‘വിനോദിനിക്ക് കുടിശ്ശികയുൾപ്പെടെ തിങ്കളാഴ്ച തന്നെ ധനസഹായം നൽകും’; ഉറപ്പ് നൽകി മന്ത്രി ബിന്ദു കൃഷ്ണ
തിരുവനന്തപുരം: പാലക്കാട് ചികിത്സാപിഴവിനെ തുടർന്ന് കൈ നഷ്ടപ്പെട്ട വിദ്യാർത്ഥിനി വിനോദിനിക്ക് കുടിശ്ശികയുൾപ്പെടെയുള്ള ധനസഹായം തിങ്കളാഴ്ച തന്നെ ലഭ്യമാക്കുമെന്ന് വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ഉറപ്പ് നൽകി. ശിശുക്ഷേമ വകുപ്പ് നൽകിവന്നിരുന്ന ധനസഹായം മുടങ്ങിയ വിവരം ഇന്നാണ് ശ്രദ്ധയിൽപ്പെട്ടതെന്നും പരിമിതികൾ മറികടന്നും തുക കൈമാറാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം വനിതാ വികസന വകുപ്പ് സെക്രട്ടറിയെയും ഡയറക്ടറെയും വിവരമറിയിച്ചിട്ടുണ്ടെന്നും ഏതുവിധേനയും അടിയന്തരമായി ധനസഹായം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
പാലക്കാട് പല്ലശ്ശന ഒഴിവുപറ സ്കൂളിലെ വിദ്യാർത്ഥിനിയായ വിനോദിനിയുടെ വിദ്യാഭ്യാസത്തിനായാണ് സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. എന്നാൽ രണ്ടുമാസത്തെ തുക മാത്രമാണ് ലഭിച്ചതെന്നും കഴിഞ്ഞ നാല് മാസമായി ധനസഹായം മുടങ്ങിയിരിക്കുകയാണെന്നും കാണിച്ച് കുട്ടിയുടെ അമ്മ പരാതിപ്പെട്ടതിന് പിന്നാലെയാണ് മന്ത്രിയുടെ അടിയന്തര ഇടപെടലുണ്ടായത്.
മറ്റ് പ്രധാന വിഷയങ്ങളിലും മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി നിലപാട് വ്യക്തമാക്കി. തെന്മല അഭയകേന്ദ്രത്തിലെ പീഡനപരാതിയിൽ സമഗ്ര അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ട്. സമാന സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ ആശങ്കയുണ്ടെന്നും സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തി ഇവ കുറ്റമറ്റ രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് സർക്കാർ ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ മരണത്തിലും ഉടനടി നടപടി സ്വീകരിച്ചിട്ടുണ്ട്. ശിശുക്കളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ ശിശുസൗഹൃദമായിരിക്കണമെന്നാണ് സർക്കാരിന്റെ നിലപാടെന്നും ഉത്തരവാദിത്തമില്ലാതെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.