30/04/2026
[fontresizer_tawhidurrahmandear_widget]

‘യുഡിഎഫ് 89 സീറ്റ് നേടും, പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട’; സര്‍വേയുമായി പി.വി. അന്‍വര്‍

 ‘യുഡിഎഫ് 89 സീറ്റ് നേടും, പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട’; സര്‍വേയുമായി പി.വി. അന്‍വര്‍

കോഴിക്കോട്: വോട്ടെണ്ണാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കേരളത്തിൽ യു.ഡി.എഫ് ഐതിഹാസിക വിജയം നേടുമെന്ന അവകാശവാദവുമായി ബേപ്പൂരിലെ സ്ഥാനാർഥി പി.വി. അൻവർ രംഗത്തെത്തി. ഫേസ്ബുക്ക് പോഡ്‌കാസ്റ്റിലൂടെയാണ് അൻവർ തന്റെ രാഷ്ട്രീയ നിരീക്ഷണങ്ങൾ പങ്കുവെച്ചത്. സംസ്ഥാനത്തെ ആകെയുള്ള 140 മണ്ഡലങ്ങളിൽ 89 ഇടത്തും വിജയിച്ച് യു.ഡി.എഫ് അധികാരം തിരിച്ചുപിടിക്കുമെന്ന് അദ്ദേഹം പ്രവചിക്കുന്നു. മലപ്പുറം, വയനാട് ജില്ലകളിൽ എൽ.ഡി.എഫിന് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും യു.ഡി.എഫ് ഈ ജില്ലകൾ ‘മുഴുവൻ സീറ്റും തൂത്തുവാരും’ എന്നും അദ്ദേഹം ഉറപ്പിച്ചു പറയുന്നു. താൻ ജനവിധി തേടിയ ബേപ്പൂർ മണ്ഡലത്തിൽ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലബാറിൽ ശക്തമായ ഭരണവിരുദ്ധ വികാരം പ്രകടമാണെന്നും ഇത് മുന്നണിക്ക് വലിയ നേട്ടമുണ്ടാക്കുമെന്നും അൻവർ ചൂണ്ടിക്കാട്ടുന്നു. മലബാറിലെ 60 സീറ്റുകളിൽ 40 എണ്ണവും മധ്യകേരളത്തിലെ 32ൽ 21 സീറ്റുകളും തെക്കൻ കേരളത്തിലെ 48ൽ 25 സീറ്റുകളും യു.ഡി.എഫിന് അനുകൂലമാകുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമടത്ത് അദ്ദേഹത്തിന്റെ ഭൂരിപക്ഷം ഗണ്യമായി കുറയുമെന്നും ‘പിണറായി പരാജയപ്പെട്ടാലും അത്ഭുതപ്പെടാനില്ല’ എന്നും അൻവർ അഭിപ്രായപ്പെട്ടു. മലമ്പുഴയിൽ യു.ഡി.എഫിന്റെ എസ്. സുരേഷ് വിജയിക്കുമെന്നും പേരാമ്പ്ര, ബാലുശേരി, എലത്തൂർ എന്നിവിടങ്ങളിൽ കടുത്ത പോരാട്ടമാണ് നടക്കുന്നതെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. മേയ് നാലിന് വോട്ടെണ്ണൽ നടക്കാനിരിക്കെ അൻവറിന്റെ ഈ പ്രവചനം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

Also read: