23/07/2026
[fontresizer_tawhidurrahmandear_widget]

‘ഓപറേഷൻ താമര’ക്ക് മൂക്കുകയറിടാൻ സുപ്രീം കോടതിയിൽ നിയമയുദ്ധവുമായി കപിൽ സിബൽ | Kapil Sibal against political defections

 ‘ഓപറേഷൻ താമര’ക്ക് മൂക്കുകയറിടാൻ സുപ്രീം കോടതിയിൽ നിയമയുദ്ധവുമായി കപിൽ സിബൽ | Kapil Sibal against political defections

ന്യൂഡൽഹി: എംപിമാരെയും എംഎൽഎമാരെയും മറുകണ്ടം ചാടിച്ച് പാർട്ടി പിളർത്തുന്ന ‘ഓപറേഷൻ താമര’ നീക്കങ്ങൾക്കെതിരെ വമ്പൻ നീക്കവുമായി മുതിർന്ന അഭിഭാഷകനും രാജ്യസഭാ എം.പിയുമായ കപിൽ സിബൽ(Kapil Sibal against political defections). രാഷ്ട്രീയ പാർട്ടികളുടെ ലയനമെന്ന സാങ്കേതിക മറപിടിച്ച് ജനപ്രതിനിധികൾ കൂറുമാറുന്നതും പാർലമെന്റിന്റെയും നിയമസഭകളുടെയും ഘടന മാറ്റിയെഴുതുന്നതും തടയണമെന്ന് ആവശ്യപ്പെട്ട് സിബൽ സുപ്രീം കോടതിയെ സമീപിച്ചു. ഭരണഘടനയുടെ പത്താം പട്ടികയിലെ കൂറുമാറ്റ നിരോധന നിയമത്തെ നിലവിലെ ലയന വ്യവസ്ഥകൾ പൂർണമായും ദുർബലപ്പെടുത്തുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം റിട്ട് ഹരജി സമർപ്പിച്ചത്.

ആം ആദ്മി പാർട്ടി, തൃണമൂൽ കോൺഗ്രസ്, ശിവസേന(ഉദ്ദവ് പക്ഷം) തുടങ്ങിയ പ്രതിപക്ഷ പാർട്ടികളിൽനിന്ന് അടുത്തിടെ ജനപ്രതിനിധികൾ കൂട്ടത്തോടെ ബിജെപിയിലേക്കും എൻഡിഎ പക്ഷത്തേക്കും ചേക്കേറിയിരുന്നു. മണ്ഡല പുനർനിർണയം ഉൾപ്പെടെയുള്ള സുപ്രധാന നിയമനിർമാണങ്ങൾക്കു മുന്നോടിയായി ബിജെപി നടത്തുന്ന ഓപറേഷന്റെ ഭാഗമാണ് ഈ കൂറുമാറ്റങ്ങളെന്ന് വിമർശനം ഉയരുന്നതിനിടെയാണ് കപിൽ സിബലിന്റെ നിയമപോരാട്ടം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിൽ വിഷയം അടിയന്തരമായി ഉന്നയിച്ച സിബൽ, ഈ പ്രവണത തുടർന്നാൽ ഭരണഘടനയുടെ പത്താം പട്ടിക കേവലം അർത്ഥശൂന്യമായ ഒരു രേഖയായി മാറുമെന്ന് മുന്നറിയിപ്പ് നൽകി. ഹരജി അടിയന്തരമായി വാദം കേൾക്കാൻ ലിസ്റ്റ് ചെയ്യാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടുണ്ട്.

‘എന്താണ് ഈ രാജ്യത്ത് സംഭവിക്കുന്നത്?’: കപിൽ സിബലിന്റെ ചോദ്യങ്ങൾ | Kapil Sibal against political defections

സ്വന്തമായി വാദിയായി ഹരജി നൽകിയ കപിൽ സിബൽ, രാജ്യത്ത് സമീപകാലത്തായി നടക്കുന്ന രാഷ്ട്രീയ കൂറുമാറ്റങ്ങളെയും പാർലമെന്ററി അട്ടിമറികളെയും വിചാരണ വേളയിൽ കടുത്ത ഭാഷയിലാണ് വിമർശിച്ചത്.

‘നമ്മുടെ രാജ്യത്ത് ഇപ്പോൾ സംഭവിക്കുന്നത് എന്താണ്? പ്രതിപക്ഷ പാർട്ടികളിലെ ജനപ്രതിനിധികൾ ലയനമെന്ന വ്യാജേന മറ്റൊരു പാർട്ടിയിലേക്ക് ചേക്കേറി പാർലമെന്റിന്റെ തന്നെ ഘടന മാറ്റിയെഴുതുകയാണ്. പത്താം പട്ടികയിലെ നാലാം ഖണ്ഡിക ഇതിനായി പരസ്യമായി ദുരുപയോഗം ചെയ്യപ്പെടുന്നു. ഈ രീതി തുടരുകയാണെങ്കിൽ ഭരണഘടനയിലെ 52-ാം ഭേദഗതിയിലൂടെ കൊണ്ടുവന്ന കൂറുമാറ്റ നിരോധന നിയമത്തിന്റെ ലക്ഷ്യം തന്നെ തകരും. അയോഗ്യതയിൽനിന്നു രക്ഷപ്പെടാൻ വിമത ഗ്രൂപ്പുകൾ കണ്ടെത്തുന്ന ഈ ‘നിയമപരമായ എളുപ്പവഴി’ ഉടൻ അടയ്ക്കണം”, അദ്ദേഹം ആവശ്യപ്പെട്ടു.

ലയന നിയമത്തിലെ ‘ലൂപ്പ് ഹോള്‍’ | Kapil Sibal against political defections

1985-ൽ രാജീവ് ഗാന്ധി സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന 52-ാം ഭരണഘടനാ ഭേദഗതി പ്രകാരമാണ് കൂറുമാറ്റ നിരോധന നിയമം പത്താം പട്ടികയായി ഉൾപ്പെടുത്തിയത്. പിന്നീട് 2004-ൽ 91-ാം ഭേദഗതിയിലൂടെ ഇത് കൂടുതൽ ശക്തമാക്കി.

നിലവിലെ നിയമപ്രകാരം, ഒരു രാഷ്ട്രീയ പാർട്ടിയിലെ ജനപ്രതിനിധികളിൽ മൂന്നിൽ രണ്ട് ഭാഗം അംഗങ്ങൾ മറ്റൊരു രാഷ്ട്രീയ പാർട്ടിയിൽ ലയിക്കാൻ തീരുമാനിച്ചാൽ അവർക്ക് അയോഗ്യത ബാധകമല്ല. എന്നാൽ, മാതൃ പാർട്ടി തങ്ങളുടെ പൂർണ സംഘടനയെ മറ്റൊരു പാർട്ടിയിൽ ലയിപ്പിക്കാതെ തന്നെ, വിജയിച്ചുവന്ന എം.പിമാരോ എം.എൽ.എമാരോ മാത്രം പ്രത്യേക സംഘമായി മാറി മറ്റൊരു പാർട്ടിയിൽ ലയിച്ചതായി പ്രഖ്യാപിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഇതിലൂടെ അയോഗ്യതാ നടപടികളിൽനിന്ന് അവർ തന്ത്രപരമായി രക്ഷപ്പെടുകയും ചെയ്യുന്നു.

നിയമസഭാ കക്ഷിയുടെ അല്ലെങ്കിൽ പാർലമെന്ററി പാർട്ടിയുടെ മൂന്നിൽ രണ്ട് ഭാഗം അംഗങ്ങൾ മാത്രം വിചാരിച്ചാൽ ഒരു ലയനം സാധ്യമാകില്ലെന്നും, യഥാർത്ഥ മാതൃ രാഷ്ട്രീയ പാർട്ടി ഔദ്യോഗികമായി ലയിച്ചാൽ മാത്രമേ ഈ ആനുകൂല്യം ലഭിക്കാവൂ എന്നുമാണ് കപിൽ സിബൽ തന്റെ ഹരജിയിൽ പ്രധാനമായും വാദിക്കുന്നത്.

വൻ കൂറുമാറ്റങ്ങളുടെ പശ്ചാത്തലം | Kapil Sibal against political defections

ആം ആദ്മി പാർട്ടി, തൃണമൂൽ കോൺഗ്രസ്, ശിവസേന(ഉദ്ദവ് പക്ഷം) തുടങ്ങിയ പ്രതിപക്ഷ പാർട്ടികളിൽനിന്ന് അടുത്തിടെ നിരവധി എം.പിമാരും എം.എൽ.എമാരും ഭരണകക്ഷിയായ ബി.ജെ.പിയിലേക്കും മറ്റ് ഘടകകക്ഷികളിലേക്കും ലയനത്തിന്റെ പേരിൽ കൂറുമാറിയിരുന്നു. രാഘവ് ഛദ്ദയുടെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടിയാണ് അടുത്തിടെ ബിജെപിയിലേക്കുള്ള കൂറുമാറ്റ നീക്കങ്ങൾക്കു തുടക്കമിട്ടത്. പിന്നാലെ തൃണമൂൽ കോൺഗ്രസിൽനിന്ന് വൻ കൊഴിഞ്ഞുപോക്കുണ്ടായി. വലിയൊരു ശതമാനം തൃണമൂൽ എംഎൽഎമാർ റിതബ്രത ബാനർജിയുടെ നേതൃത്വത്തിൽ വിമതരായി മറ്റൊരു പക്ഷത്ത് നിലയുറപ്പിച്ചപ്പോൾ, നിരവധി എംപിമാർ സംസ്ഥാന പാർട്ടി പദവി പോലുമില്ലാത്ത എൻസിപിഐ എന്നൊരു അസം സംഘടനയിലേക്കും ചേക്കേറി.

ഇതിനു പിന്നാലെയാണ് ശിവസേന ഉദ്ദവ് പക്ഷത്തും പുതിയ രഹസ്യനീക്കങ്ങൾ നടന്നത്. ആറ് ലോക്സഭാ എം.പിമാർ തങ്ങളെ ഏക്‌നാഥ് ഷിൻഡെ വിഭാഗത്തിൽ ലയിപ്പിച്ചതായി കാണിച്ച് നൽകിയ കത്തിന് ലോക്സഭാ സ്പീക്കർ അംഗീകാരം നൽകിയിട്ടുണ്ട്. ഇതിനെതിരെ സമർപ്പിക്കപ്പെട്ട ഹരജിയും നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. ഇതിന് പിന്നാലെയാണ് കൂറുമാറ്റ നിരോധന നിയമത്തിലെ ലയന വ്യവസ്ഥകളെ സമഗ്രമായി ചോദ്യം ചെയ്തുകൊണ്ട് കപിൽ സിബൽ പുതിയ ഹരജിയുമായി സുപ്രീം കോടതിയിലെത്തിയത്.

ജനങ്ങളുടെ വോട്ട് നേടി വിജയിച്ച ശേഷം, വോട്ടർമാരോടും സ്വന്തം പാർട്ടിയോടും വഞ്ചന കാട്ടി മറ്റൊരു ഭരണപക്ഷ രാഷ്ട്രീയ പ്ലാറ്റ്ഫോമിലേക്ക് മാറാൻ ‘ലയനം’ ഒരു ആയുധമാക്കുന്നത് ജനാധിപത്യപരമായ തത്ത്വങ്ങൾക്ക് നിരക്കുന്നതല്ലെന്നാണ് സിബലിന്റെ പ്രധാന വാദം. കേസ് വരും ദിവസങ്ങളിൽ സുപ്രീം കോടതി കൂടുതൽ വിപുലമായി പരിഗണിക്കും.

Also read: