‘മോഹൻലാലിനെ പുറത്താക്കാൻ നോക്കുന്ന പവർഗ്രൂപ്പോ? അതാരാടോ അത്ര വലിയ പവർമാൻ? വന്നുവന്ന് കോമഡിയാവുന്നുണ്ട് അമ്മ’; ശ്വേതയെ പരിഹസിച്ച് ഭാഗ്യലക്ഷ്മി
കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ വിവാദങ്ങളിൽ ശ്വേതാ മേനോനെ പരിഹസിച്ച് ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്‌മി രംഗത്ത്. തന്റെ രാജിയുമായി ബന്ധപ്പെട്ട് ശ്വേതാ മേനോൻ നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് ഭാഗ്യലക്ഷ്‌മിയുടെ പ്രതികരണം. വന്നുവന്ന് ‘അമ്മ’ ഒരു കോമഡിയാവുകയാണെന്ന് ഭാഗ്യലക്ഷ്മി സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു.
“മോഹൻലാലിനെ പുറത്താക്കാൻ നോക്കുന്ന പവർ ഗ്രൂപ്പോ? അതാരാടോ അത്ര വലിയ പവർമാൻ? വന്നുവന്ന് കോമഡിയാവുന്നുണ്ട് ‘അമ്മ’,” എന്നായിരുന്നു ഭാഗ്യലക്ഷ്‌മിയുടെ പരിഹാസം. തന്നെ ‘അമ്മ’ പ്രസിഡൻ്റ് സ്ഥാനത്തുനിന്ന് പുറത്താക്കാൻ ശ്രമിച്ചത് പവർഗ്രൂപ്പ് ആണെന്ന ആരോപണവുമായി ശ്വേത നേരത്തെ രംഗത്തെത്തിയിരുന്നു. ഒരു സാധാരണ സ്ത്രീക്ക് മലയാള സിനിമയിലെ പവർഗ്രൂപ്പിനെ ഒറ്റയ്ക്ക് നേരിടാൻ കഴിയില്ലെന്നും, കുറ്റാരോപിതരുടെ തട്ടിപ്പുകൾക്ക് എന്തിന് ചീത്തപ്പേര് കേൾക്കണം എന്ന് ചിന്തിച്ചാകാം ലാലേട്ടൻ വരെ പ്രസിഡന്റ് സ്ഥാനം രാജിവെച്ചുപോയതെന്നും ശ്വേത പ്രസ്താവനയിൽ ചോദിച്ചിരുന്നു. തന്റെ പോരാട്ടത്തിലൂടെ പവർഗ്രൂപ്പ് അമ്മ അംഗങ്ങളുടെ മുന്നിൽ തുറന്നുകാട്ടപ്പെട്ടുവെന്നും ശ്വേത അവകാശപ്പെട്ടിരുന്നു.
അതേസമയം, ‘അമ്മ’യിൽനിന്ന് രാജിവെക്കാനുള്ള രേവതിയുടെയും പത്മപ്രിയയുടെയും തീരുമാനത്തെ ഭാഗ്യലക്ഷ്‌മി സ്വാഗതം ചെയ്തു. ഇതുമായി ബന്ധപ്പെട്ട വാർത്തയുടെ കാർഡ് പങ്കുവെച്ചുകൊണ്ട് ‘വെരി ഗുഡ്’ എന്നും ഭാഗ്യലക്ഷ്മി കുറിച്ചു.