10/06/2026
[fontresizer_tawhidurrahmandear_widget]

മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറി ബിജെപി അനുഭാവി; പരാതിയുമായി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി

 മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറി ബിജെപി അനുഭാവി; പരാതിയുമായി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി

തിരുവനന്തപുരം: വനിത-ശിശുക്ഷേമ, തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്‌ണയ്‌ക്കെതിരെ തുടർച്ചയായ വിവാദങ്ങൾ. എസ്‌.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് പിന്നാലെ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനവും ഇപ്പോൾ വിവാദത്തിലായിരിക്കുകയാണ്. പേഴ്‌സണൽ സ്റ്റാഫിൽ ബി.ജെ.പി അനുഭാവിയെ നിയമിക്കാൻ നീക്കം നടക്കുന്നതായാണ് പരാതി ഉയർന്നിട്ടുള്ളത്.

ശരത് ചന്ദ്രൻ എന്നയാളെ സ്റ്റാഫിൽ നിയമിക്കാനുള്ള തീരുമാനത്തിനെതിരെ കോൺഗ്രസ് തേക്കട മണ്ഡലം കമ്മിറ്റി മുഖ്യമന്ത്രിക്കും മന്ത്രിക്കും നേരിട്ട് പരാതി നൽകി. ശരതും കുടുംബവും ബി.ജെ.പിക്ക് വേണ്ടി സജീവമായി പ്രവർത്തിക്കുന്നവരാണെന്നും ഇയാൾക്ക് കോൺഗ്രസ് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നുമാണ് പരാതിയിൽ വ്യക്തമാക്കുന്നത്. ഇത്തരം സുപ്രധാന നിയമനങ്ങൾ നടത്തുമ്പോൾ പ്രാദേശിക ഘടകങ്ങളുമായി കൂടിയാലോചന നടത്തണമെന്നും ഈ തീരുമാനത്തിൽ പുനരാലോചന വേണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

മന്ത്രി ബിന്ദു കൃഷ്ണ വെള്ളാപ്പള്ളി നടേശന്റെ വസതിയിലെത്തി നടത്തിയ കൂടിക്കാഴ്‌ചയാണ് ആദ്യം വിവാദങ്ങൾക്ക് വഴിവെച്ചത്. വെള്ളാപ്പള്ളിയുടെ മുന്നിൽ മന്ത്രി കൈകൂപ്പി നിൽക്കുന്നതും അദ്ദേഹം തലയിൽ കൈവെച്ച് അനുഗ്രഹിക്കുന്നതുമായ ചിത്രം പുറത്തുവന്നത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. വിദ്വേഷ പരാമർശങ്ങൾ നടത്തിയ വെള്ളാപ്പള്ളിയെ കൂടെനിർത്തിയതിനെതിരെ കൂടിയാണ് മുൻപ് ജനങ്ങൾ വിധിയെഴുതിയതെന്നും മന്ത്രി അത് മറക്കരുതെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഈ ആഭ്യന്തര അതൃപ്തികൾക്കിടയിലാണ് ഇപ്പോൾ സ്റ്റാഫ് നിയമനത്തെ ചൊല്ലിയും മന്ത്രിക്കെതിരെ പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്.

Also read: