ഇഡി-സിബിഐ കേസ്, 31 മാസം ജയിലിൽ; ഒടുവിൽ കുറ്റവിമുക്തൻ-അദാനി ‘തട്ടിയെടുത്ത’ സ്വന്തം കമ്പനി തിരിച്ചുപിടിക്കാൻ അഹമ്മദ് ബുഹാരി നിയമപോരാട്ടത്തിന്!
ചെന്നൈ: ഇന്ത്യൻ കോർപ്പറേറ്റ് ലോകത്തെയും രാഷ്ട്രീയ കേന്ദ്രങ്ങളെയും ഒരുപോലെ പിടിച്ചുലയ്ക്കാൻ പോന്ന ഒരു അണിയറക്കഥയാണ് തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽനിന്ന് ഇപ്പോൾ പുറത്തുവരുന്നത്. രാജ്യത്തെ പ്രമുഖ എൻ.ആർ.ഐ വ്യവസായിയും കോസ്റ്റൽ എനർജൻ പവർ ലിമിറ്റഡിന്റെ പ്രൊമോട്ടറുമായ അഹമ്മദ് ബുഹാരി, കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള കേസിൽ പൂർണമായി കുറ്റവിമുക്തനാക്കപ്പെട്ടിരിക്കുന്നു. ചെന്നൈയിലെ പ്രത്യേക സി.ബി.ഐ കോടതി എല്ലാ നടപടികളും ഔദ്യോഗികമായി അവസാനിപ്പിച്ചുകൊണ്ട് ബുഹാരിക്ക് ‘ക്ലീൻ ചിറ്റ്’ നൽകിയ വാർത്തയ്ക്കു പിന്നാലെ അതിനേക്കാൾ വലിയൊരു കോർപറേറ്റ് അട്ടിമറിയുടെ കഥയാണു പുറത്തുവരുന്നത്.
കേവലം ഒരു സാമ്പത്തിക കേസിന്റെ തീർപ്പല്ല ഇത്. കേന്ദ്ര അന്വേഷണ ഏജൻസികളായ സി.ബി.ഐയും ഇ.ഡിയും ഒരു വ്യവസായിയെ വളഞ്ഞിട്ട് ആക്രമിക്കുന്നതും, അയാൾ ജയിലിൽ കിടക്കുന്ന സമയം നോക്കി രാജ്യത്തെ ഏറ്റവും വലിയ കോർപറേറ്റ് ഭീമനായ അദാനി ഗ്രൂപ്പ് അയാളുടെ സ്വപ്ന പദ്ധതി തട്ടിയെടുക്കുന്നതുമായ ഒരു കൃത്യമായ തിരക്കഥയാണ് ഇവിടെ ദൃശ്യമാകുന്നത്. ജി.വി.കെ ഗ്രൂപ്പിൽനിന്ന് മുംബൈ വിമാനത്താവളവും, കൃഷ്ണപട്ടണം, ഗംഗാവരം തുറമുഖങ്ങളും അദാനി ഗ്രൂപ്പ് സ്വന്തമാക്കിയ അതേ തന്ത്രം തന്നെയാണ് ഇവിടെയും ആവർത്തിക്കപ്പെട്ടത്.
ആദ്യം സി.ബി.ഐ, പിന്നാലെ ഇ.ഡി: ആസൂത്രിതമായ വേട്ടയാടൽ
അഹമ്മദ് ബുഹാരിയുടെയും അദ്ദേഹത്തിന്റെ സ്വപ്ന പദ്ധതിയായ 1,200 മെഗാവാട്ട് ശേഷിയുള്ള തൂത്തുക്കുടി കോസ്റ്റൽ എനർജൻ പവർ പ്ലാന്റിന്റെയും തകർച്ചയ്ക്ക് തുടക്കം കുറിക്കുന്നത് 2018-ലാണ്. പൊതുമേഖലാ സ്ഥാപനമായ എൻ.ടി.പി.സിക്ക് ഗുണനിലവാരം കുറഞ്ഞ കൽക്കരി ഉയർന്ന വിലയ്ക്ക് നൽകി 564 കോടി രൂപയുടെ അഴിമതി നടത്തി എന്നായിരുന്നു ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ കണ്ടെത്തൽ. ഇതിന്റെ ചുവടുപിടിച്ച് സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തു.
സി.ബി.ഐ എഫ്.ഐ.ആർ ഇട്ടതിന് പിന്നാലെ ഇ.ഡിയും രംഗത്തിറങ്ങി. കള്ളപ്പണം വെളുപ്പിച്ചു എന്നാരോപിച്ച് 2022 മാർച്ചിൽ ബുഹാരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. വിദേശ രാജ്യങ്ങളായ മൗറീഷ്യസ്, യു.എ.ഇ എന്നിവിടങ്ങളിലെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാനുണ്ടെന്ന് കാണിച്ച് ഏജൻസി ബുഹാരിയുടെ ജാമ്യാപേക്ഷകളെ നിരന്തരം എതിർത്തു. മദ്രാസ് ഹൈക്കോടതി ഒരു ഘട്ടത്തിൽ ജാമ്യം റദ്ദാക്കുക പോലും ചെയ്തു. ഒടുവിൽ വിചാരണയോ തെളിവെടുപ്പോ ഇല്ലാതെ 31 മാസക്കാലമാണ് (ഏകദേശം രണ്ടര വർഷത്തിലേറെ) അഹമ്മദ് ബുഹാരിക്ക് ജയിലിൽ കഴിയേണ്ടി വന്നത്. ഈ തടവുകാലമാണ് അദാനി ഗ്രൂപ്പിന് കമ്പനിയിലേക്ക് പിൻവാതിലിലൂടെ കയറിവരാനുള്ള വഴി തുറന്നുകൊടുത്തത്.
പ്രൊമോട്ടർ ജയിലിൽ; കമ്പനി പിടിക്കാൻ അദാനിയുടെ എൻട്രി
അഹമ്മദ് ബുഹാരി കമ്പനി കാര്യങ്ങൾ നോക്കാൻ കഴിയാതെ ജയിലിൽ കിടന്ന സമയം നോക്കി കോസ്റ്റൽ എനർജൻ പവർ ലിമിറ്റഡിനെ മനഃപൂർവ്വം പാപ്പരത്ത നടപടികളിലേക്ക് (Insolvency and Bankruptcy Code – IBC) തള്ളിവിട്ടു. ഇവിടെയാണ് അദാനി പവറിന്റെ ദുരൂഹമായ രംഗപ്രവേശം. കോസ്റ്റൽ എനർജൻ വിലയ്ക്ക് വാങ്ങാൻ താൽപര്യമുള്ളവരിൽനിന്ന് റെസല്യൂഷൻ പ്രൊഫഷണൽ അപേക്ഷ ക്ഷണിച്ചപ്പോൾ അദാനി പവർ വ്യക്തിഗതമായി സമർപ്പിച്ച താൽപര്യപത്രം സമയം വൈകി എന്ന കാരണത്താൽ തള്ളിക്കളഞ്ഞിരുന്നു. എന്നാൽ കളി അവിടെ തീർന്നില്ല.
ലേലത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയ ‘ഡിക്ക് ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ്’ എന്ന പ്രൈവറ്റ് അസറ്റ് മാനേജ്മെന്റ് കമ്പനിയുടെ കൂടെ ഒരു കൺസോർഷ്യമായി അദാനി പവർ പിന്നീട് രംഗപ്രവേശം ചെയ്തു. തുടക്കത്തിൽ ഒന്നിച്ച് അപേക്ഷിക്കാത്ത ഒരു കമ്പനിയെ പിന്നീട് കൺസോർഷ്യത്തിന്റെ ഭാഗമായി ലേലത്തിൽ പങ്കെടുപ്പിക്കാൻ പാടില്ലെന്ന കർശന നിയമം കാറ്റിൽപ്പറത്തിയാണ് അദാനിക്ക് ഈ ‘ബാക്ക്-ഡോർ എൻട്രി’ അനുവദിച്ചതെന്ന് കമ്പനിയുടെ സസ്‌പെൻഡ് ചെയ്യപ്പെട്ട ഡയറക്ടർമാർ ആരോപിക്കുന്നു.
ബാങ്കുകളുടെ അമിത തിടുക്കവും സംശയ നിഴലിൽ
ജയിലിൽ കിടക്കുമ്പോഴും തന്റെ കമ്പനിയെ രക്ഷിക്കാൻ ബുഹാരി പരമാവധി ശ്രമിച്ചിരുന്നു. ബാങ്കുകൾക്ക് നൽകാനുള്ള കടം തീർക്കുന്നതിനായി 5,847 കോടി രൂപയുടെ ഒറ്റത്തവണ തീർപ്പാക്കൽ പാക്കേജ് പ്രൊമോട്ടർമാർ ബാങ്കുകളുടെ കൺസോർഷ്യത്തിന് മുന്നിൽ വെച്ചു. ബാങ്കുകൾക്ക് കിട്ടാനുള്ള യഥാർത്ഥ തുകയേക്കാൾ ഉയർന്ന തുകയും കമ്പനിയുടെ 15% ഓഹരിയും ബുഹാരി വാഗ്ദാനം ചെയ്തിട്ടും ബാങ്കുകൾ അത് നിഷ്‌കരുണം നിരസിച്ചു. പകരം വെറും 3,300 കോടി രൂപയ്ക്ക് (ബുഹാരി വാഗ്ദാനം ചെയ്തതിനേക്കാൾ 2500 കോടിയോളം രൂപ കുറച്ച്) കമ്പനി അദാനി ഉൾപ്പെട്ട കൺസോർഷ്യത്തിന് വിൽക്കാനാണ് ബാങ്കുകൾ താൽപര്യം കാണിച്ചത്. കേന്ദ്ര ഭരണകൂടത്തിന്റെ സമ്മർദമില്ലാതെ ബാങ്കുകൾ ഇത്രയും വലിയ സാമ്പത്തിക നഷ്ടം സഹിക്കില്ലെന്നാണ് കോർപറേറ്റ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
ഉപായത്തിലൂടെ ലയനം; എങ്കിലും നിയമക്കുരുക്കിൽ
2024 ഓഗസ്റ്റ് 30-ന് ചെന്നൈയിലെ നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ (എൻസിഎൽടി) അദാനി കൺസോർഷ്യത്തിന്റെ പ്ലാൻ അംഗീകരിച്ചു. തൊട്ടടുത്ത ദിവസം തന്നെ അദാനി പവർ കമ്പനി പൂർണമായി ഏറ്റെടുത്തതായി പ്രഖ്യാപിച്ചു. മോക്‌സി പവർ ജനറേഷൻ ലിമിറ്റഡ് (എംപിജിഎൽ) എന്ന തങ്ങളുടെ സ്‌പെഷ്യൽ പർപസ് വെഹിക്കിളിലേക്ക് കോസ്റ്റൽ എനർജനെ ലയിപ്പിച്ചുകൊണ്ട് കമ്പനി തന്നെ ഇല്ലാതാക്കാനാണ് അദാനി ശ്രമിച്ചത്.
എന്നാൽ, ബുഹാരിയുടെ ഭാഗത്തുനിന്നുള്ള ശക്തമായ നിയമപോരാട്ടത്തിൽ നാഷണൽ കമ്പനി ലോ അപലേറ്റ് ട്രിബ്യൂണൽ (എൻസിഎൽഎടി) ഈ ഏറ്റെടുക്കലിന്മേൽ ‘സ്റ്റാറ്റസ് ക്വോ’ (തദ്സ്ഥിതി തുടരാൻ) ഉത്തരവിട്ടു. അദാനി ഗ്രൂപ്പ് ഉടൻ തന്നെ സുപ്രീം കോടതിയെ സമീപിച്ച് താൽക്കാലികമായി പ്ലാന്റ് പ്രവർത്തിപ്പിക്കാനുള്ള അനുമതി വാങ്ങിയെങ്കിലും, പാപ്പരത്ത നടപടികളിലെ ക്രമക്കേടുകളെക്കുറിച്ചുള്ള കേസ് ഇപ്പോഴും കോടതികളുടെ പരിഗണനയിലാണ്.
തകർന്നടിഞ്ഞ കേസുകൾ; കുറ്റവിമുക്തനായി ബുഹാരി
അദാനി കമ്പനി പിടിച്ചടക്കിയെങ്കിലും കേന്ദ്ര ഏജൻസികൾ കെട്ടിച്ചമച്ച കേസുകൾ കോടതികളിൽ ഓരോന്നായി തകർന്നടിഞ്ഞു. 2025 സെപ്റ്റംബർ 16നു തെളിവുകളില്ലെന്ന് കണ്ട് സി.ബി.ഐയുടെ യഥാർത്ഥ എഫ്.ഐ.ആർ ഡൽഹി ഹൈക്കോടതി റദ്ദാക്കി.
2025 ഒക്ടോബർ ഏഴിന് അടിസ്ഥാന കേസ് ഇല്ലാതായതോടെ ഇ.ഡിയുടെ പി.എം.എൽ.എ പ്രോസിക്യൂഷൻ മദ്രാസ് ഹൈക്കോടതി റദ്ദാക്കി. 2026 ഏപ്രിൽ 28ന് ചെന്നൈയിലെ പ്രത്യേക സി.ബി.ഐ കോടതി ബുഹാരിക്കെതിരെയുള്ള എല്ലാ കേസുകളും ഔദ്യോഗികമായി അവസാനിപ്പിച്ചു.
എട്ട് വർഷത്തെ ക്രൂരമായ നിയമവേട്ടയ്ക്കും 31 മാസത്തെ അന്യായ തടവിനും ശേഷമാണ് അഹമ്മദ് ബുഹാരി പൂർണ നിരപരാധിയായി പുറത്തുവരുന്നത്.
‘എന്റെ കുഞ്ഞിനെ ഞാൻ തിരിച്ചുപിടിക്കും’
കേസുകളിൽനിന്ന് പൂർണമായി മുക്തനായ ശേഷം ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അതീവ വൈകാരികമായാണ് അഹമ്മദ് ബുഹാരി പ്രതികരിച്ചത്.
”ജയിൽ ഒരാളെ ഒന്നുകിൽ തകർക്കും, അല്ലെങ്കിൽ കൂടുതൽ ശക്തനാക്കും. എന്നെ അത് കൂടുതൽ ശക്തനാക്കി. എന്റെ ചോരയും നീരുമൊഴുക്കി ഞാൻ കെട്ടിപ്പടുത്തതാണ് ആ പവർ പ്ലാന്റ്. എന്റെ കുഞ്ഞ് പോലെയാണത്.”-അദ്ദേഹം പറഞ്ഞു.
ഞാൻ ജയിലിൽ കിടന്ന് ശ്വാസം മുട്ടിയ സമയത്താണ് അവർ എന്നിൽനിന്ന് അത് തട്ടിയെടുത്തത്. എനിക്ക് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ പൂർണ വിശ്വാസമുണ്ട്. അപ്പീൽ ട്രിബ്യൂണലിൽനിന്ന് എനിക്ക് നീതി കിട്ടും. എന്റെ പ്ലാന്റ് ഞാൻ അദാനിയിൽനിന്ന് തിരിച്ചുപിടിക്കുക തന്നെ ചെയ്യുമെന്നും ബുഹാരി കൂട്ടിച്ചേർത്തു.
ഇന്ത്യൻ കോർപറേറ്റ് ലോകത്തെ ‘അദാനി പാറ്റേൺ’
ഈ കേസ് കൃത്യമായി നിരീക്ഷിച്ചാൽ കേന്ദ്ര ഏജൻസികളും അദാനി ഗ്രൂപ്പും തമ്മിലുള്ള വിചിത്രമായ പൊരുത്തം വ്യക്തമാകും. ഇന്ത്യയിലെ പ്രധാനപ്പെട്ട ഇൻഫ്രാസ്ട്രക്ചർ ആസ്തികൾ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയതിന് പിന്നിൽ സമാനമായൊരു രീതി കാണാം.
ജി.വി.കെ ഗ്രൂപ്പിനെതിരെ സി.ബി.ഐ, ഇ.ഡി റെയ്ഡുകളും കേസുകളും വന്നു. സമ്മർദത്തിലായ ജി.വി.കെ ഗ്രൂപ്പിൽനിന്ന് അദാനി എയർപോർട്ട് ഏറ്റെടുത്തു. കൃഷ്ണപട്ടണം പോർട്ടുമായി ബന്ധപ്പെട്ട് സി.വി.ആർ ഗ്രൂപ്പിന് മേൽ സാമ്പത്തിക പ്രതിസന്ധിയും ഏജൻസികളുടെ നിരീക്ഷണവും വന്നു. അദാനി പോർട്‌സ് കുറഞ്ഞ വിലയ്ക്ക് തുറമുഖം സ്വന്തമാക്കി.
തന്ത്രപ്രധാനമായ വലിയ ആസ്തികളുള്ള ഒരു വ്യവസായിക്കെതിരെ ആദ്യം കേന്ദ്ര ഏജൻസികൾ വരിക, റെയ്ഡും അറസ്റ്റും വഴി പ്രൊമോട്ടറെ മാനസികമായും സാമ്പത്തികമായും തകർക്കുക, കമ്പനി പാപ്പരത്ത നടപടികളിലേക്ക് നീങ്ങുമ്പോൾ രക്ഷകനായി അദാനി ഗ്രൂപ്പ് വന്ന് തുച്ഛമായ വിലയ്ക്ക് അത് സ്വന്തമാക്കുക-ഇതാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്ന ‘അദാനി പാറ്റേൺ’.
ബിസിനസ് താൽപര്യങ്ങൾ മാത്രമാണ് തങ്ങളെ നയിക്കുന്നതെന്നും എല്ലാ ഏറ്റെടുക്കലുകളും സുതാര്യമാണെന്നുമാണ് അദാനി ഗ്രൂപ്പിന്റെ വാദം. എന്നാൽ, ജയിൽ മോചിതനായ അഹമ്മദ് ബുഹാരി തന്റെ നിരപരാധിത്വം തെളിയിച്ച് പ്ലാന്റിനായി നിയമപോരാട്ടത്തിന് ഇറങ്ങുമ്പോൾ, ഈ കോർപറേറ്റ് അട്ടിമറിയുടെ യഥാർത്ഥ മുഖം വരും ദിവസങ്ങളിൽ കോടതി മുറികളിൽ തുറന്നുകാട്ടപ്പെടുമെന്ന് ഉറപ്പാണ്.