18/06/2026
[fontresizer_tawhidurrahmandear_widget]

‘അയാൾ അങ്ങനെയൊന്നും കുലുങ്ങില്ല’; ‘മെസി… മെസി…’ വിളികളുമായി നേരിട്ട കോംഗോ ആരാധകർക്ക് കൈയടിച്ച് ക്രിസ്റ്റ്യാനോ

 ‘അയാൾ അങ്ങനെയൊന്നും കുലുങ്ങില്ല’; ‘മെസി… മെസി…’ വിളികളുമായി നേരിട്ട കോംഗോ ആരാധകർക്ക് കൈയടിച്ച് ക്രിസ്റ്റ്യാനോ

ഹൂസ്റ്റൺ: കളിക്കളത്തിൽ ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയുടെ പ്രതിരോധപ്പൂട്ടിൽ പോർച്ചുഗൽ വീണതിന് പിന്നാലെ ഗ്രൗണ്ടിൽ നാടകീയ രംഗങ്ങൾ. കടുത്ത നിരാശയോടെ കളംവിട്ട പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പ്രകോപിപ്പിക്കാൻ ഗാലറിയിൽനിന്ന് കോംഗോ ആരാധകർ ഒന്നടങ്കം ‘മെസി… മെസി…’ വിളികളുയർത്തി. എന്നാൽ, പ്രകോപനത്തെ പുഞ്ചിരിയോടെയും കൈയടിയോടെയും നേരിട്ടാണ് റൊണാൾഡോ ഗ്രൗണ്ടിൽനിന്നു മടങ്ങിയത്.

ആറാം ലോകകപ്പ് പോരാട്ടത്തിനിറങ്ങി റെക്കോർഡ് കുറിച്ച ക്രിസ്റ്റ്യാനോയ്ക്കും സംഘത്തിനും ആദ്യ മത്സരത്തിൽ കോംഗോയോട് 1-1 എന്ന സ്‌കോറിൽ സമനില വഴങ്ങേണ്ടി വന്നിരുന്നു. 41-ാം വയസ്സിലും മിന്നും ഫോമിലുള്ള സിആർ7നെ കോംഗോ താരങ്ങൾ കൃത്യമായി മാർക്ക് ചെയ്ത് പൂട്ടിയതോടെ പോർച്ചുഗലിന്റെ വിജയസ്വപ്‌നങ്ങൾ അകന്നുപോയി.

മത്സരം അവസാനിച്ചതിന് പിന്നാലെ ആദ്യ പോരാട്ടത്തിൽ തന്നെ പോയിന്റ് നഷ്ടമായതിന്റെ കടുത്ത വിഷമത്തോടെയാണ് റൊണാൾഡോ ടണലിലേക്ക് നടന്നുനീങ്ങിയത്. ഈ സമയത്താണ് സ്റ്റേഡിയത്തിലുണ്ടായിരുന്ന കോംഗോ ആരാധകർ റൊണാൾഡോയെ ലക്ഷ്യമിട്ട് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ എതിരാളിയായ ലയണൽ മെസിയുടെ പേര് ഉച്ചത്തിൽ വിളിക്കാൻ തുടങ്ങിയത്. താരത്തെ സമ്മർദത്തിലാക്കാനും ദേഷ്യം പിടിപ്പിക്കാനുമായിരുന്നു ആഫ്രിക്കൻ ആരാധകരുടെ ഈ നീക്കം.

മുൻകാലങ്ങളിൽ സൗദി പ്രോ ലീഗിലടക്കം ഇത്തരം മെസി വിളികൾ ഉയർന്നപ്പോൾ കടുത്ത ദേഷ്യത്തോടെ പ്രതികരിച്ചിട്ടുള്ള റൊണാൾഡോ, ഇത്തവണ തികച്ചും ശാന്തനായാണ് കാണപ്പെട്ടത്. തന്നെ പരിഹസിച്ച ആരാധകർക്ക് നേരെ തിരിഞ്ഞ് താരം മനോഹരമായി പുഞ്ചിരിക്കുകയും, കൈയടിച്ച് അവരെ അഭിനന്ദിക്കുകയുമാണ് ചെയ്തത്. കോംഗോ ആരാധകരുടെ ആവേശത്തെയും അവരുടെ ടീമിന്റെ മികച്ച പ്രകടനത്തെയും താൻ ബഹുമാനിക്കുന്നു എന്ന രീതിയിലായിരുന്നു റൊണാൾഡോയുടെ ഈ ഹൃദ്യമായ പെരുമാറ്റം.

ആരാധകരെ നോക്കി ‘തംപ്‌സ് അപ്’ കാണിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ മാന്യമായി മൈതാനം വിടുന്ന വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കോടിക്കണക്കിന് ആളുകളാണ് ഇതിനകം ആ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞിട്ടുള്ളത്.

യുഎസിലെ ഹൂസ്റ്റൺ എൻആർജി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഗ്രൂപ്പ് കെ മത്സരത്തിൽ വ്യക്തമായ ആധിപത്യത്തോടെയാണ് മുൻ യൂറോപ്യൻ ചാമ്പ്യന്മാരായ പോർച്ചുഗൽ കളി തുടങ്ങിയത്. കളി തുടങ്ങി ആറാം മിനിറ്റിൽ തന്നെ പോർച്ചുഗൽ ലീഡ് എടുത്തു. മനോഹരമായ ഒരു ഹെഡ്ഡറിലൂടെ പത്തൊൻപതുകാരനായ മിഡ്ഫീൽഡർ ജാവോ നെവെസ് ആണ് പോർച്ചുഗലിനെ മുന്നിലെത്തിച്ചത്.

ആദ്യ പകുതിയുടെ അധിക സമയത്ത് പോർച്ചുഗലിനെ ഞെട്ടിച്ചുകൊണ്ട് കോംഗോ സമനില പിടിച്ചു. ആർതർ മസുവാകു നൽകിയ മനോഹരമായ ക്രോസിൽ നിന്നും ഉജ്ജ്വലമായ ഹെഡ്ഡറിലൂടെ യോവാൻ വിസ്സയാണ് പറങ്കികളുടെ വല കുലുക്കിയത്. രണ്ടാം പകുതിയിൽ വിജയം ലക്ഷ്യമിട്ട് റൊണാൾഡോയെ മുൻനിർത്തി പോർച്ചുഗൽ കടുത്ത മത്സരം അഴിച്ചുവിട്ടെങ്കിലും കോംഗോ പ്രതിരോധവും ഗോൾകീപ്പർ ലയണൽ എംപാസിയും ഉറച്ചുനിന്നു. 56-ാം മിനിറ്റിൽ ജാവോ കാൻസെലോ ബൈസിക്കിൾ കിക്കിലൂടെ കോംഗോയുടെ വല കുലുക്കിയെങ്കിലും റെഫറി അത് ഓഫ്സൈഡ് വിധിച്ചു.

മത്സരത്തിൽ കളത്തിലിറങ്ങിയതോടെ ലോകകപ്പിന്റെ ചരിത്രത്തിൽ ആറ് വ്യത്യസ്ത പതിപ്പുകളിൽ കളിക്കുന്ന ആദ്യ താരമെന്ന ചരിത്ര റെക്കോർഡ് റൊണാൾഡോ സ്വന്തമാക്കി. 41 വർഷവും 132 ദിവസവും പ്രായമുള്ള റൊണാൾഡോ ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരം കൂടിയായി മാറി.

Also read: