11/04/2026
[fontresizer_tawhidurrahmandear_widget]

‘100 സീറ്റുകൾ ഭംഗിവാക്കല്ല, ഉറപ്പാണ്’; പിണറായി വിരുദ്ധ തരംഗത്തിൽ യുഡിഎഫ് അധികാരത്തിലേറുമെന്ന് ആവർത്തിച്ച് വി.ഡി. സതീശൻ

 ‘100 സീറ്റുകൾ ഭംഗിവാക്കല്ല, ഉറപ്പാണ്’; പിണറായി വിരുദ്ധ തരംഗത്തിൽ യുഡിഎഫ് അധികാരത്തിലേറുമെന്ന് ആവർത്തിച്ച് വി.ഡി. സതീശൻ

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായതോടെ നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 100 സീറ്റ് എന്നത് വെറുമൊരു ഭംഗിവാക്കല്ലെന്നും മറിച്ച് താഴെത്തട്ടിലുള്ള കൃത്യമായ രാഷ്ട്രീയ കണക്കുകളുടെ അടിസ്ഥാനത്തിലുള്ള ആത്മവിശ്വാസമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തവണ യുഡിഎഫ് പ്രവർത്തകർ വളരെ ആവേശത്തോടെയും ഒത്തൊരുമയോടെയുമാണ് പ്രവർത്തിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഘടകക്ഷികൾ തമ്മിലുള്ള ഭേദമില്ലാതെ ‘ടീം യുഡിഎഫ്’ എന്ന നിലയിലുള്ള പ്രവർത്തനം തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

സംസ്ഥാനത്ത് അതിശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടെന്ന് സതീശൻ ചൂണ്ടിക്കാട്ടി. എൽഡിഎഫിന് വോട്ട് ചെയ്യുന്നവർ പോലും സർക്കാർ മൂന്നാമതും അധികാരത്തിൽ വരരുതെന്ന് ആഗ്രഹിക്കുന്നുണ്ട്. ഭരണവിരുദ്ധ വികാരത്തിന്റെ 80 ശതമാനവും മുഖ്യമന്ത്രി പിണറായി വിജയനോടുള്ള വ്യക്തിപരമായ എതിർപ്പാണ്. അദ്ദേഹത്തിന്റെ ധാർഷ്ട്യം ജനങ്ങൾക്കിടയിൽ വലിയ നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കി. മുഖ്യമന്ത്രിയുടെ ചിത്രം മാത്രം ഉപയോഗിച്ചുള്ള അമിതമായ പരസ്യ പ്രചാരണം എൽഡിഎഫിന് തിരിച്ചടിയാകുമെന്നും സതീശൻ വിലയിരുത്തി.

ന്യൂനപക്ഷങ്ങൾക്കിടയിൽ ബിജെപി ഭീഷണിയും അതിന് സിപിഎം നൽകുന്ന സഹായവും വലിയ ഇൻസെക്യൂരിറ്റി ഉണ്ടാക്കിയിട്ടുണ്ട്. അതേസമയം, ശബരിമല വിഷയത്തിൽ ബിജെപിയേക്കാൾ ശക്തമായി യുഡിഎഫ് നിലകൊണ്ടത് ഭൂരിപക്ഷ സമുദായത്തിനിടയിൽ സ്വാധീനം ചെലുത്താൻ സഹായിച്ചിട്ടുണ്ട്. രാഷ്ട്രീയ സാഹചര്യത്തിലെ മാറ്റം തിരിച്ചറിഞ്ഞാവാം വെള്ളാപ്പള്ളി നടേശൻ അനുകൂലമായി സംസാരിക്കുന്നതെന്നും, താൻ ഒരിക്കലും വ്യക്തികളെ എതിർത്തിട്ടില്ലെന്നും വർഗീയ നിലപാടുകളെ മാത്രമാണ് എതിർത്തതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, സിപിഎം വിമതരുമായി ഒരു വർഷം മുമ്പേ യുഡിഎഫ് ചർച്ചകൾ തുടങ്ങിയിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.

കെ. കരുണാകരനും എ.കെ. ആന്റണിക്കും ലഭിക്കാത്ത തരത്തിലുള്ള വലിയ പിന്തുണയാണ് തനിക്ക് ഘടകകക്ഷികളിൽ നിന്ന് ലഭിച്ചതെന്ന് സതീശൻ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ യാതൊരു തർക്കവുമുണ്ടാകില്ലെന്നും തെരഞ്ഞെടുപ്പ് തിരക്കുകൾക്ക് ശേഷം വായനയിലേക്കും ട്രക്കിംഗിലേക്കും മടങ്ങണമെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു.

Also read: