എഥനോൾ കലർത്തി ഇന്ത്യ ലാഭിച്ചത് 1.9 ലക്ഷം കോടി; ഇ25, ഇ27, ഇ30 ഇന്ധനങ്ങൾ കൂടി അവതരിപ്പിക്കും
ന്യൂഡൽഹി: പെട്രോളിൽ എഥനോൾ കലർത്തി ഇന്ത്യ ലാഭിച്ചത് 1.9 ലക്ഷം കോടിയെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ റിപ്പോർട്ട്. ക്രൂഡ് ഓയിൽ ഇറക്കുമതി കുറക്കാൻ കഴിഞ്ഞതാണ് രാജ്യത്തിന് ഈ വലിയ സാമ്പത്തിക നേട്ടം സമ്മാനിച്ചത്. പദ്ധതി വഴി ഇതുവരെ ഏകദേശം 310 ലക്ഷം മെട്രിക് ടൺ ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് പകരമുള്ള ആഭ്യന്തര ഇന്ധനം കണ്ടെത്താൻ ഇന്ത്യയ്ക്ക് സാധിച്ചു. 2013-14 കാലഘട്ടത്തിൽ പെട്രോളിൽ എഥനോൾ കലർത്തുന്നതിന്റെ അളവ് വെറും 1.5 ശതമാനത്തിൽ താഴെ മാത്രമായിരുന്നു. 2014-15 കാലഘട്ടത്തിലാണ് 20 ശതമാനമാക്കി ഉയർത്തിയത്.
നിലവിൽ രാജ്യത്തെ എല്ലാ റീട്ടെയിൽ പെട്രോൾ പമ്പുകളിലും ഇ20 ഇന്ധനം നിർബന്ധമാക്കിയതിന് പിന്നാലെയാണ് ഇതിലും ഉയർന്ന തോതിലുള്ള എഥനോൾ അടങ്ങിയ ഇ25, ഇ27, ഇ30 ഇന്ധനങ്ങൾ ഘട്ടംഘട്ടമായി വിപണിയിൽ എത്തിക്കാനുള്ള സുപ്രധാന തയ്യാറെടുപ്പിലേക്ക് സർക്കാർ കടക്കുന്നത്. ഇതിന്റെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തിൽ ഫ്‌ലെക്‌സ്ഫ്യുവൽ വാഹനങ്ങൾക്കായി 85 ശതമാനം എഥനോൾ അടങ്ങിയ ഇ85 ഇന്ധനവും രാജ്യം പുറത്തിറക്കിയിട്ടുണ്ട്. സാധാരണ പെട്രോളിനേക്കാൾ ലിറ്ററിന് 20 രൂപയോളം വിലക്കുറവിലാണ് ഇ85 ലഭ്യമാക്കിയിരിക്കുന്നത്.
സാമ്പത്തിക നേട്ടങ്ങൾക്ക് പുറമെ രാജ്യത്തെ കാർഷിക മേഖലയ്ക്കും പരിസ്ഥിതിക്കും ഈ പദ്ധതി വലിയ തോതിൽ ഗുണം ചെയ്തിട്ടുണ്ടെന്ന് മന്ത്രാലയത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. എഥനോൾ ഉത്പാദിപ്പിക്കുന്നതിനായി കരിമ്പ്, ചോളവും മറ്റ് കേടായ ധാന്യങ്ങളും സംഭരിച്ചതിലൂടെ രാജ്യത്തെ കർഷകർക്ക് 1.6 ലക്ഷം കോടിയിലധികം രൂപയാണ് അധിക വരുമാനമായി ലഭിച്ചത്. കർഷകരെ വെറും ‘അന്നദാതാക്കളിൽ’ നിന്ന് രാജ്യത്തിന്റെ ‘ഊർജദാതാക്കളാക്കി’ മാറ്റാൻ ഇതിലൂടെ സാധിച്ചുവെന്നാണ് സർക്കാർ വിലയിരുത്തൽ. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന കാർബൺ ഡയോക്‌സൈഡിന്റെ അളവിൽ 909 ലക്ഷം മെട്രിക് ടണ്ണിന്റെ കുറവാണ് പദ്ധതി വഴി രേഖപ്പെടുത്തിയത്.
അതേസമയം, എഥനോൾ കലർത്തിയ ഇന്ധനം വാഹനങ്ങളുടെ എഞ്ചിന് തകരാറുണ്ടാക്കുമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്. എഥനോൾ വാഹനങ്ങളുടെ മൈലേജ് കുറയ്ക്കുമെന്ന കാര്യം കേന്ദ്ര സർക്കാർ തന്നെ തുറന്ന് സമ്മദിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ട്.