ലൈംഗികാതിക്രമക്കേസ്: രഞ്ജിത്തിന് ജാമ്യമില്ല; മൂന്ന് ദിവസം പോലീസ് കസ്റ്റഡിയിൽ
കൊച്ചി: ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ കോടതി മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. എറണാകുളം സിജെഎം കോടതിയുടേതാണ് നടപടി. തിങ്കളാഴ്ച വരെയാണ് കസ്റ്റഡി കാലാവധി. രഞ്ജിത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം ഏഴാം തീയതിയിലേക്ക് മാറ്റി.
ഇന്ന് എറണാകുളം സബ് ജയിലിൽ നിന്ന് കോടതിയിൽ ഹാജരാക്കിയ രഞ്ജിത്തിന്റെ ജാമ്യഹരജി പരിഗണിക്കുന്നതിന് മുൻപ് തന്നെ പോലീസ് കസ്റ്റഡി അപേക്ഷയിൽ കോടതി തീരുമാനമെടുത്തു. കേസിൽ വിശദമായ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി കസ്റ്റഡി അനിവാര്യമാണെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അതേസമയം, അറസ്റ്റ് നടപടികളിൽ വീഴ്ചയുണ്ടെന്നും രഞ്ജിത്തിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടി പ്രതിഭാഗം അഭിഭാഷകൻ കസ്റ്റഡിയെ എതിർത്തുവെങ്കിലും കോടതി അത് തള്ളി.
കഴിഞ്ഞ ജനുവരി 19-ന് സിനിമാ സെറ്റിലെ കാരവനിൽ വെച്ച് യുവനടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് രഞ്ജിത്തിനെതിരെയുള്ള കേസ്. സംഭവദിവസം നടി കരഞ്ഞുകൊണ്ട് കാരവനിൽ നിന്ന് ഇറങ്ങിവരുന്നത് സെറ്റിലുണ്ടായിരുന്നവർ കണ്ടിരുന്നതായി കൊച്ചി സിറ്റി പോലീസ് കമ്മിഷണർ വ്യക്തമാക്കിയിരുന്നു. അറസ്റ്റ് സമയത്തുണ്ടായ ദേഹാസ്വാസ്ഥ്യം കാരണം രഞ്ജിത്തിനെ വിശദമായി ചോദ്യം ചെയ്യാൻ പോലീസിന് സാധിച്ചിരുന്നില്ല. വരും ദിവസങ്ങളിൽ ചോദ്യം ചെയ്യലിനൊപ്പം കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിനിടെ കേസുമായി ബന്ധപ്പെട്ട രണ്ടാമത്തെ കാരവാൻ ചങ്ങനാശ്ശേരിയിൽ നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.