വോട്ടെടുപ്പ് കഴിഞ്ഞതോടെ ‘ഇടിത്തീ’യായി പാചകവാതക വിലവര്‍ധന; വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് കൂട്ടിയത് 993 രൂപ
കേരളം, തമിഴ്‌നാട്, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ അവസാനിച്ചതിന് തൊട്ടുപിന്നാലെ വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടർ വില കുത്തനെ കൂട്ടി പൊതുമേഖലാ എണ്ണക്കമ്പനികൾ. 19 കിലോഗ്രാം തൂക്കമുള്ള വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് വർദ്ധിപ്പിച്ചത്. ഇതോടെ സിലിണ്ടർ വില ചരിത്രത്തിലാദ്യമായി മൂവായിരം രൂപ കടന്നു. ചരിത്രത്തിൽ തന്നെ അപൂർവമായാണ് ഒരു സിലിണ്ടറിന് ഇത്ര വലിയ തുക ഒറ്റയടിക്ക് വർദ്ധിപ്പിക്കുന്നത്.
പുതുക്കിയ നിരക്ക് പ്രകാരം കൊച്ചിയിൽ സിലിണ്ടറിന് 3085 രൂപയും, തിരുവനന്തപുരത്ത് 3106 രൂപയും, കോഴിക്കോട്ട് 3117.5 രൂപയുമാണ് ഇന്നത്തെ വില. ഹോട്ടലുകൾ, റെസ്റ്ററന്റുകൾ, തട്ടുകടകൾ എന്നിവയുടെ പ്രവർത്തനത്തെ ഈ വിലക്കയറ്റം ഗുരുതരമായി ബാധിക്കും. പ്രവർത്തനച്ചെലവ് കുത്തനെ കൂടുന്നതോടെ ഭക്ഷണ പദാർത്ഥങ്ങളുടെ വില വർദ്ധിപ്പിക്കാൻ ഹോട്ടലുടമകൾ നിർബന്ധിതരായേക്കും.
ഈ വർഷം തുടക്കം മുതൽ തന്നെ വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ പലതവണ മാറ്റം വരുത്തിയിരുന്നു. ഏപ്രിൽ ഒന്നിന് 195.50 രൂപയും, ഫെബ്രുവരി ഒന്നിന് 49 രൂപയും വർദ്ധിപ്പിച്ചിരുന്നു. കൂടാതെ ജനുവരിയിൽ 111 രൂപയും മാർച്ചിൽ രണ്ടുതവണയായി 146 രൂപയോളവും കൂട്ടിയിരുന്നു. തൊഴിലാളി ക്ഷാമം നേരിടുന്ന കേരളത്തിലെ ഹോട്ടൽ മേഖലയ്ക്ക് ഈ പുതിയ വിലക്കയറ്റം ‘ഇടിത്തീ’ പോലെയാണ് വന്നെത്തിയിരിക്കുന്നത്.
അതേസമയം, വീട്ടാവശ്യത്തിനുള്ള 14.2 കിലോഗ്രാം സിലിണ്ടറുകളുടെ വിലയിൽ നിലവിൽ മാറ്റം വരുത്തിയിട്ടില്ല. കോഴിക്കോട്ട് 921.5 രൂപയും, തിരുവനന്തപുരത്ത് 922 രൂപയും, കൊച്ചിയിൽ 920 രൂപയുമാണ് ഗാർഹിക സിലിണ്ടറിന്റെ നിരക്ക്. എന്നാൽ തിരഞ്ഞെടുപ്പിന് പിന്നാലെ പെട്രോൾ, ഡീസൽ, ഗാർഹിക സിലിണ്ടർ എന്നിവയുടെ വിലയും എണ്ണക്കമ്പനികൾ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്ന ആശങ്ക ശക്തമായി തുടരുന്നുണ്ട്.