‘കോൺഗ്രസിന്റെ ചതി മറക്കില്ല’; ജൂൺ 8ന് നടക്കുന്ന ‘ഇൻഡ്യ’ യോഗം ഡി.എം.കെ ബഹിഷ്‌ക്കരിക്കും
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ രാഷ്ട്രീയ നീക്കങ്ങളെത്തുടർന്ന് കോൺഗ്രസും ഡി.എം.കെയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. ജൂൺ 8-ന് ഡൽഹി കോൺസ്റ്റിറ്റിയൂഷൻ ക്ലബ്ബിൽ നടക്കാനിരിക്കുന്ന ‘ഇൻഡ്യ’ സഖ്യത്തിന്റെ നിർണായക യോഗം ബഹിഷ്‌കരിക്കുമെന്ന് ഡി.എം.കെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസ് തങ്ങളെ ക്രൂരമായി വഞ്ചിച്ചുവെന്ന് ആരോപിച്ചാണ് ഡി.എം.കെയുടെ കടുത്ത തീരുമാനം.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡി.എം.കെ നേതൃത്വം നൽകിയ സെക്യുലർ പ്രോഗ്രസീവ് അലയൻസിന്റെ ഭാഗമായി മത്സരിച്ച് അഞ്ച് സീറ്റുകൾ നേടിയ കോൺഗ്രസ്, തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഏകപക്ഷീയമായി സഖ്യം ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് ഡി.എം.കെയുടെ മുഖ്യശത്രുവായ തമിഴക വെട്രി കഴകം(ടി.വി.കെ) നയിക്കുന്ന പുതിയ സഖ്യ സർക്കാരിൽ കോൺഗ്രസ് പങ്കാളിയാവുകയും ചെയ്തു. ഇതാണ് ഡി.എം.കെ ക്യാമ്പിനെ ചൊടിപ്പിച്ചത്.
കോൺഗ്രസിന്റെ ഈ ചതിയിൽ പാർട്ടിയുടെ താഴേത്തട്ടിലുള്ള അണികളും നേതാക്കളും കടുത്ത അമർഷത്തിലാണെന്ന് ഡി.എം.കെ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ”തമിഴ്നാട് തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് കാണിച്ച വഞ്ചനയിൽ ഡി.എം.കെ പ്രവർത്തകർ അങ്ങേയറ്റം ദുഃഖിതരും പ്രകോപിതരുമാണ്. അവരുടെ വികാരങ്ങളെ മാനിച്ചാണ് ഈ വരുന്ന ഇൻഡ്യ സഖ്യത്തിന്റെ യോഗത്തിൽനിന്നു വിട്ടുനിൽക്കാൻ പാർട്ടി തീരുമാനിച്ചത്. ചുരുക്കത്തിൽ, കോൺഗ്രസ് പങ്കെടുക്കുന്ന ഒരു യോഗത്തിലും ഇനി ഡി.എം.കെ ഉണ്ടാകില്ല,’-പാർട്ടി നേതൃത്വം പ്രസ്താവനയിൽ വ്യക്തമാക്കി.
ഡി.എം.കെ ഇപ്പോഴും ഇൻഡ്യ സഖ്യത്തിന്റെ ഭാഗമാണോ എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിന്നിരുന്നതിനാൽ, ഡൽഹിയിൽ നടക്കുന്ന യോഗത്തിലേക്ക് ഇവരെ ക്ഷണിക്കുമോ എന്ന് രാഷ്ട്രീയ കേന്ദ്രങ്ങളിൽ സംശയമുണ്ടായിരുന്നു. എന്നാൽ, സഖ്യ നേതാക്കൾ ഡി.എം.കെയ്ക്ക് ഔദ്യോഗികമായി തന്നെ ക്ഷണം അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് യോഗം ബഹിഷ്‌കരിക്കുമെന്ന കടുത്ത നിലപാട് ഡി.എം.കെ പ്രഖ്യാപിച്ചത്.
എങ്കിലും, ദേശീയതലത്തിൽ രാജ്യത്തെയും ജനങ്ങളെയും ബാധിക്കുന്ന പ്രധാന വിഷയങ്ങളിൽ സഖ്യത്തിലെ മറ്റ് കക്ഷികൾക്ക് ഡി.എം.കെയുടെ പിന്തുണ തുടരുമെന്നും പ്രസ്താവനയിൽ പാർട്ടി കൂട്ടിച്ചേർത്തിട്ടുണ്ട്.