‘രക്ഷാപ്രവർത്തകർ’ ഒളിവിൽ; പിണറായിയുടെ ഗൺമാൻമാർ മുങ്ങിയെന്ന് എസ്ഐടി
ആലപ്പുഴ: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ്-കെഎസ്‌യു നേതാക്കളെ മർദിച്ച കേസിൽ പ്രതികളായ സുരക്ഷാ ഉദ്യോഗസ്ഥർ ഒളിവിൽ. പ്രതികൾക്കെതിരെ നരഹത്യാശ്രമം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതിന് പിന്നാലെയാണ് മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ് എന്നിവരടക്കം അഞ്ച് പ്രതികൾ ഒളിവിൽ പോയത്. നിലവിൽ ഇവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
എ.ഡി തോമസ് എംഎൽഎ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അജയ് ജൂവൽ കുര്യാക്കോസ് എന്നിവരെ മൃഗീയമായി മർദിച്ച കേസിലാണ് നടപടി. ഇടതു സർക്കാരിൻ്റെ കാലത്ത് ഇവർക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിരുന്നത്. എന്നാൽ യുഡിഎഫ് സർക്കാർ അധികാരമേറ്റ് പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിച്ചതോടെയാണ് കേസിൽ നിർണായക തിരിവുണ്ടായത്. പ്രതികൾ ചെയ്തത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ വ്യക്തമായിരുന്നു.
കഴിഞ്ഞദിവസം പ്രതികൾ ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യ അപേക്ഷ നൽകിയിരുന്നു. എന്നാൽ അന്വേഷണച്ചുമതലയുള്ള ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ബൈജു പൗലോസ് നേരിട്ടെത്തി നരഹത്യാശ്രമം അടക്കമുള്ള വകുപ്പുകൾ ചേർത്തുള്ള റിപ്പോർട്ട് സമർപ്പിച്ചതോടെ പ്രതികൾ ജാമ്യാപേക്ഷ പിൻവലിക്കുകയായിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയ സാഹചര്യത്തിൽ മുൻകൂർ നോട്ടീസ് നൽകാതെ തന്നെ പ്രതികളെ അറസ്റ്റ് ചെയ്യാൻ സാധിക്കും.
അതേസമയം, കേസിൽ പുതുതായി പ്രതിചേർക്കപ്പെട്ട ഷൈജു, വിപിൻ അരുൺ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി നാളെ പരിഗണിക്കും. മജിസ്ട്രേറ്റ് കോടതിയിലെ ജാമ്യാപേക്ഷ പിൻവലിച്ചതിന് പിന്നാലെ ഒന്നും രണ്ടും പ്രതികളായ അനിൽകുമാറും സന്ദീപും വീണ്ടും മുൻകൂർ ജാമ്യാപേക്ഷയുമായി സെഷൻസ് കോടതിയെ സമീപിച്ചിട്ടുണ്ട്.