22/04/2026
[fontresizer_tawhidurrahmandear_widget]

‘ഇറാനെതിരെ ആണവായുധം പ്രയോഗിക്കാൻ ട്രംപ് മുതിർന്നു; കോഡുകൾ കൈമാറാൻ വിസമ്മതിച്ച് സൈനിക മേധാവി’-വെളിപ്പെടുത്തൽ

 ‘ഇറാനെതിരെ ആണവായുധം പ്രയോഗിക്കാൻ ട്രംപ് മുതിർന്നു; കോഡുകൾ കൈമാറാൻ വിസമ്മതിച്ച് സൈനിക മേധാവി’-വെളിപ്പെടുത്തൽ

വാഷിങ്ടണ്‍: ഇറാനെതിരെയുള്ള സൈനിക നീക്കത്തിനിടെ ലോകത്തെ ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിച്ചേക്കാവുന്ന തീരുമാനത്തിന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുതിർന്നതായി റിപ്പോർട്ട്. ഇറാന്റെ പ്രധാന താവളങ്ങളെ ലക്ഷ്യം വെച്ച് ആണവായുധം പ്രയോഗിക്കാനുള്ള ട്രംപിന്റെ നിർദേശം സൈനിക മേധാവി തള്ളിക്കളയുകയായിരുന്നുവെന്ന് മുൻ സിഐഎ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മുൻ ഫോക്സ് ന്യൂസ് അനലിസ്റ്റ് ആൻഡ്രൂ നാപ്പോളിറ്റാനോ അവതരിപ്പിക്കുന്ന ‘ജഡ്ജിങ് ഫ്രീഡം’ എന്ന പോഡ്‌കാസ്റ്റിലാണ് ലാറി ജോൺസൺ പുതിയ വെളിപ്പെടുത്തൽ നടത്തിയത്. ഏപ്രിൽ 18 ശനിയാഴ്ച നടന്ന യോഗത്തിൽ, ഇറാനെതിരെ ആണവ കോഡുകൾ ലഭ്യമാക്കാൻ ട്രംപ് ആവശ്യപ്പെട്ടു. എന്നാൽ യോഗത്തിനിടയിൽ എഴുന്നേറ്റുനിന്ന ജനറൽ ഡാൻ കെയ്ൻ പറ്റില്ലെന്ന് തറപ്പിച്ചു പറയുകയായിരുന്നു.

സൈനിക മേധാവി എന്ന നിലയിലുള്ള തന്റെ അധികാരം ഉപയോഗിച്ചാണ് അദ്ദേഹം പ്രസിഡന്റിനെ തടഞ്ഞത്. ഇതേ തുടർന്ന് വൈറ്റ് ഹൗസിൽ വലിയ വാഗ്വാദവും പൊട്ടിത്തെറിയും ഉണ്ടായതായും ജനറൽ കെയ്ൻ കെട്ടിടത്തിൽ നിന്ന് ദേഷ്യത്തോടെ ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങൾ പോഡ്‌കാസ്റ്റിൽ കാണിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അമേരിക്കൻ നിയമപ്രകാരം സൈന്യത്തിന് പ്രസിഡന്റിന്റെ ഉത്തരവ് തള്ളിക്കളയാൻ സാങ്കേതികമായി കഴിയില്ലെങ്കിലും, ജനറൽ കെയ്ൻ എടുത്ത നിലപാട് വലിയൊരു ദുരന്തം ഒഴിവാക്കിയെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം, ഈ വെളിപ്പെടുത്തലുകൾ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. വാർത്ത സ്ഥിരീകരിക്കാവുന്ന ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് ‘ഫ്രാൻസ് 24’ വസ്തുതാ പരിശോധന നടത്തി വ്യക്തമാക്കിയത്. ഇത്തരമൊരു നീക്കം നടന്നിട്ടുണ്ടെങ്കിൽ അത് അമേരിക്കൻ ഭരണഘടനയിലെ അധികാര പരിധികളെക്കുറിച്ചുള്ള വലിയ തർക്കങ്ങൾക്ക് വഴിവെക്കും. എന്നാൽ, ട്രംപിന്റെ അനുകൂലികൾ ഈ വാർത്തകളെ പൂർണമായും തള്ളിക്കളയുകയാണ്. ട്രംപിനെ യുദ്ധവെറിയനായി ചിത്രീകരിക്കാനുള്ള ചിലരുടെ നീക്കമാണിതെന്ന് അവർ ആരോപിക്കുന്നു.

​ട്രംപിന്റെ പ്രവചനാതീതമായ സ്വഭാവവും മാനസികനിലയും കാരണം സൈനിക ഉദ്യോഗസ്ഥർ അദ്ദേഹത്തെ പ്രധാന തീരുമാനങ്ങളിൽ നിന്ന് അകറ്റിനിർത്തുകയാണെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. ഇറാനിൽ തകർന്നുവീണ വിമാനത്തിലെ പൈലറ്റുമാരെ രക്ഷിക്കാനുള്ള അതീവ നിർണായകമായ ദൗത്യം നടക്കുമ്പോൾ ട്രംപിനെ വൈറ്റ് ഹൗസിലെ ‘സിറ്റുവേഷൻ റൂമിൽ’ പ്രവേശിക്കുന്നതിൽനിന്ന് സൈനിക ഉപദേഷ്ടാക്കൾ തടഞ്ഞു. ട്രംപിന്റെ അക്ഷമയും ദേഷ്യവും ദൗത്യത്തെ ബാധിക്കുമെന്ന് ഭയന്നാണ് ഉദ്യോഗസ്ഥർ ഇത്തരമൊരു തീരുമാനമെടുത്തത്.

ഇറാൻ അമേരിക്കൻ വിമാനം വെടിവെച്ചിട്ടതിന് പിന്നാലെ ട്രംപ് കടുത്ത മാനസിക സമ്മർദത്തിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. 1979-ലെ ഇറാൻ ബന്ദി പ്രതിസന്ധിയുടെ ഓർമകൾ ട്രംപിനെ വേട്ടയാടുന്നുണ്ടെന്നും മണിക്കൂറുകളോളം അദ്ദേഹം ഉദ്യോഗസ്ഥർക്ക് നേരെ അലറിവിളിക്കുകയാണെന്നും വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ട്രംപിന്റെ വിചിത്രമായ പെരുമാറ്റത്തെക്കുറിച്ച് റിപബ്ലിക്കൻ സെനറ്റർമാർക്ക് ഇടയിലും വലിയ ആശങ്ക നിലനിൽക്കുന്നുണ്ട്. 

Also read: