‘എന്തുകൊണ്ട് ഇവരെ കോമാളി നിലവാരത്തിൽ കാണുന്നു എന്നതിന് വേറെ ഉദാഹരണം വേണ്ട’; ബിജെപി നേതൃത്വത്തിന് സാമാന്യബോധം വേണമെന്ന് ബൽറാം
കാസർകോട്: കെഎസ്ആർടിസി ബസുകളിൽ സൗജന്യയാത്ര ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നടത്തുന്ന സമരത്തെ രൂക്ഷമായി വിമർശിച്ച് നിയുക്ത എംഎൽഎ വി.ടി ബൽറാം. ബിജെപി നേതൃത്വത്തിന് കുറഞ്ഞപക്ഷം സാമാന്യബോധമെങ്കിലും ഉണ്ടാകണമെന്നും, മലയാളികൾ എന്തിനാണ് ഇവരെ കോമാളി നിലവാരത്തിൽ കാണുന്നത് എന്നതിന് ഇതിലും വലിയ ഉദാഹരണം വേണ്ടെന്നും അദ്ദേഹം പരിഹസിച്ചു.
യുഡിഎഫ് പ്രഖ്യാപിച്ച സൗജന്യയാത്ര നടപ്പിലാക്കാൻ വൈകുന്നു എന്ന് ആരോപിച്ചാണ് ബിജെപി കാസർകോട് ജില്ലാ കമ്മിറ്റി സമരം സംഘടിപ്പിച്ചത്. എന്നാൽ, സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്താൽ മാത്രമേ നയപരമായ തീരുമാനങ്ങൾ എടുക്കാനാവൂ എന്ന പ്രാഥമിക അറിവ് പോലും ബിജെപി നേതൃത്വത്തിനില്ലാത്തത് ദയനീയമാണെന്ന് ബൽറാം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ഇന്ധനവില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെയും പ്രധാനമന്ത്രിയുടെയും ചിത്രം പോസ്റ്ററിൽ വെച്ചുകൊണ്ടാണ് ബിജെപി സമരം നടത്തുന്നതെന്ന കൗതുകവും അദ്ദേഹം പങ്കുവെച്ചു. യുഡിഎഫ് സർക്കാർ വൻ ജനപിന്തുണയോടെയാണ് അധികാരത്തിൽ വരുന്നത്. സ്ത്രീകൾക്കുള്ള സൗജന്യയാത്ര ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ ഓരോന്നായി നടപ്പിലാക്കുമെന്നും, കുറച്ചുകൂടി നിലവാരമുള്ള സൃഷ്ടിപരമായ പ്രതിപക്ഷമാകാൻ ബിജെപി ശ്രമിക്കണമെന്നും ബൽറാം കൂട്ടിച്ചേർത്തു. ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ അശ്വിനിയുടെ നേതൃത്വത്തിൽ കെഎസ്ആർടിസി ബസിൽ ടിക്കറ്റില്ലാ യാത്ര നടത്തി സമരം ഉദ്ഘാടനം ചെയ്യുമെന്നാണ് ബിജെപി അറിയിച്ചിരിക്കുന്നത്.