എറിക് ഗാർസ്യയുടെ കഴുത്തിന് പിടിച്ച് പരേഡസ്; തോൽവിക്ക് പിന്നാലെ കയ്യാങ്കളിയുമായി അർജൻ്റീന താരങ്ങൾ
ലയണൽ മെസിയെ പൂർണ്ണമായും പൂട്ടിക്കെട്ടി സ്പെയിൻ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചതോടെ ഫൈനൽ പോരാട്ടത്തിന് പിന്നാലെ ഗ്രൗണ്ടിൽ കയ്യാങ്കളി. ഫുൾടൈം വിസിൽ മുഴങ്ങിയതിന് തൊട്ടുപിന്നാലെ അർജന്റീന താരം ലിയാൻഡ്രോ പരേഡസ് സ്പാനിഷ് താരം എറിക് ഗാർസ്യയുടെ കഴുത്തിൽ കുത്തിപ്പിടിച്ചതാണ് സംഘർഷത്തിന് തുടക്കമിട്ടത്. ഇതുകണ്ട് കളിക്കാതെ ബെഞ്ചിലിരുന്ന ഗാവി പരേഡസിന് നേർക്ക് പാഞ്ഞടുത്തതോടെ രംഗം വൻ തമ്മിൽതല്ലിലേക്ക് നീങ്ങി. തിയാഗോ അൽമേഡയും സംഭവത്തിനിടയിലേക്ക് കടന്നുവന്നു. ഒടുവിൽ അർജന്റീന പരിശീലകൻ ലയണൽ സ്കലോണി ഇടപെട്ടാണ് താരങ്ങളെ ശാന്തരാക്കി പിടിച്ചുമാറ്റിയത്. മത്സരത്തിലുടനീളം സ്പാനിഷ് താരങ്ങളെ അർജന്റീന കളിക്കാർ തള്ളിയിടുന്നതും വീഴ്ത്തുന്നതും കാണാമായിരുന്നു.
നേരത്തെ ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ശേഷവും അർജന്റീന താരങ്ങൾ സമാനമായ രീതിയിൽ കൈയേറ്റത്തിന് മുതിർന്നിരുന്നു. അന്ന് ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിങ്ഹാമും അർജന്റീനയുടെ വാലന്റൈൻ ബാർകോയും തമ്മിൽ കോർത്തിരുന്നു. ഇന്നത്തെ മത്സരത്തിനിടെ എൻസോ ഫെർണാണ്ടസ് രണ്ടാമത്തെ മഞ്ഞക്കാർഡും വാങ്ങി ചുവപ്പ് കാർഡിൽ പുറത്തായത് അർജന്റീനയ്ക്ക് കനത്ത തിരിച്ചടിയായി. തുടർന്ന് പത്തുപേരുമായാണ് അർജന്റീന മത്സരം പൂർത്തിയാക്കിയത്.
മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ രണ്ട് മണിക്കൂറിലേറെ സമയം സ്പാനിഷ് താരങ്ങളുടെ പൂർണ്ണ നിയന്ത്രണത്തിലായിരുന്നു പന്ത്. പെരുമ്പാമ്പ് ഇരയെ വരിഞ്ഞുമുറുക്കുന്നത് പോലെ സ്പെയിൻ പിടിമുറുക്കിയതോടെ അർജന്റീന പൂർണ്ണമായി പതറി. ഇതോടെ തുടക്കത്തിൽ തന്നെ സ്കലോണി തന്ത്രങ്ങൾ മാറ്റിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന്റെ തകർപ്പൻ സേവുകൾ ഉണ്ടായിരുന്നില്ലെങ്കിൽ നാലിലേറെ ഗോളുകൾ അർജന്റീനയുടെ വലയിൽ എത്തുമായിരുന്നു. മറുഭാഗത്ത് തിരിച്ചൊരു ഗോൾ പോലും ലക്ഷ്യത്തിലെത്തിക്കാൻ അർജന്റീനയ്ക്ക് കഴിഞ്ഞതുമില്ല. ടൂർണമെന്റിലുടനീളം പുറത്തെടുത്ത മികച്ച ഫോം ഫൈനലിലും സ്പെയിൻ തുടരുകയായിരുന്നു. എതിരാളികളെ പന്ത് തൊടാൻ പോലും അനുവദിക്കാത്ത പ്രകടനത്തോടെ, തലമുറകൾക്ക് വാഴ്ത്തിപ്പാടാൻ പോന്ന പുതിയ ചരിത്രം കുറിച്ച സ്പെയിൻ 2010-ന് ശേഷം വീണ്ടും ലോക ചാമ്പ്യന്മാരായി.