21/04/2026
[fontresizer_tawhidurrahmandear_widget]

‘16 പേരെ നഷ്ടപ്പെട്ട എനിക്ക് സൈബർ ആക്രമണം വിഷയമല്ല; മന്ത്രി കടമ ചെയ്തില്ല, മറ്റൊരു വീട് വേണ്ട’

 ‘16 പേരെ നഷ്ടപ്പെട്ട എനിക്ക് സൈബർ ആക്രമണം വിഷയമല്ല; മന്ത്രി കടമ ചെയ്തില്ല, മറ്റൊരു വീട് വേണ്ട’

കെ.ടി. നൗഫൽ

കൽപറ്റ: സർക്കാർ നിർമിച്ച മാതൃകാ ടൗൺഷിപ്പിലെ വീടിന് വിള്ളലുണ്ടെന്ന് പരാതിപ്പെട്ട മുണ്ടക്കൈ സ്വദേശി കെ.ടി. നൗഫലിന് നേരെ സൈബറിടങ്ങളിൽ കടുത്ത ആക്രമണം. എന്നാൽ പരാതിയിൽ ഉറച്ചുനിൽക്കുന്നതായും നിർമാണത്തിലെ പോരായ്മകൾ പരിഹരിച്ച് സർക്കാർ നൽകുന്ന വീട് തന്നെ തനിക്ക് വേണമെന്നും നൗഫൽ വ്യക്തമാക്കി.

രണ്ടാഴ്ച മുൻപ് പെയ്ത മഴയിലാണ് വീടിനകത്ത് ചോർച്ച ശ്രദ്ധയിൽപ്പെട്ടത്. വിള്ളൽ കണ്ടതോടെ നിർമാണച്ചുമതലയുള്ള ഊരാളുങ്കൽ സൊസൈറ്റിയെ അറിയിച്ചിരുന്നു. സ്ലാബിന്റെ ചോർച്ച അടച്ചുതീർക്കാൻ ശ്രമിച്ചാൽ അതിന്റെ ബലത്തെ ബാധിക്കുമോ എന്ന ആശങ്കയുണ്ടെന്നും നൗഫൽ പറയുന്നു. സ്ഥലം സന്ദർശിച്ച റവന്യൂ മന്ത്രി കെ. രാജൻ വിള്ളൽ വെറും മാർക്കിങ് മാത്രമാണെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞതിനെ നൗഫൽ വിമർശിച്ചു. തന്നെ കാണാനോ പരാതി കേൾക്കാനോ മന്ത്രി തയ്യാറായില്ല. മാർക്കിങ് മായിച്ച് വിള്ളലില്ലെന്ന് വരുത്തിത്തീർക്കുകയാണ് മന്ത്രി ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

സ്വകാര്യ സംഘടനകളോ രാഷ്ട്രീയ പാർട്ടികളോ നൽകുന്ന വീട് തനിക്ക് വേണ്ട. ജനങ്ങളിൽ നിന്ന് പിരിച്ച പണം ഉപയോഗിച്ച് സർക്കാർ നിർമിച്ചു നൽകുന്ന ടൗൺഷിപ്പിൽ തന്നെ താമസിക്കാനാണ് ആഗ്രഹം. ആ വിശ്വാസത്തിലാണ് അവിടെ തന്നെ വീട് വേണമെന്ന് ആവശ്യപ്പെടുന്നത്. തന്റെ പരാതിക്ക് പിന്നിൽ രാഷ്ട്രീയമില്ല. കുടുംബത്തെപ്പോലും വലിച്ചിഴക്കുന്ന രീതിയിലുള്ള സൈബറാക്രമണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കും. മുണ്ടക്കൈ ദുരന്തത്തിൽ 16 കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട തനിക്ക് ഇതിനെയെല്ലാം അതിജീവിക്കാനുള്ള ചങ്കൂറ്റമുണ്ടെന്നും നൗഫൽ കൂട്ടിച്ചേർത്തു.

ഊരാളുങ്കൽ ഒരു നിർമാണ കമ്പനി മാത്രമാണെന്നും പിഴവുകൾ തിരുത്തി ഗുണനിലവാരമുള്ള വീട് ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്നും നൗഫൽ ഓർമ്മിപ്പിച്ചു. ഓട്ടോ ഓടിച്ച് കുടുംബം പുലർത്തുന്ന താൻ അർഹതപ്പെട്ട നീതിക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Also read: