‘പരാജയത്തിന് പല കാരണങ്ങൾ; ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ച് വരും’: തോൽവിയിൽ ആദ്യമായി പ്രതികരിച്ച് പിണറായി വിജയൻ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തിൽ ആദ്യ പ്രതികരണവുമായി മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. ഇടത് മുന്നണി യോഗത്തിലാണ് പരാജയത്തിന് പിന്നിൽ ഒന്നിലധികം കാരണങ്ങളുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയത്. പരാജയം ഏതെങ്കിലും ഒരു പ്രത്യേക കാരണത്താൽ ഉണ്ടായതല്ലെന്നും, നിലവിലെ ഇടതു വിരുദ്ധ വികാരത്തിന് പിന്നിൽ പല ഘടകങ്ങളുണ്ടെന്നും അദ്ദേഹം വിലയിരുത്തി. തനിക്കെതിരെ ഉണ്ടായ വ്യക്തിപരമായ അധിക്ഷേപങ്ങളെ കാര്യമാക്കുന്നില്ലെന്നും, ഒറ്റക്കെട്ടായി നിന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ശക്തമായി തിരിച്ചുവരാൻ കഴിയുമെന്നും മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകളുടെ ഇടത് വിരുദ്ധ ഏകീകരണം നടന്നതായി മുന്നണി യോഗം വിലയിരുത്തി. മുന്നണി സംവിധാനം വേണ്ടത്ര രീതിയിൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നില്ല എന്ന പോരായ്മയും യോഗം ചൂണ്ടിക്കാട്ടി. അതേസമയം, സംസ്ഥാനത്ത് പാർട്ടിയുടെ അവസ്ഥ അതീവ ഗുരുതരമാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രാഥമിക വിലയിരുത്തൽ. കഴിഞ്ഞ ദിവസം രാത്രി വൈകി വരെ നീണ്ട ചർച്ചയിൽ, പാർട്ടിയുടെ അടിത്തറ നഷ്ടമായ അവസ്ഥയിലാണെന്ന് നേതൃത്വം തിരിച്ചറിയണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു.
വെറും ഉപരിപ്ലവമായ തിരുത്തലുകൾ കൊണ്ട് കാര്യമില്ലെന്നും പരാജയ കാരണം കീഴ്ഘടകങ്ങളിൽ നിന്ന് തന്നെ അന്വേഷിക്കണമെന്നും സെക്രട്ടേറിയറ്റിൽ ആവശ്യമുയർന്നു. അണികളുടെ വികാരം മനസ്സിലാക്കുന്നതിൽ നേതൃത്വത്തിന് വീഴ്ച പറ്റിയതായും വിമർശനമുണ്ടായി. തോൽവിയെ കണക്കുകൾ നിരത്തി ലഘൂകരിക്കാൻ ശ്രമിക്കരുതെന്ന് എം.എ ബേബി നേതാക്കളോട് ആവശ്യപ്പെട്ടു. വീഴ്ചകൾ തുറന്നുസമ്മതിച്ച്, താഴേത്തട്ടിലുള്ള പ്രവർത്തകരെ കൂടി കേട്ടുകൊണ്ട് മുന്നോട്ട് പോകാനാണ് പാർട്ടി തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത പരാജയമാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും നേരത്തെ പ്രതികരിച്ചിരുന്നു.