30/04/2026
[fontresizer_tawhidurrahmandear_widget]

കള്ളവോട്ടിന് 750 കൃത്രിമ വിരൽ വാങ്ങിയെന്ന് ബിജെപി നേതാവ്; ഉപയോഗിക്കാൻ സ്വന്തം കൈവിരൽ മുറിക്കേണ്ടി വരുമെന്ന് സോഷ്യൽ മീഡിയ

 കള്ളവോട്ടിന് 750 കൃത്രിമ വിരൽ വാങ്ങിയെന്ന് ബിജെപി നേതാവ്; ഉപയോഗിക്കാൻ സ്വന്തം കൈവിരൽ മുറിക്കേണ്ടി വരുമെന്ന് സോഷ്യൽ മീഡിയ

സുവേന്ദു അധികാരി

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം പുരോഗമിക്കവെ, ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെതിരെ ഗുരുതരമായ ക്രമക്കേട് ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി രംഗത്തെത്തി. മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ഭവാനിപുരിൽ ജനവിധി തേടുന്ന സുവേന്ദു, കള്ളവോട്ട് രേഖപ്പെടുത്താനായി തൃണമൂൽ കോൺഗ്രസ് നൂറുകണക്കിന് കൃത്രിമ വിരലുകൾ സമാഹരിച്ചതായി മാധ്യമങ്ങളോട് പറഞ്ഞു. ഭവാനിപുരിലെ ഒരു കൗൺസിലർ ഏകദേശം 750 വ്യാജ വിരലുകൾ വോട്ടെടുപ്പിൽ കൃത്രിമം കാണിക്കാൻ തയ്യാറാക്കിയിട്ടുണ്ടെന്നും ഇതിന്റെ സാംപിൾ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. വോട്ടർ സ്ലിപ്പുകളുടെ വിതരണത്തിലും അപാകതകളുണ്ടെന്നും ഏകദേശം 3,810 സ്ലിപ്പുകൾ വിതരണം ചെയ്യാനാകാതെ മടങ്ങിയത് ദുരൂഹമാണെന്നും ബിജെപി നേതാവ് കൂട്ടിച്ചേർത്തു.

എന്നാൽ സുവേന്ദു അധികാരിയുടെ ആരോപണങ്ങളെ പൂർണ്ണമായും തള്ളിയ തൃണമൂൽ കോൺഗ്രസ്, ഇത്തരം വാദങ്ങൾ തികച്ചും അസംബന്ധവും അപ്രായോഗികവുമാണെന്ന് പരിഹസിച്ചു. ജനാധിപത്യ പ്രക്രിയയിൽ ഇത്തരം കാര്യങ്ങൾ നടപ്പിലാക്കാൻ കഴിയില്ലെന്നും അടിസ്ഥാനരഹിതമായ കാര്യങ്ങളായതിനാൽ പ്രതികരിക്കാനില്ലെന്നും ടിഎംസി വക്താവ് അരൂപ് ചക്രവർത്തി വ്യക്തമാക്കി. ഇതിനിടെ, കൃത്രിമ വിരലുകൾ ഉപയോഗിച്ച് വോട്ട് ചെയ്യണമെങ്കിൽ സ്വന്തം വിരലുകൾ മുറിച്ചുമാറ്റേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ ഈ വാദത്തിനെതിരെ വലിയ രീതിയിലുള്ള ട്രോളുകളും പ്രചരിക്കുന്നുണ്ട്. 142 മണ്ഡലങ്ങളിലായി നടക്കുന്ന ഈ ഘട്ടം തൃണമൂൽ കോൺഗ്രസിന്റെ കരുത്തുറ്റ കോട്ടയായാണ് വിലയിരുത്തപ്പെടുന്നത്. 2021-ൽ ഈ മണ്ഡലങ്ങളിൽ 123 സീറ്റുകൾ ടിഎംസി നേടിയപ്പോൾ ബിജെപിക്ക് 18 സീറ്റുകൾ മാത്രമാണ് ലഭിച്ചിരുന്നത്. ബുധനാഴ്ച രാവിലെ ആരംഭിച്ച വോട്ടെടുപ്പിന്റെ ഫലം മെയ് നാലിന് പ്രഖ്യാപിക്കും.

Also read: