‘സിബിഎസ്ഇ ക്രമക്കേടുകൾ പുറത്തുകൊണ്ടുവന്നതിന് അവർ ഞങ്ങളെ പാകിസ്താൻ ഏജന്റുമാരാക്കി’
ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ് ടു മൂല്യനിർണയത്തിലെയും ടെൻഡർ പ്രക്രിയയിലെയും ഗുരുതരമായ ക്രമക്കേടുകൾ ചോദ്യം ചെയ്തതിന് സോഷ്യൽ മീഡിയയിൽ തങ്ങൾ ക്രൂരമായ സൈബർ ആക്രമണങ്ങൾക്കും അധിക്ഷേപങ്ങൾക്കും ഇരയാകേണ്ടി വന്നതായി വിദ്യാർത്ഥികൾ. വൻ ക്രമക്കേടുകൾ പുറത്തുകൊണ്ടുവന്ന പ്ലസ് ടു വിദ്യാർഥികളായ വേദാന്ത് ശ്രീവാസ്തവയും സഹോദരൻ സിദ്ധാന്തുമാണ് തങ്ങൾക്ക് നേരിട്ട ദുരനുഭവം ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് തുറന്നുപറഞ്ഞത്.
തനിക്ക് ലഭിച്ച തെറ്റായ ഉത്തരക്കടലാസിന്റെ പകർപ്പിലെ പോരായ്മകൾ ചൂണ്ടിക്കാണിച്ചതിന് സോഷ്യൽ മീഡിയയിൽ ചിലർ തന്നെ ‘പാകിസ്താൻ ഏജന്റ്’ എന്ന് മുദ്രകുത്തിയതായി വേദാന്ത് രാഹുലിനോട് വിശദീകരിച്ചു. തങ്ങളുടെ പരാതികളെ ഗൗരവമായി കണ്ട് പരിഹാരം കാണുന്നതിന് പകരം, തങ്ങൾ രാജ്യം വിരുദ്ധരാണെന്നും എന്തോ വലിയ അട്ടിമറിക്ക് ശ്രമിക്കുന്ന ‘ഡീപ്പ് സ്റ്റേറ്റ് ഏജന്റുകളാണ്’ എന്ന് വരുത്തിതീർക്കാനാണ് വിമർശകർ ശ്രമിച്ചതെന്ന് സിദ്ധാന്തും കൂട്ടിച്ചേർത്തു.
‘നിങ്ങളെ അവർ ‘ഭീകരർ’ എന്നും വിളിച്ചിരുന്നോ?’ എന്ന് രാഹുൽ അവരോട് ചോദിച്ചു. തുടർന്ന് പൊട്ടിച്ചിരിച്ചുകൊണ്ട് ക്യാമറയ്ക്ക് നേരെ തിരിഞ്ഞ് അദ്ദേഹം ഇങ്ങനെ പറഞ്ഞു: ”17 വയസ്സുള്ള ‘ഡീപ്പ് സ്റ്റേറ്റ് ഏജന്റുമാർ’! ഇവരുടെ മുഖമൊന്ന് കാണിക്കൂ… വരൂ, ഈ ഭീകരരുടെ മുഖമൊന്ന് കാണിക്കൂ!’
തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ ‘എന്റെ സഹ രാജ്യദ്രോഹ സോറോസ് ഏജന്റുകളുമായുള്ള കണ്ണ് തുറപ്പിക്കുന്ന സംഭാഷണം’ എന്ന് കുറിച്ചുകൊണ്ടാണ് രാഹുൽ കൂടിക്കാഴ്ചയുടെ വീഡിയോ പങ്കുവെച്ചത്. വേദാന്തും അവന്റെ സുഹൃത്തുക്കളും ധീരരും ബുദ്ധിശാലികളുമായ ഇന്ത്യൻ യുവാക്കളാണെന്നും അവർ സിബിഎസ്ഇയോടും മോദി സർക്കാരിനോടും ലളിതമായ ചില ചോദ്യങ്ങൾ മാത്രമാണ് ചോദിച്ചതെന്നും രാഹുൽ വ്യക്തമാക്കി. എന്നാൽ അവർക്ക് ഉത്തരങ്ങൾക്ക് പകരം കിട്ടിയത് അപമാനങ്ങളാണെന്നും ഈ കുട്ടികൾക്ക് മികച്ചതും സുരക്ഷിതവുമായ ഒരു ഭാവി ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിബിഎസ്ഇ മൂല്യനിർണയത്തിലെ അട്ടിമറി പുറത്തുകൊണ്ടുവന്ന സാർത്ഥക് സിദ്ധാന്ത്, വേദാന്ത് എന്നിവർക്കൊപ്പം ഒ.എസ്.എം പോർട്ടലിലെ സാങ്കേതിക സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയ 19-കാരനായ എത്തിക്കൽ ഹാക്കർ നിസർഗ അധികാരിയും ഈ വർഷത്തെ പരീക്ഷാ പരാജയങ്ങൾക്കും ക്രമക്കേടുകൾക്കും എതിരെയുള്ള രാജ്യവ്യാപകമായ വിദ്യാർത്ഥി പ്രതിഷേധത്തിന്റെ മുഖങ്ങളായി മാറിയിരിക്കുകയാണ്. ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കപ്പെടുകയും, വരാനിരിക്കുന്ന ജൂൺ 21-ന് വീണ്ടും നടത്താൻ നിശ്ചയിച്ചിരിക്കുകയും ചെയ്യുന്ന നീറ്റ്-യുജി മെഡിക്കൽ പ്രവേശന പരീക്ഷാ വിവാദവും വിദ്യാർത്ഥി അമർഷത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.
വിദ്യാർത്ഥികളുടെ കണ്ടെത്തലുകൾ ഏറ്റെടുത്തു കഴിഞ്ഞ മാസം ഓൺലൈനിൽ രൂപംകൊണ്ട ‘കോക്രോച്ച് ജനതാ പാർട്ടി’ എന്ന ജനകീയ കൂട്ടായ്മ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജൂൺ ആറിന് ഡൽഹിയിലെ ജന്തർ മന്തറിൽ വൻ പ്രതിഷേധ പ്രകടനത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.