21/04/2026
[fontresizer_tawhidurrahmandear_widget]

രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വം: കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്‍മാറി ജഡ്ജി

 രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വം: കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്‍മാറി ജഡ്ജി

ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിക്ക് ഇരട്ടപൗരത്വമുണ്ടെന്ന് ആരോപിച്ചുള്ള ഹർജി പരിഗണിക്കുന്നതിൽനിന്ന് അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുഭാഷ് വിദ്യാർഥി പിന്മാറി. ഹര്‍ജിക്കാരന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പുകളാണ് പിന്മാറാന്‍ ജഡ്ജിയെ പ്രേരിപ്പിച്ചത്. കര്‍ണാടകയില്‍ നിന്നുള്ള ബിജെപി പ്രവര്‍ത്തകന്‍ എസ് വിഘ്‌നേഷ് ശിശിരന്‍ ആണ് ഹർജിക്കാരൻ.

ജഡ്ജിയെന്ന നിലയില്‍ മാന്യമായ പരിഗണന ഹർജിക്കാരൻ നല്‍കിയില്ലെന്ന് ജഡ്ജി കുറ്റപ്പെടുത്തി. എതിര്‍പ്പുണ്ടെങ്കില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാം. ഹര്‍ജിക്കാരന്റെ പരാമര്‍ശങ്ങള്‍ കാരണം കേസിൽ നിന്ന് പിന്മാറുന്നുവെന്നും ജഡ്ജി പറഞ്ഞു. ഹര്‍ജിക്കാരന്‍ കോടതിയെ അപകീര്‍ത്തിപ്പെടുത്തിയെന്നും ജഡ്ജി ആരോപിച്ചു.

ഹര്‍ജിക്കാരന്‍ രാഷ്ട്രീയ നേട്ടത്തിനായി കോടതിയെ ഉപയോഗിച്ചുവെന്നും എന്തൊക്കെ പ്രസ്താവനയാണ് ഹര്‍ജിക്കാരന്‍ നടത്തുന്നതെന്നും കോടതി ചോദിച്ചു. കേന്ദ്ര സര്‍ക്കാരിനെയും ഉത്തര്‍പ്രദേശ് സര്‍ക്കാരിനെയും ഹൈക്കോടതി വിമര്‍ശിച്ചു. കേസിലെ വസ്തുതകള്‍ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാരുകള്‍ പരാജയപ്പെട്ടുവെന്നും കോടതി കുറ്റപ്പെടുത്തി.

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന ആരോപണത്തില്‍ പരിശോധന ആവശ്യമാണെന്ന ഉത്തരവ് അലഹബാദ് ഹൈക്കോടതി കഴിഞ്ഞ ദിവസം മരവിപ്പിച്ചിരുന്നു. അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിന്റെതായിരുന്നു നടപടി. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഉത്തരവിടുന്നതിന് മുമ്പ് ആരോപണവിധേയനായ വ്യക്തിക്ക് മുന്‍കൂര്‍ നോട്ടീസ് നല്‍കേണ്ടത് നിയമപരമായ അത്യാവശ്യമാണെന്ന് ജസ്റ്റിസ് സുഭാഷ് വിദ്യാര്‍ത്ഥി ചൂണ്ടിക്കാട്ടിയിരുന്നു.

Also read: