28/04/2026
[fontresizer_tawhidurrahmandear_widget]

‘ഓഫറുകളുമായി അവർ എന്നെയും സമീപിച്ചു; ഞാൻ തള്ളിക്കളഞ്ഞു’: തുറന്നടിച്ച് എഎപി എംപി ബൽബീർ സിങ്

 ‘ഓഫറുകളുമായി അവർ എന്നെയും സമീപിച്ചു; ഞാൻ തള്ളിക്കളഞ്ഞു’: തുറന്നടിച്ച് എഎപി എംപി ബൽബീർ സിങ്

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിലെ ഭൂരിഭാഗം രാജ്യസഭാ എംപിമാരും ബിജെപിയിലേക്ക് ചേക്കേറിയ സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി ബൽബീർ സിങ് സീച്ചെവാൽ എംപി. തന്നെയും കൂറുമാറ്റത്തിനായി ചിലർ സമീപിച്ചിരുന്നുവെന്നും എന്നാൽ അത്തരം വാഗ്ദാനങ്ങൾ താൻ തള്ളിക്കളഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി. തന്നെ പാർലമെന്റിലേക്ക് അയച്ചവരെ ചതിക്കാനാകില്ലെന്നും എഎപി രാജ്യസഭാ അംഗം വ്യക്തമാക്കി.

പാർട്ടി വിട്ട വിക്രംജിത് സിങ് സാഹ്നി തന്നെ ഫോണിൽ വിളിച്ചിരുന്നതായി സീച്ചെവാൽ വെളിപ്പെടുത്തി. പഞ്ചാബിന്റെ പ്രശ്‌നങ്ങൾ ഉന്നയിക്കാൻ ‘ആസാദ് ഗ്രൂപ്പ്’ എന്ന പേരിൽ ഒരു സ്വതന്ത്ര ഗ്രൂപ്പ് ഉണ്ടാക്കുന്നുണ്ടെന്നും അതിൽ ചേരണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. എന്നാൽ ഈ നിർദേശം താൻ നിരസിച്ചതായും ബൽബീർ സിങ് സീച്ചെവാൽ പറഞ്ഞു.

‘എന്നെ പാർലമെന്റിലേക്ക് അയച്ചവരെ ചതിക്കാൻ എനിക്കാകില്ല. എന്നെ രാജ്യസഭയിലേക്ക് അയച്ചത് ആം ആദ്മി പാർട്ടിയാണ്. പാർട്ടിയോടും എന്നിൽ വിശ്വാസമർപ്പിച്ച ജനങ്ങളോടും നീതി പുലർത്തുക എന്നതാണ് എന്റെ കടമ,’ സീച്ചെവാൽ പറഞ്ഞു.

രാഘവ് ഛദ്ദ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ നടപടിയെ സീച്ചെവാൾ രൂക്ഷമായി വിമർശിച്ചു. പാർട്ടിയുടെ എല്ലാ ആനുകൂല്യങ്ങളും പദവികളും അനുഭവിച്ചവർ ഇപ്പോൾ പാർട്ടി വിട്ടത് വിശ്വാസവഞ്ചനയാണ്. ഛദ്ദയെപ്പോലുള്ളവർ എന്തിന് പാർട്ടി വിട്ടു എന്ന ചോദ്യത്തിന് മറുപടി നൽകേണ്ടത് അവർ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പഞ്ചാബിലെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലൂടെ ലോകശ്രദ്ധ നേടിയ സീച്ചെവാൽ, രാഷ്ട്രീയ കൂറുമാറ്റങ്ങളുടെ ഈ കാലത്ത് തന്റെ ധാർമികമായ നിലപാട് വ്യക്തമാക്കുകയാണ് ചെയ്തത്. പത്ത് എംപിമാരിൽ ഏഴ് പേരും ബിജെപിയിൽ ചേർന്നതോടെ സഞ്ജയ് സിങ്, എൻ.ഡി ഗുപ്ത എന്നിവർക്കൊപ്പം സീച്ചെവാൽ മാത്രമാണ് ഇപ്പോൾ എഎപിയിൽ അവശേഷിക്കുന്ന രാജ്യസഭാ അംഗം.

താൻ എന്നും പഞ്ചാബിലെ ജനങ്ങൾക്കും പരിസ്ഥിതിക്കും വേണ്ടി നിലകൊള്ളുമെന്നും അധികാരത്തിന് വേണ്ടി ആദർശങ്ങൾ ബലികഴിക്കില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

Also read: