അദാനി ഗ്രൂപ്പിന്റെ 15 കോടി ‘അമ്മ’യ്ക്ക് കിട്ടുമെന്ന് ശ്വേത, തെളിവായി ബിജെപി നേതാവിന്റെ വിഡിയോ; ഗുരുതര വെളിപ്പെടുത്തലുമായി മാലാ പാർവതി
ശ്വേത മേനോൻ, മാലാ പാർവതി
കൊച്ചി: താരസംഘടനയായ ‘അമ്മ’യ്ക്കുള്ളിൽ വൻ സാമ്പത്തിക ക്രമക്കേടുകൾക്ക് പുറമെ തീവ്രമായ രാഷ്ട്രീയ-വർഗീയ ധ്രുവീകരണ ശ്രമങ്ങളും നടന്നിരുന്നതായി നടി മാലാ പാർവതിയുടെ ഗുരുതര വെളിപ്പെടുത്തൽ. അൻസിബ ഹസ്സൻ എന്ന നടിയെ ലക്ഷ്യമിട്ട് വർഗീയ അജണ്ടകൾ നടപ്പാക്കാനും സംഘടനയിലേക്ക് കോടികളുടെ കോർപ്പറേറ്റ് ഫണ്ടുകൾ എത്തിക്കാനും അണിയറയിൽ നീക്കങ്ങൾ നടന്നിരുന്നതായി മാലാ പാർവതി വെളിപ്പെടുത്തി. വർഗീയത വിളിച്ചു പറഞ്ഞ് സംഘടനയ്ക്കുള്ളിൽ ഒരു ധ്രുവീകരണം നടപ്പിലാക്കാൻ പ്രസിഡന്റ് ശ്വേത മേനോൻ ശ്രമിച്ചു എന്നത് തന്റെ ആരോപണമല്ല അനുഭവമാണെന്ന് മാലാ പാർവതി തുറന്നടിച്ചു.
ശ്വേതാ മേനോൻ പ്രസിഡന്റായ കമ്മിറ്റിയുടെ വിശ്വാസ്യതയിൽ ബഹുരാഷ്ട്ര കമ്പനിയായ അദാനി ഗ്രൂപ്പിൽ നിന്ന് 15 കോടി രൂപ സംഘടനയിലേക്ക് എത്തിക്കാൻ നീക്കം നടന്നിരുന്നു. ബുദ്ധിമുട്ട് അനുഭവിക്കുന്ന സിനിമാക്കാർക്ക് വീടും സഹായവും നൽകുന്ന ‘ദക്ഷിണ’ പോലുള്ള പദ്ധതികളുടെ മറവിലാണ് ഈ പണം വാഗ്ദാനം ചെയ്യപ്പെട്ടത്. സാധാരണയായി ‘അമ്മ’ സ്വന്തം നിലയിൽ ഷോകൾ നടത്തി കണ്ടെത്തുന്ന പണമാണ് ഇത്തരം ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാറുള്ളത്. എന്നാൽ ഒരു ബഹുരാഷ്ട്ര കമ്പനിയിൽ നിന്ന് ഇത്രയും വലിയ തുക സംഘടനയിലേക്ക് കൊണ്ടുവരാൻ ഇടനിലക്കാരിയായി നിന്നത് ‘അമ്മ’യിൽ അംഗമല്ലാത്ത, രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന നേതാവും മുൻ കൗൺസിലറുമായ ശ്രീമതി പത്മജയാണെന്ന് മാലാ പാർവതി വെളിപ്പെടുത്തി. ഇതിന്റെ വ്യക്തമായ വീഡിയോ തെളിവുകൾ തന്റെ കയ്യിലുണ്ടെന്നും, ജനാധിപത്യ രാജ്യത്തിലെ ഏത് പാർട്ടിയിലും പ്രവർത്തിക്കാൻ ആർക്കും അവകാശമുണ്ടെങ്കിലും ‘അമ്മ’യിലൂടെ ചില രാഷ്ട്രീയ അജണ്ടകൾ നടപ്പാക്കാൻ ശ്രമിച്ചതിനെയാണ് താൻ എതിർത്തതെന്നും അവർ വ്യക്തമാക്കി. ഈ സാമ്പത്തിക ഇടപാടുകളിലെ സുതാര്യതക്കുറവ് തന്നെയാണ് പിന്നീട് ജനറൽ ബോഡിയിൽ ശ്വേതയുടെ കമ്മിറ്റിയുടെ സാമ്പത്തിക റിപ്പോർട്ട് പാസ്സാകാതിരിക്കാനും കമ്മിറ്റി പുറത്താകാനും കാരണമായത് എന്ന് മാലാ പാർവതി പറയുന്നു. ഇങ്ങനെയൊരു സംഘമല്ല അമ്മ ഭരിക്കേണ്ടതെന്നും മാലാ പാർവതി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.