02/08/2026
[fontresizer_tawhidurrahmandear_widget]

‘വാഗൺ-ആർ കാർ മെല്ലെവന്ന് അരികെ നിർത്തി; ഷുഹൈബിനെ വളഞ്ഞിട്ട് തുരുതുരാ വെട്ടി’- ആകാശ് തില്ലങ്കേരി ഉൾപ്പെടെ 5 പ്രതികളെ തിരിച്ചറിഞ്ഞ് ഒന്നാം സാക്ഷി

 ‘വാഗൺ-ആർ കാർ മെല്ലെവന്ന് അരികെ നിർത്തി; ഷുഹൈബിനെ വളഞ്ഞിട്ട് തുരുതുരാ വെട്ടി’- ആകാശ് തില്ലങ്കേരി ഉൾപ്പെടെ 5 പ്രതികളെ തിരിച്ചറിഞ്ഞ് ഒന്നാം സാക്ഷി

തലശ്ശേരി: കേരളത്തെ നടുക്കിയ യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എടയന്നൂരിലെ എസ്.പി ഷുഹൈബ് വധക്കേസിൽ തലശ്ശേരി അഡീഷനൽ ജില്ലാ സെഷൻസ് കോടതിയിൽ വിചാരണ ആരംഭിച്ചു. കേസിൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒന്നു മുതൽ അഞ്ചു വരെയുള്ള പ്രതികളെ ഒന്നാം സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു. ജഡ്ജി റൂബി കെ. ജോസ് മുമ്പാകെയായിരുന്നു വിസ്താരം നടന്നത്.

സംഭവസമയം ഷുഹൈബിനോടൊപ്പമുണ്ടായിരുന്നതും ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്ത സുഹൃത്ത് ഇ. റിയാസിനെയാണ് കോടതി ആദ്യദിവസം വിസ്തരിച്ചത്. ആക്രമണത്തിന്റെ ഭീകരത റിയാസ് കോടതിയിൽ വിവരിച്ചു. ഷുഹൈബിനെ അക്രമിസംഘം വളഞ്ഞിട്ട് തുരുതുരാ വെട്ടുകയായിരുന്നുവെന്നും വെട്ടേറ്റ ഷുഹൈബ് നിലത്തുവീണതായും റിയാസ് പറഞ്ഞു.

സംഭവദിവസം താനും ഷുഹൈബും സുഹൃത്തായ നൗഷാദും ഒരുമിച്ച് കാറിൽ പെട്രോളടിക്കാൻ ചാലോട് ഭാഗത്തേക്ക് പോയിരുന്നു. എന്നാൽ, പമ്പിൽനിന്ന് ഇന്ധനം ലഭിക്കാത്തതിനെ തുടർന്ന് മടങ്ങിവരുന്ന വഴിയിലാണ് എടയന്നൂരിൽ പുതുതായി തുടങ്ങിയ തട്ടുകടയിൽ കയറിയത്. ചായ കുടിച്ച് പണം കൊടുക്കാൻ നിൽക്കുന്നതിനിടെയാണ് നമ്പർ പ്ലേറ്റില്ലാത്ത ഒരു വെളുത്ത വാഗൺ-ആർ കാർ മെല്ലെവന്ന് അരികിൽ നിർത്തിയത്. തുടർന്ന് കാറിൽ നിന്നിറങ്ങിയ സംഘം മാരകായുധങ്ങളുമായി തങ്ങളെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് റിയാസ് കോടതിയിൽ മൊഴി നൽകി.

ഷുഹൈബിനെ കൊലപ്പെടുത്താൻ പ്രതികൾ ഉപയോഗിച്ച രണ്ട് വാളുകളും ഒരു മഴുവും കോടതിയിൽ ഹാജരാക്കിയിരുന്നു. നേരത്തെ കേസിൽ സാക്ഷിവിസ്താരം ആരംഭിച്ചിരുന്നെങ്കിലും, പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ഷുഹൈബിന്റെ കുടുംബത്തിന്റെ ആവശ്യത്തെ തുടർന്ന് നടപടികൾ നിർത്തിവെക്കുകയായിരുന്നു. കേസിൽ നിലവിലെ സാക്ഷി വിസ്താരം ജൂൺ 14 വരെ തുടരും.

2018 ഫെബ്രുവരി 18-ന് രാത്രി പത്തരയോടെയാണ് മട്ടന്നൂർ കീഴൂർ തെരുവിലെ തട്ടുകടയിൽ ഇരിക്കുകയായിരുന്ന ഷുഹൈബിനെ മാരകായുധങ്ങളുമായെത്തിയ സംഘം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. സി.പി.എം പ്രവർത്തകരും അനുഭാവികളുമായ ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ള 11 പേരായിരുന്നു ആദ്യഘട്ടത്തിൽ കേസിലെ പ്രതികൾ. പിന്നീട് നടന്ന തുടരന്വേഷണത്തിൽ ആറ് പേരെക്കൂടി ഉൾപ്പെടുത്തി അന്വേഷണസംഘം പുതിയ കുറ്റപത്രം സമർപ്പിച്ചു.

എം.വി ആകാശ് (32), രജിൽരാജ് (33), എ. ജിതിൻ (32), സി.എസ് ദീപ്ചന്ദ് (34), ടി.കെ അസ്‌കർ (35), കെ. ബൈജു (45), പി.വി അൻവർ സാദത്ത് (32), കെ. അഖിൽ (32), കെ. സഞ്ജയ് (30), കെ. രജത് (32), കെ.വി സംഗീത് (31), കെ. അഭിനാഷ് (30), സി. നിജിൽ (31), കെ.പി പ്രശാന്ത് (57), എ.പി സനീഷ് (32), എ.കെ സുബിൻ (32), വി. പ്രജിത്ത് (35) എന്നിവരുൾപ്പെടെ 17 പ്രതികളാണ് ഇപ്പോൾ കേസിലുള്ളത്.

ആകെ 142 സാക്ഷികളുള്ള കേസിൽ ആദ്യഘട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ ഒഴികെയുള്ള 137 സാക്ഷികളെയാണ് വിസ്തരിക്കുക. കേസിൽ സ്‌പെഷൽ പ്രോസിക്യൂട്ടറായി അഡ്വ. കെ. പത്മനാഭനും പ്രതിഭാഗത്തിന് വേണ്ടി അഭിഭാഷകരായ പി.വി ഹരി മഹേശ്വരൻ പിള്ള, എൻ.ആർ ഷാനവാസ് എന്നിവരും ഹാജരായി.

Also read: