13/06/2026
[fontresizer_tawhidurrahmandear_widget]

ട്രംപ് ലോകസമാധാനത്തിന് ഭീഷണി; ഒമാൻ ഭരണകൂടം രക്ഷിച്ചില്ലെങ്കിൽ എല്ലാവരും കൊല്ലപ്പെടുമായിരുന്നു’; അസദുദ്ദീൻ ഉവൈസി

 ട്രംപ് ലോകസമാധാനത്തിന് ഭീഷണി; ഒമാൻ ഭരണകൂടം രക്ഷിച്ചില്ലെങ്കിൽ എല്ലാവരും കൊല്ലപ്പെടുമായിരുന്നു’; അസദുദ്ദീൻ ഉവൈസി

ന്യൂഡൽഹി: അമേരിക്കൻ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ യു.എസ് ഭരണകൂടത്തിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തിനെതിരെയും രൂക്ഷവിമർശനവുമായി എ.ഐ.എം.ഐ.എം നേതാവും എം.പിയുമായ അസദുദ്ദീൻ ഉവൈസി. അമേരിക്കയുടേത് തികച്ചും നിയമവിരുദ്ധമായ നടപടിയാണെന്നും ട്രംപ് ലോകസമാധാനത്തിന് തന്നെ ഭീഷണിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കപ്പലിന് തീപിടിച്ച സമയത്ത് ഇന്ത്യൻ നാവികർ സഹായത്തിനായി യാചിച്ചിട്ടും കേന്ദ്ര സർക്കാർ രക്ഷയ്‌ക്കെത്തിയില്ലെന്നും ഒമാൻ ഭരണകൂടം കൃത്യസമയത്ത് ഇടപെട്ട് രക്ഷാപ്രവർത്തനം നടത്തിയില്ലായിരുന്നെങ്കിൽ എല്ലാവരും കൊല്ലപ്പെടുമായിരുന്നു എന്നും ഉവൈസി തുറന്നടിച്ചു.

ഏത് രാജ്യത്തിന്റെ പതാക വഹിക്കുന്ന കപ്പലായാലും അതിനെ ആക്രമിക്കാൻ അമേരിക്കയ്‌ക്കോ ഇസ്രയേലിനോ യാതൊരു അവകാശവുമില്ലെന്ന് ഒവൈസി ചൂണ്ടിക്കാട്ടി. ‘എന്തിനാണ് നിങ്ങൾ ആ കപ്പൽ ആക്രമിച്ചത്? അതൊരു ഇറാൻ സൈനിക കപ്പലായിരുന്നോ? അങ്ങനെയാണെങ്കിൽ പോലും ആക്രമിക്കാൻ നിയമമില്ല. ‘ഞങ്ങൾക്ക് തോന്നുന്നവരെ ഞങ്ങൾ ആക്രമിക്കും, നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല’ എന്ന അമേരിക്കയുടെ ഈ മനോഭാവം വെറും ഗുണ്ടായിസമാണ്. ഈ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാരുടെ ജീവനാണ് നഷ്ടമായത്. അവരുടെ കുടുംബങ്ങൾ ഇപ്പോൾ വലിയ ദുരിതത്തിലാണ്’. ഉവൈസി പറഞ്ഞു.

ഇത്രയും വലിയൊരു ദുരന്തമുണ്ടായിട്ടും രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനെതിരെ ഒരു വാക്ക് പോലും ഉച്ചരിക്കാത്തതിൽ അദ്ദേഹം ശക്തമായ അതൃപ്തി രേഖപ്പെടുത്തി. ഇത്തരം ഘട്ടങ്ങളിൽ കേവലം യുഎസ് എംബസി ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി പ്രതിഷേധക്കുറിപ്പ് കൈമാറുന്ന ഔദ്യോഗിക ചടങ്ങുകൾ കൊണ്ട് എന്ത് കാര്യമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. അപകടസമയത്ത് നമ്മുടെ പൗരന്മാരെ സഹായിക്കാൻ ഒമാൻ സർക്കാർ കാണിച്ച മനസ്സിന് നന്ദി പറയുന്നതായും ഉവൈസി കൂട്ടിച്ചേർത്തു.

Also read: