മക്കളുടെ മുന്നിലിട്ട് പിതാവിനെ മർദിച്ചു, പെൺകുട്ടികളോട് അസഭ്യം പറഞ്ഞു; സ്വകാര്യ ബസ് ജീവനക്കാരെ നാട്ടുകാർ കൈകാര്യം ചെയ്തു
കോഴിക്കോട്: പാളയത്ത് സ്വകാര്യ നൈറ്റ് സർവീസ് ബസ് ജീവനക്കാർ യാത്രക്കാരനായ വയോധികനെ മക്കളുടെ മുന്നിലിട്ട് ക്രൂരമായി മർദിച്ചു. മർദനത്തിൽ പരുക്കേറ്റ കൂട്ടത്തായി സ്വദേശി സത്യപാലനെ (67) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9.50-ഓടെ പാളയം ചിന്താവളപ്പിലെ ബസ് സ്റ്റാൻഡിലാണ് സംഭവം.
ബംഗളൂരുവിലേക്ക് പോകാൻ മക്കളോടൊപ്പം എത്തിയതായിരുന്നു സത്യപാലൻ. ബാഗ് ബസിൽ കയറ്റുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ‘ഇന്റർസിറ്റി’ ബസ് ബുക്കിങ് കേന്ദ്രത്തിലെ ജീവനക്കാർ ഇദ്ദേഹത്തെ മർദിച്ച് റോഡിലിടുകയായിരുന്നു. തടയാൻ ശ്രമിച്ച പെൺകുട്ടികളോട് ജീവനക്കാർ അസഭ്യം പറയുകയും ചെയ്തു. പരുക്കേറ്റ് ചോര വാർന്ന വയോധികനെ വീണ്ടും മർദിക്കാൻ മുതിർന്നതോടെ, സ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ ഇടപെട്ട് ബസ് ജീവനക്കാരെ പൊതിരെ തല്ലി.
തുടർന്ന് കസബ പൊലീസ് സ്ഥലത്തെത്തി ഇരു ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു. ഈ ബസ് സർവീസിലെ ജീവനക്കാർ മുൻപും യാത്രക്കാരെ മർദിച്ചിട്ടുണ്ടെന്ന് സമീപത്തെ മറ്റ് ഓപ്പറേറ്റർമാർ പൊലീസിനോട് പറഞ്ഞു. പ്രതികൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് പൊലീസ് ഉറപ്പുനൽകിയതോടെയാണ് സ്ഥലത്തെ സംഘർഷാവസ്ഥ ഒടുങ്ങിയത്.