മുഖ്യമന്ത്രി ചർച്ച: സാദിഖലി ശിഹാബ് തങ്ങളെ വിളിച്ച് സോണിയ; സതീശൻ അനുകൂല നിലപാടിൽ മുസ്‌ലിം ലീഗ്
മലപ്പുറം: കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം അന്തിമഘട്ടത്തിലേക്ക് നീങ്ങവെ, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ ഫോണിൽ വിളിച്ച് സംസാരിച്ചു. പുതിയ സർക്കാരിന്റെ നേതൃസ്ഥാനം സംബന്ധിച്ച ലീഗിന്റെ നിലപാടും മുന്നണിയിലെ പൊതുവികാരവും സോണിയ ഗാന്ധി ആരാഞ്ഞു. ചർച്ചയിൽ വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന താൽപ്പര്യമാണ് ലീഗ് മുന്നോട്ടുവെച്ചത്. സതീശന് അനുകൂലമായ ജനവികാരവും എംഎൽഎമാരുടെ പിന്തുണയും സാദിഖലി തങ്ങൾ സോണിയ ഗാന്ധിയെ അറിയിച്ചു.
മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ നിലപാടും നിർണ്ണായകമാകും. ആന്റണിയുമായി സോണിയ ഗാന്ധി ഇതിനോടകം ചർച്ചകൾ നടത്തിയിട്ടുണ്ട്. അതേസമയം, മുഖ്യമന്ത്രി പ്രഖ്യാപനം നീണ്ടുപോകുന്നതിൽ ലീഗ് നേതൃത്വം കടുത്ത അമർഷം രേഖപ്പെടുത്തി. ഭരണപരമായ സ്തംഭനം ഒഴിവാക്കാൻ ഉടനടി തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് ലീഗ് ഇന്ന് പാണക്കാട് അടിയന്തര യോഗം ചേരുകയാണ്. മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനമായാൽ ഉടൻ തന്നെ മന്ത്രിസഭാ രൂപീകരണ ചർച്ചകളിലേക്ക് കടക്കാനാണ് യുഡിഎഫ് നീക്കം. ലീഗിന്റെ മന്ത്രിസ്ഥാനങ്ങളെക്കുറിച്ചും വകുപ്പുകളെക്കുറിച്ചും ഇന്നത്തെ പാണക്കാട് യോഗത്തിൽ ധാരണയുണ്ടാകും.