കോടി രൂപ) സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ടാകാമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹെർമിസ് 900 ഡ്രോണുകൾ തകരുന്നത് ഇസ്രയേലിനും വലിയ സാമ്പത്തിക-സാങ്കേതിക തിരിച്ചടിയാണ് നൽകുന്നത്.
ഷിറാസ് നഗരത്തിന് മുകളിൽ അതിക്രമിച്ചു കടന്ന ഡ്രോണുകളെ ഇറാന്റെ സംയുക്ത വ്യോമ പ്രതിരോധ ആസ്ഥാനത്തിന് കീഴിലുള്ള റഡാർ സംവിധാനങ്ങളാണ് കണ്ടെത്തിയത്. ഇസ്രയേലിന്റെ ഹെർമിസ് 900 ഡ്രോണിനെ നേരിടാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് വികസിപ്പിച്ച പുതിയ പ്രതിരോധ സംവിധാനമാണ് ഉപയോഗിച്ചത്. ശത്രുക്കളുടെ നീക്കങ്ങൾ നിരീക്ഷിക്കാനും തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യം വെക്കാനുമാണ് ഈ ഡ്രോണുകൾ അയച്ചതെന്ന് ഇറാൻ ആരോപിച്ചു.
അത്യാധുനിക ഡ്രോണുകൾ ഓരോന്നായി തകർക്കപ്പെടുന്നത് മേഖലയിൽ അമേരിക്കയുടെയും ഇസ്രയേലിന്റെയും വ്യോമ നിരീക്ഷണ പ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. തങ്ങളുടെ സംയോജിത വ്യോമ പ്രതിരോധ ശൃംഖലയുടെ കരുത്ത് തെളിയിക്കുന്നതാണ് ഈ പുതിയ സൈനിക നീക്കമെന്ന് ഇറാൻ മാധ്യമങ്ങൾ അവകാശപ്പെടുന്നു.