10/06/2026
[fontresizer_tawhidurrahmandear_widget]

യുദ്ധത്തിന്റെ മറവിൽ ഗസ്സയിൽ കോടികളുടെ കള്ളക്കടത്ത്; ഇസ്രയേൽ സൈനികർ കുരുക്കിൽ, കടുത്ത നടപടി

 യുദ്ധത്തിന്റെ മറവിൽ ഗസ്സയിൽ കോടികളുടെ കള്ളക്കടത്ത്; ഇസ്രയേൽ സൈനികർ കുരുക്കിൽ, കടുത്ത നടപടി

തെൽ അവീവ്: ഗസ്സയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ അതിന്റെ മറവിൽ കോടികളുടെ കള്ളക്കടത്ത് നടത്തിയ ഇസ്രയേൽ സൈനികർ കുരുക്കിൽ. ഗസ്സ മുനമ്പിലേക്ക് ലക്ഷക്കണക്കിന് ഷെക്കൽ വിലമതിക്കുന്ന സിഗരറ്റുകളും മറ്റ് നിരോധിത ഉൽപ്പന്നങ്ങളും അനധികൃതമായി കടത്തിയ സംഭവത്തിൽ ഒരു ക്യാപ്റ്റൻ ഉൾപ്പെടെ നാല് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) സൈനികർക്കെതിരെ സൈനിക കോടതി കുറ്റപത്രം സമർപ്പിച്ചു.

യുദ്ധം മൂലം ഗസ്സയിൽ സിഗരറ്റിനും പുകയില ഉൽപ്പന്നങ്ങൾക്കും അനുഭവപ്പെടുന്ന കടുത്ത ക്ഷാമം മുതലെടുത്ത് വൻ ലാഭം കൊയ്യാനായിരുന്നു സൈനികരുടെ നീക്കം. കരിഞ്ചന്തയിൽ വൻ വിലയുള്ള സിഗരറ്റുകൾക്ക് പുറമെ മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, കാർ ബാറ്ററികൾ എന്നിവയും ഇവർ അതിർത്തി കടത്തി ഗസ്സയിലെത്തിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.

ഒരു ക്യാപ്റ്റനും സെർജന്റും ചേർന്ന് നടത്തിയ ഈ കള്ളക്കടത്തിലൂടെ മാത്രം ഏകദേശം 70 ലക്ഷം ഷെക്കൽ (ഏകദേശം 15 കോടി രൂപ) ലാഭമുണ്ടാക്കിയതായാണ് റിപ്പോർട്ടുകൾ. പദവി ദുരുപയോഗം ചെയ്ത് സൈനിക വാഹനങ്ങളും പരിശോധനാ സംവിധാനങ്ങളും ഇവർ കടത്തിനായി ഉപയോഗിച്ചു. ഒരു കേസിൽ, നിയമവിരുദ്ധമായി ഒരു സിവിലിയനെ സൈനിക വാഹനത്തിൽ ഒളിപ്പിച്ച് ഗസ്സയ്ക്കുള്ളിലേക്ക് കടത്തിവിട്ടതായും കണ്ടെത്തിയിട്ടുണ്ട്. ഇത് രാജ്യസുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന വീഴ്ചയാണെന്ന് കോടതി നിരീക്ഷിച്ചു.

കടുത്ത കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കടത്തുന്ന സാധനങ്ങൾ വഴി ഹമാസിന് സാമ്പത്തിക ലാഭം ലഭിക്കുന്നു എന്നതിനാൽ ഇത് രാജ്യദ്രോഹത്തിന് തുല്യമായ കുറ്റമായാണ് കണക്കാക്കുന്നത്. കള്ളക്കടത്തിന് സഹായം നൽകുന്നതിനായി സിവിലിയൻ റാക്കറ്റുകളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ കൈപ്പറ്റി. നികുതിയോ മറ്റ് തീരുവകളോ നൽകാതെയാണ് സാധനങ്ങൾ അതിർത്തി കടത്തിയതെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഈ വർഷം ഫെബ്രുവരിയിൽ ആരംഭിച്ച അന്വേഷണത്തിൽ ഇതുവരെ ഒരു ഷിൻ ബെറ്റ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ പതിനഞ്ചിലധികം പേർക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. ഐഡിഎഫിലെ റിസർവ് സൈനികരും ഈ കള്ളക്കടത്ത് ശൃംഖലയിൽ സജീവമാണെന്ന കണ്ടെത്തൽ ഇസ്രയേൽ സൈനിക നേതൃത്വത്തിന് വലിയ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. കുറ്റക്കാർക്കെതിരെ വധശിക്ഷയ്ക്ക് തുല്യമായ കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം.

Also read: