21/06/2026
[fontresizer_tawhidurrahmandear_widget]

‘യൂസ്ലെസ് ഫെലോസ്’; ഡി.കെ ശിവകുമാറിനായി മുദ്രാവാക്യം വിളിച്ച കോൺഗ്രസ് പ്രവർത്തകരോട് പൊട്ടിത്തെറിച്ച് മല്ലികാർജുൻ ഖാർഗെ

 ‘യൂസ്ലെസ് ഫെലോസ്’; ഡി.കെ ശിവകുമാറിനായി മുദ്രാവാക്യം വിളിച്ച കോൺഗ്രസ് പ്രവർത്തകരോട് പൊട്ടിത്തെറിച്ച് മല്ലികാർജുൻ ഖാർഗെ

ബംഗളൂരു: ബംഗളൂരുവിൽ നടന്ന കോൺഗ്രസിന്റെ സങ്കൽപ്പ സമവേശ പരിപാടിക്കിടെ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് അനുകൂലമായി മുദ്രാവാക്യം മുഴക്കിയ പ്രവർത്തകരോട് രൂക്ഷമായി പ്രതികരിച്ച് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഖാർഗെ പ്രസംഗിക്കാൻ ആരംഭിക്കുന്നതിനിടെയാണ് സദസ്സിലുണ്ടായിരുന്ന ഒരു വിഭാഗം ആളുകൾ അച്ചടക്കം ലംഘിച്ച് ‘ഡി.കെ, ഡി.കെ’ എന്ന് ആർപ്പുവിളിച്ചത്. വേദിയിലുണ്ടായിരുന്ന ഡി.കെ. ശിവകുമാറും എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാലയും ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രസംഗം തടസ്സപ്പെട്ടതോടെ കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ച ഖാർഗെ, മുദ്രാവാക്യം വിളിച്ചവരെ ‘യൂസ്ലെസ് ഫെലോസ്’ എന്ന് അഭിസംബോധന ചെയ്യുകയും പരസ്യമായി ശാസിക്കുകയും ചെയ്തു.

ഇതൊരു വ്യക്തിയുടെ മാത്രം പരിപാടിയല്ലെന്നും പാർട്ടിയുടെ ഔദ്യോഗിക സമ്മേളനമാണെന്നും അദ്ദേഹം പ്രവർത്തകരെ ഓർമ്മിപ്പിച്ചു. കോൺഗ്രസിൽ വ്യക്തിപൂജയ്ക്ക് സ്ഥാനമില്ലെന്നും, തൻ്റെ 58 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ ഇത്തരമൊരു പ്രവണത അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിക്കായി ചെറിയ സംഭാവനകൾ നൽകിയ നേതാക്കൾക്ക് പോലും കോൺഗ്രസ് വലിയ പരിഗണനയാണ് നൽകിയിട്ടുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പരിപാടിയുടെ ദൃശ്യങ്ങൾ പരിശോധിച്ച് അച്ചടക്കലംഘനം നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഖാർഗെ മുന്നറിയിപ്പ് നൽകി. ഹൈക്കമാൻഡ് നിർദേശപ്രകാരം സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന്, ജൂൺ നാലിനാണ് ഡി.കെ. ശിവകുമാർ കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ജി. പരമേശ്വര ഉപമുഖ്യമന്ത്രിയായും ചുമതലയേറ്റിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി വേദിയിൽ ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

Also read: