ബംഗാളിൽ കടയിൽ കയറി ഝാൽമുരി കഴിച്ച് മോദി; പിന്നാലെ കടക്കാരന് പാകിസ്താനിൽ നിന്ന് വധഭീഷണി
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബംഗാളിലെ പ്രശസ്തമായ ലഘുഭക്ഷണമായ ഝാൽമുരി വിറ്റ കച്ചവടക്കാരന് പാകിസ്‌താനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും വധഭീഷണി. ജാർഗ്രാം സ്വദേശിയായ ബിക്രം സൗ എന്ന വ്യാപാരിക്കാണ് ഈ ദുരനുഭവം ഉണ്ടായിരിക്കുന്നത്.
ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി, കഴിഞ്ഞ ഏപ്രിൽ 19-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജാർഗ്രാമിലുള്ള ബിക്രം സൗവിന്റെ തട്ടുകടയിൽ അപ്രതീക്ഷിതമായി എത്തിയത്. പൊതുയോഗം കഴിഞ്ഞ് മടങ്ങുന്ന വഴിയിൽ ബിക്രമിന്റെ കടയിൽ വാഹനം നിർത്തുകയും അദ്ദേഹം ബംഗാളിലെ പ്രിയപ്പെട്ട ലഘുഭക്ഷണമായ ഝാൽമുരി വാങ്ങി കഴിക്കുകയും ചെയ്തിരുന്നു. ഇതിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായതോടെ ബിക്രം സൗ പെട്ടെന്ന് തന്നെ ജനശ്രദ്ധ നേടി. അടുത്തിടെ നടന്ന തൻ്റെ വിദേശ പര്യടനത്തിനിടെ നെതർലൻഡ്‌സിൽ വെച്ച് പ്രധാനമന്ത്രി മോദി ഈ സംഭവം പ്രത്യേകം പരാമർശിക്കുകയും ചെയ്തിരുന്നു.
എന്നാൽ അപ്രതീക്ഷിതമായി കൈവന്ന ഈ പ്രശസ്‌തി ബിക്രം സൗവിനും കുടുംബത്തിനും ഇപ്പോൾ വലിയൊരു പേടിസ്വപ്‌നമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പാകിസ്‌താനിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള അന്താരാഷ്ട്ര നമ്പറുകളിൽ നിന്ന് തനിക്ക് നിരന്തരം ഫോൺ കോളുകളും വീഡിയോ കോളുകളും വരുന്നുണ്ടെന്ന് ബിക്രം വെളിപ്പെടുത്തി. തൻ്റെ കുടുംബത്തെ അടക്കം ഇല്ലാതാക്കുമെന്നും കട ബോംബ് വെച്ച് തകർക്കുമെന്നുമൊക്കെയാണ് ഫോണിലൂടെയുള്ള ഭീഷണികളെന്നും അദ്ദേഹം പറഞ്ഞു.
ഈ സംഭവം ബിക്രമിനെയും കുടുംബത്തെയും കടുത്ത ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. വിദേശ നമ്പറുകളിൽ നിന്നുള്ള ഇത്തരം ഭീഷണി സന്ദേശങ്ങൾ ജാർഗ്രാം നിവാസികളെയും പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. ഭീഷണി സന്ദേശങ്ങൾ രൂക്ഷമായതിനെ തുടർന്ന് ബിക്രം സൗ പോലീസിൽ ഔദ്യോഗികമായി പരാതി നൽകി. ബിക്രമിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ലോക്കൽ പോലീസ് ഈ സംഭവത്തിൽ ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.