ഇറാൻ യുദ്ധത്തിനിടെ യുഎസ് സൈനികർ കുടിച്ചുതീർത്തത് 10 ലക്ഷം ഗാലൻ കാപ്പി; 20 ലക്ഷം എനർജി ഡ്രിങ്ക്
വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധമുഖത്ത് വിന്യസിക്കപ്പെട്ടിരിക്കുന്ന അമേരിക്കൻ സൈനികർ കടുത്ത സമ്മർദവും ഉറക്കമില്ലായ്മയും നേരിടുന്നുവെന്ന് റിപ്പോർട്ട്. സമ്മർദം നേരിടാൻ സൈനികർ വൻതോതിൽ കഫീൻ പാനീയങ്ങളെ ആശ്രയിക്കുന്നതായാണു പുറത്തുവരുന്ന വിവരം. ഫെബ്രുവരി 28-ന് ആരംഭിച്ച സൈനിക നീക്കത്തിന് ശേഷം ഇതുവരെ യുഎസ് സൈനികർ 9,50,000 ഗാലൻ കാപ്പിയും 20 ലക്ഷത്തിലധികം എനർജി ഡ്രിങ്കുകളും ഉപയോഗിച്ചതായി പെന്റഗൺ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ പുതിയ കാപ്പിക്കണക്കുകൾ നിരത്തിയത്. ‘ഈ യാത്രയ്ക്കിടയിൽ ഞങ്ങൾ 60 ലക്ഷത്തിലധികം നേരം ഭക്ഷണം കഴിച്ചു. എന്റെ കണക്കനുസരിച്ച് 9,50,000 ഗാലനിലധികം കാപ്പിയും 20 ലക്ഷം എനർജി ഡ്രിങ്കുകളും വൻതോതിൽ നിക്കോട്ടിനും ഉപയോഗിച്ചു,’ അദ്ദേഹം പറഞ്ഞു. ഇതൊരു വലിയ പ്രശ്‌നമാണെന്ന് താൻ കരുതുന്നില്ലെന്നും കെയ്ൻ തമാശരൂപേണ സൂചിപ്പിച്ചു.
ജനറൽ നൽകിയ കണക്കുകൾ പ്രകാരം ഏകദേശം 76 ലക്ഷം കപ്പ് കാപ്പിയാണ് യുഎസ് സൈനികർ ഈ ചുരുങ്ങിയ കാലയളവിൽ കുടിച്ചുതീർത്തത്. എന്നാൽ സൈനികർ ഉപയോഗിച്ച എനർജി ഡ്രിങ്കുകൾ ഏത് ബ്രാൻഡാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. യുദ്ധമുഖത്തെ ദുസ്സഹമായ സാഹചര്യങ്ങളിൽ ഉറക്കമില്ലാതെ പൊരുതിയ സൈനികർക്ക് ജനറൽ ഡാൻ കെയ്ൻ നന്ദി രേഖപ്പെടുത്തി. ഇത് തികച്ചും കടുപ്പമേറിയതും ക്ഷമയില്ലാത്തതുമായ ജോലിയാണ്. അരാജകത്വവും കടുത്ത ചൂടും ഇരുട്ടും നിറഞ്ഞ, പ്രവചനാതീതമായ സാഹചര്യങ്ങളിലാണ് ഞങ്ങളുടെ ആളുകൾ അഭിമാനപൂർവം മുന്നോട്ടുനീങ്ങിയത്. രാജ്യം ആവശ്യപ്പെടുന്ന അചഞ്ചലമായ നിശ്ചയദാർഢ്യം സൈന്യം പ്രകടിപ്പിച്ചുവെന്നും ഡാൻ കെയ്ൻ കൂട്ടിച്ചേർത്തു.
ഉറക്കമില്ലാത്ത രാത്രികൾ
തുടർച്ചയായ സൈനിക നീക്കങ്ങളും രാത്രികാല ഓപറേഷനുകളും കാരണം സൈനികർക്ക് കൃത്യമായ ഉറക്കം ലഭിക്കുന്നില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിനെ അതിജീവിക്കാനാണ് സൈനികർ കാപ്പിയെയും എനർജി ഡ്രിങ്കുകളെയും ഇത്രയധികം ആശ്രയിക്കുന്നത്. ഏകദേശം 10 ലക്ഷം ഗാലനോളം കാപ്പി ഇതിനകം ഉപയോഗിക്കപ്പെട്ടു കഴിഞ്ഞു എന്നത് യുദ്ധത്തിന്റെ കാഠിന്യം വെളിവാക്കുന്നതാണ്.
പശ്ചിമേഷ്യയിലെ കൊടും ചൂടിലും യുദ്ധസമ്മർദത്തിലും സൈനികരുടെ ജാഗ്രത നിലനിർത്താൻ കഫീൻ പ്രധാന പങ്കുവഹിക്കുന്നുണ്ട്. വിമാനവാഹിനിക്കപ്പലുകളിലും കരസേനാ താവളങ്ങളിലും വിതരണം ചെയ്ത കാപ്പിയുടെ അളവ് മുൻപത്തെ യുദ്ധങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. റിപ്പോർട്ടുകൾ പ്രകാരം, ശരാശരി ഒരു അമേരിക്കൻ സൈനികൻ യുദ്ധമുഖത്ത് പ്രതിദിനം മൂന്ന് മുതൽ നാല് കപ്പ് വരെ കാപ്പി കുടിക്കുന്നുണ്ട്. സൈനികരുടെ മാനസികാരോഗ്യം നിലനിർത്തുന്നതിനും ഏകാഗ്രത വർധിപ്പിക്കുന്നതിനുമായി സൈനിക വിതരണ ശൃംഖല വഴി വൻതോതിൽ കാപ്പിപ്പൊടിയും എനർജി ഡ്രിങ്കുകളും യുദ്ധമേഖലയിലേക്ക് എത്തിക്കുന്നുണ്ട്.
സൈനികരുടെ ആരോഗ്യത്തെ ബാധിക്കുമോ?
തുടർച്ചയായി കഫീൻ ഉപയോഗിക്കുന്നത് സൈനികരുടെ ആരോഗ്യത്തെ ദീർഘകാലാടിസ്ഥാനത്തിൽ എങ്ങനെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. നിർജലീകരണം, ഹൃദയമിടിപ്പ് വർധിക്കൽ, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങൾ പല സൈനികരിലും കണ്ടുതുടങ്ങിയതായി സൈനിക മെഡിക്കൽ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. എങ്കിലും, അതിവേഗത്തിൽ നീങ്ങുന്ന ഓപറേഷൻ എപിക് ഫ്യൂറിയിൽ സൈനികരുടെ സജീവ സാന്നിധ്യം ഉറപ്പാക്കാൻ കഫീൻ അനിവാര്യമാണെന്നാണ് കമാൻഡർമാരുടെ വിലയിരുത്തൽ.