ഹോർമുസ് കടലിടുക്കിൽ പിടിമുറുക്കി ഇറാൻ; കപ്പലുകൾക്ക് ഇനി ഇ-മെയിൽ അനുമതി നിർബന്ധം
തെഹ്റാൻ: ലോകത്തെ എണ്ണവ്യാപാരത്തിന്റെ 20 ശതമാനത്തോളം നിയന്ത്രിക്കുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ കടുത്ത നിയന്ത്രണങ്ങളുമായി ഇറാൻ. മേഖലയിൽ യുഎസ്-ഇസ്രായേൽ സഖ്യവുമായി നിലനിൽക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇറാന്റെ മുൻകൂർ ഇ-മെയിൽ അനുമതി നിർബന്ധമാക്കി. ഇറാൻ ഔദ്യോഗിക മാധ്യമമായ പ്രസ് ടിവിയാണ് കടലിടുക്കിൽ ‘പരമാധികാര ഭരണസംവിധാനം’ നിലവിൽ വന്നതായി റിപ്പോർട്ട് ചെയ്തത്.
പുതിയ നിയമപ്രകാരം ഈ പാതയിലൂടെ സഞ്ചരിക്കേണ്ട കപ്പലുകൾ പ്രവേശനത്തിന് മുൻപായി ഇറാന്റെ നിർദ്ദേശങ്ങൾ പാലിക്കുകയും അനുമതി പത്രം കൈപ്പറ്റുകയും വേണം. അമേരിക്ക, ഇസ്രായേൽ എന്നീ രാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താനാണ് ഇറാന്റെ നീക്കം. ഇതിന് പുറമെ, ശത്രുതയില്ലാത്ത രാജ്യങ്ങളിലെ കപ്പലുകളിൽ നിന്ന് പ്രത്യേക ‘ടോൾ’ ഈടാക്കുന്ന കാര്യവും ഇറാന്റെ പരിഗണനയിലുണ്ട്.
ഇറാന്റെ ഈ നീക്കത്തെ പ്രതിരോധിക്കാൻ ‘പ്രോജക്ട് ഫ്രീഡം’ എന്ന പേരിൽ കപ്പലുകൾക്ക് സൈനിക അകമ്പടി നൽകുന്ന പദ്ധതി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കടലിടുക്കിന് സമീപം എത്തുന്ന ഏത് വിദേശ സൈനിക ശക്തിയെയും നേരിടുമെന്ന് ഇറാന്റെ ജോയിന്റ് മിലിട്ടറി കമാൻഡ് മുന്നറിയിപ്പ് നൽകിയതോടെ അമേരിക്കൻ നീക്കം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.