സെയിൽസ്മാനും സെക്യൂരിറ്റിയും ആയിരുന്ന ഒ.ജെ.ജനീഷ്; ഇന്ന് യുവജനങ്ങളുടെ കാവലാൾ
തൃശൂർ: സാധാരണ കോൺഗ്രസ് പ്രവർത്തകനായി തുടങ്ങി ഒടുവിൽ സംസ്ഥാന മന്ത്രിസഭയിലേക്ക് ഉയർന്നു വന്നിരിക്കുകയാണ് ഒ.ജെ. ജനീഷ്. ലീഡർ കെ. കരുണാകരന്റെ രാഷ്ട്രീയ തട്ടകമായിരുന്ന മാള ഉൾപ്പെടുന്ന കൊടുങ്ങല്ലൂരിൽ നിന്നാണ് ഈ യുവനേതാവിന്റെ വരവ്. കഠിനമായ ജീവിത സാഹചര്യങ്ങളോട് പോരാടിയാണ് ജനീഷ് തന്റെ വിജയം കൈവരിച്ചത്.
പെരുമ്പാവൂർ കൂവപ്പടി ഗവ. പോളിടെക്‌നിക് കോളജിൽ പഠിക്കുന്ന കാലത്താണ് ജനീഷ് കെഎസ്‌യുവിലൂടെ വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമാകുന്നത്. ഡിപ്ലോമ പഠനകാലത്തായിരുന്നു അച്ഛൻ ജനരഞ്ജനന്റെ അപ്രതീക്ഷിത മരണം. തുടർന്ന് തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ പുഷ്പയുടെ വരുമാനത്തിലാണ് കുടുംബം മുന്നോട്ട് പോയത്. അമ്മയെ സഹായിക്കാനായി ജനീഷ് ഒട്ടേറെ പാർട്ട് ടൈം ജോലികൾ ചെയ്തു. വ്യവസായ സ്ഥാപനത്തിലെ രാത്രി ജോലി, പെരുമ്പാവൂർ ബസ് സ്റ്റാൻഡിലെ പുസ്തകശാലയിലെ സെയിൽസ്മാൻ, ഇന്റർനെറ്റ് കഫേ സഹായി, സൈക്കിൾ കടയിലെ ജീവനക്കാരൻ, സുരക്ഷാ ജീവനക്കാരൻ (സെക്യൂരിറ്റി) എന്നിങ്ങനെ വിവിധ ജോലികൾ ചെയ്താണ് അദ്ദേഹം പഠനച്ചെലവ് കണ്ടെത്തിയത്.
ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ ഡിപ്ലോമയ്ക്ക് ശേഷം തൃശൂർ ഗവ. ലോ കോളജിൽ നിന്ന് ബിബിഎ എൽഎൽബി ബിരുദം നേടി. തുടർന്ന് തൃശൂർ ബാറിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. ഇതിനിടയിൽ കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റായും പിന്നീട് ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചു. ഗ്രൂപ്പ് രാഷ്ട്രീയത്തിന് അതീതമായി വോട്ട് നേടി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായ ജനീഷ്, പിന്നീട് അതിന്റെ സംസ്ഥാന പ്രസിഡന്റ് പദവിയിലുമെത്തി. വി.എം. സുധീരനു ശേഷം തൃശൂരിൽ നിന്ന് ഈ പദവിയിലെത്തുന്ന ആദ്യ നേതാവാണ് അദ്ദേഹം. ഇന്ത്യ യുണൈറ്റഡ് പദയാത്ര, ഭാരത് ജോഡോ യാത്ര എന്നിവയുടെ സംഘാടനത്തിലും കോവിഡ് കാലത്തെ സേവന പ്രവർത്തനങ്ങളിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു കോട്ടയായ കൊടുങ്ങല്ലൂർ മണ്ഡലം തിരിച്ചുപിടിക്കാനാണ് കോൺഗ്രസ് ജനീഷിനെ നിയോഗിച്ചത്. മുൻ മന്ത്രി വി.കെ. രാജന്റെ മകനും സിറ്റിങ് എംഎൽഎയുമായ വി.ആർ. സുനിൽ കുമാറായിരുന്നു എതിരാളി. പ്രചാരണ വേളയിൽ തന്റെയും തൊഴിലുറപ്പ് തൊഴിലാളിയായ അമ്മയുടെയും ജീവിതകഥ പങ്കുവെച്ചാണ് ജനീഷ് ജനങ്ങളോട് വോട്ട് അഭ്യർഥിച്ചത്. ഒടുവിൽ കന്നിയങ്കത്തിൽ 8,308 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ അദ്ദേഹം മികച്ച വിജയം നേടി. മണ്ഡലത്തിൽ നന്ദിപ്രകടന പരിപാടികളിൽ പങ്കെടുക്കുന്നതിനിടയിലാണ് മന്ത്രിയാകാനുള്ള സന്ദേശം ജനീഷിനെ തേടിയെത്തുന്നത്. കെ. കരുണാകരന് ശേഷം മാള പ്രവിശ്യയിൽ നിന്ന് മന്ത്രിയാകുന്ന കോൺഗ്രസ് നേതാവാണ് ഒ.ജെ. ജനീഷ്.