11/04/2026
[fontresizer_tawhidurrahmandear_widget]

‘എന്റെ വീഡിയോ എടുത്താൽ കരണക്കുറ്റി അടിച്ചുപൊട്ടിക്കും’; കോൺഗ്രസ് പ്രവർത്തകരെ ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രൻ

 ‘എന്റെ വീഡിയോ എടുത്താൽ കരണക്കുറ്റി അടിച്ചുപൊട്ടിക്കും’; കോൺഗ്രസ് പ്രവർത്തകരെ ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രൻ

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിൽ നിൽക്കെ പാലക്കാട് മണ്ഡലത്തിൽ പണമിടപാട് വിവാദം പുകയുന്നു. എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ സാന്നിധ്യത്തിൽ ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം വിതരണം ചെയ്‌തെന്ന ഗുരുതര ആരോപണവുമായാണ് യുഡിഎഫ് രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകരെ ശോഭാ സുരേന്ദ്രൻ പരസ്യമായി ഭീഷണിപ്പെടുത്തി.

പാലക്കാട് മണ്ഡലത്തിലെ കണ്ണാടി പഞ്ചായത്തിൽ വോട്ടർമാരെ സന്ദർശിക്കാനെത്തിയതായിരുന്നു ശോഭാ സുരേന്ദ്രനും സംഘവും. ഇതിനിടെ ബിജെപി പ്രവർത്തകർ പണം നൽകുന്നുണ്ടെന്ന വിവരമറിഞ്ഞ് കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെത്തി ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ബിജെപി പ്രവർത്തക ഒരു വയോധികയ്ക്ക് പണം കൈമാറുന്ന ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടു. പണം നൽകിയ ഉടൻ തന്നെ പ്രവർത്തക അവിടെനിന്ന് മാറുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട ശോഭാ സുരേന്ദ്രൻ പ്രകോപിതയായി പ്രവർത്തകർക്ക് നേരെ പാഞ്ഞടുത്തു. ‘എന്റെ ഫോട്ടോ എടുത്താൽ നിന്റെയൊക്കെ കരണക്കുറ്റി അടിച്ചുപൊട്ടിക്കും ഞാൻ’ എന്ന് ആക്രോശിച്ച അവർ, പ്രവർത്തകന്റെ മൊബൈൽ ഫോൺ തട്ടിമാറ്റാനും ശ്രമിച്ചു.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി മണ്ഡലത്തിൽ കോടികൾ ഒഴുക്കുകയാണെന്ന് യുഡിഎഫ് ആരോപിച്ചു. വോട്ടർമാരെ പണം നൽകി സ്വാധീനിക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും ഔദ്യോഗികമായി പരാതി നൽകുകയും ചെയ്തിട്ടുണ്ട് യുഡിഎഫ് നേതൃത്വം.

എന്നാൽ, ആരോപണങ്ങൾ ബിജെപി പൂർണ്ണമായും തള്ളി. സ്ഥാനാർത്ഥിയുടെ പര്യടനത്തെ വിവാദമാക്കാൻ കോൺഗ്രസ് ബോധപൂർവം പ്രകോപനം സൃഷ്ടിക്കുകയാണെന്ന് ശോഭാ സുരേന്ദ്രൻ പ്രതികരിച്ചു.

Also read: