22/07/2026
[fontresizer_tawhidurrahmandear_widget]

‘വി. കുഞ്ഞികൃഷ്ണനും ടി.കെ ഗോവിന്ദനും ചെയ്തത് വർഗവഞ്ചന’; ജി. സുധാകരനുൾപ്പെടെ പാർട്ടിയെ ചതിച്ചുപോയെന്ന് എം.വി ഗോവിന്ദൻ

 ‘വി. കുഞ്ഞികൃഷ്ണനും ടി.കെ ഗോവിന്ദനും ചെയ്തത് വർഗവഞ്ചന’; ജി. സുധാകരനുൾപ്പെടെ പാർട്ടിയെ ചതിച്ചുപോയെന്ന് എം.വി ഗോവിന്ദൻ

കോഴിക്കോട്: തെറ്റ് തിരുത്തിയാൽ ആർക്കും പാർട്ടിയിലേക്ക് തിരിച്ചുവരാമെന്നും എന്നാൽ വി. കുഞ്ഞിക്കൃഷ്‌ണനും ടി.കെ ഗോവിന്ദനും ചെയ്‌തത് വർഗവഞ്ചനയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ജി. സുധാകരൻ അടക്കമുള്ളവർ പാർട്ടിയെ ചതിച്ച് പോയവരാണെന്നും ഇവരുടെ നിലപാടുകൾക്കെതിരെയുള്ള കടുത്ത വിമർശനം തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

തെറ്റ് തിരുത്തിയാൽ ഇവർക്ക് തിരിച്ചുവരാമെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ജയരാജൻ്റെ പ്രസ്‌താവനയ്ക്ക് പിന്നാലെയാണ് എം.വി ഗോവിന്ദന്റെ പ്രതികരണം. ആരെയും ഒറ്റപ്പെടുത്തി മുന്നോട്ടുപോകുന്നവരല്ല കമ്മ്യൂണിസ്റ്റുകാരെന്ന് വ്യക്തമാക്കിയ ജയരാജൻ, പിഎം ശ്രീ പദ്ധതി, ലൈഫ് മിഷൻ, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനം, മുഖ്യമന്ത്രിയുടെ സെക്രട്ടറി നിയമനം എന്നിവയിൽ യുഡിഎഫ് നിലപാടിനോട് വിമതർ പ്രതികരിക്കണമെന്നും ആവശ്യപ്പെട്ടു. പാർട്ടിയെ വഞ്ചിച്ചിട്ടില്ലെങ്കിൽ ഇതൊരു അവസരമാണെന്നും ചോദ്യങ്ങളിൽ മൗനം പാലിക്കുന്നത് വഞ്ചനയ്ക്ക് തുല്യമാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

അതേസമയം, താൻ എന്ത് തെറ്റാണ് ചെയ്‌തതെന്ന് വ്യക്തമാക്കിയാൽ മാത്രമല്ലേ തിരുത്താൻ കഴിയൂ എന്ന് വി.കുഞ്ഞിക്കൃഷ്‌ണൻ പ്രതികരിച്ചു. ചെയ്ത‌ തെറ്റുകൾ സിപിഎം നേതൃത്വം ചൂണ്ടിക്കാട്ടിയാൽ പ്രതികരണമുണ്ടാകും. താൻ എന്നും കമ്മ്യൂണിസ്റ്റുകാരനായി തുടരുമെന്നും മറ്റൊരു പാർട്ടിയിലും ചേരില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം, ‘വർഗവഞ്ചന’ എന്നത് അച്ചടക്ക നടപടി നേരിടുന്നവർക്കെതിരെ പാർട്ടി എല്ലാകാലത്തും പ്രയോഗിക്കുന്ന പദമാണെന്നും ഓർമ്മിപ്പിച്ചു.

Also read: